പാലക്കാട്: കേരളത്തിൽ ഉത്സവം പോലെ കൊണ്ടാടുന്ന ഒന്നണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു. സാധാരണക്കാരിൽ സാധാരണക്കാരായവർ നേരിട്ട് ഇടപെടുകയും മത്സരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ്. നമുക്ക് ചുറ്റും നോക്കിയാൽ മത്സര രംഗത്തുള്ളവരിൽ അത്യപൂർവ്വ കഥകൾ പേരുന്ന നിരവധി പേരുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് വിവാഹം കഴിച്ചെത്തി മലയാളിയായി തന്നെ മത്സരിക്കുന്നവരുണ്ട്. കൊങ്ങിണി, ഗുജറാത്തി സമൂഹങ്ങൾക്കിടയിൽ നിന്നും അടക്കം സ്ഥാനാർത്ഥികളുണ്ട്. ഇങ്ങനെ വ്യത്യസ്തമായ കഥകൾ പേറുന്ന മത്സരാർത്ഥികൾക്കിടയിൽ തീർത്തും വ്യത്യസ്തയായ ഒരു വനിതാ സ്ഥാനാർത്ഥിയുണ്ട്.

പാലക്ക് ജില്ലയിലെ കൊല്ലങ്കോടു ബ്ലോക്ക് പഞ്ചായത്തിലേക്ക് പട്ടതലച്ചി ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജ്യോതിയാണ് ഈ ശ്രദ്ധാകേന്ദ്രം. ഛത്തീസ്‌ഗഡ് സ്വദേശിനിയായ ജ്യോതി മലയാളത്തിന്റെ മരുമകളായിട്ട് ഒമ്പത് വർഷമാകുന്നു. മലയാളി ജവാന്റെ ഭാര്യയായി കേരളത്തിൽ എത്തിയ ജ്യോതിയുടെ ജീവിതം അതിർവരമ്പുകൾ ഇല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അപൂർവ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്.

ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ജ്യോതി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അതേ ആൾ തന്റെ ജീവിതത്തിലേക്കു കൈപിടിച്ചു കേറി വരുമെന്ന്. അത് അങ്ങ് ഛത്തീസ്‌ഗഡിൽ നിന്നും ഇങ്ങ് തെക്കൻ കേരളത്തിൽ പാലക്കാട് കൊല്ലങ്കോട് മലയാളത്തിന്റെ മരുമകളായാണ് ഇന്ന് ജ്യോതി. സിനിമക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ജ്യോതിയുടേത്.

സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുർഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനിയായ ജ്യോതി ഹോസ്റ്റലിൽ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസിൽ യാത്ര തിരിച്ചതു. അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്. ഛത്തീസ്‌ഗഡിലെ തന്നെ മറ്റൊരു ക്യാമ്പിലായിരുന്ന സഹോദരൻ വിശാലിനെ സന്ദർശിച്ചു ദണ്ഡേവാഡ ജില്ലയിലെ ബെലാഡിയിലെ സ്വന്തം ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്നു അദ്ദേഹം.

ബസിന്റെ വിൻഡോ സീറ്റിന്റെ ജനൽപാളിയിൽ തലചായ്ച്ചു നല്ല ഉറക്കത്തിലായിരുന്നു വികാസ്. വളരെ പെട്ടെന്നാണ് എതിർവശത്തു നിന്നു വന്ന ട്രാക്ടർ നിയന്ത്രണം വിട്ടു ബസിന് നേർക്കു വരുന്നതു യാത്രക്കാർ കാണുന്നതു ഉറങ്ങുകയായിരുന്ന വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു ചരിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. മരണം മീറ്ററുകൾക്കപ്പുറം എത്തിനില്ക്കുകയായിരുന്നു വികാസിനു. പക്ഷെ ദൈവത്തിന്റെ ആ കൈ വികാസിനെ മരണത്തിനു വിട്ടു കൊടുത്തില്ല.

വികാസിനു തൊട്ടു പിറകിൽ ഇരുന്ന ജ്യോതിയുടെ ആയിരുന്നു ആ കൈകൾ. മറ്റു യാത്രക്കാരെല്ലാം പ്രാണരക്ഷാർത്ഥം ഓടി മാറിയപ്പോൾ ഉറക്കത്തിലായിരുന്ന വികാസിനു സംഭവിക്കാവുന്ന അപകടം മനസിലാക്കിയ ജ്യോതി തന്റെ വലതു കൈ ഉപയോഗിച്ചു വികാസിന്റെ തല പിടിച്ചു മാറ്റുകയായിരുന്നു. ഞെട്ടിയുണർന്ന വികാസ് കാണുന്നതു കൈപ്പത്തിയറ്റു ചോരയിൽ കുളിച്ചു കിടക്കുന്ന ജ്യോതിയെയാണ്. അപകടം ഉണ്ടായി എന്നു അല്ലാതെ മറ്റൊന്നും വികാസിനു മനസിലായിരുന്നില്ല.

യാത്രക്കാരൊക്കെ ഡ്രൈവറെ കുറ്റപ്പെടുത്തുന്നതു അല്ലാതെ സഹായിക്കാൻ മുതിർന്നില്ല. തന്നെ രക്ഷിക്കാൻ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതു എന്നു കുറച്ചു വൈകിയാണ് വികാസ് മനസിലാക്കിയതു. തന്റെ ജീവൻ രക്ഷിച്ച പെൺക്കുട്ടിക്കു അതുമൂലം കൈനഷ്ടമായെന്നു അറിഞ്ഞതോടെ അവരെ ഇങ്ങനെയും രക്ഷിക്കണം എന്നു വികാസ് മനസിൽ ഉറപ്പിച്ചു. സമീപത്തെ ആശുപത്രിയിൽ വിദഗ്ദ ചികിത്സ ഇല്ലാത്തതിനാൽ മുറിഞ്ഞു പോയ കൈപ്പത്തിയുമായി ബിലാസ്പൂറിലെ അപ്പോളോ ആശുപത്രിയിലും പിന്നീടു റായ്പൂരിലെ രാമകൃഷ്ണാ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും നിരാസയായിരുന്നു ഫലം. തുന്നി ചേർക്കാനാകത്ത വിധം കൈപ്പത്തി വേർപ്പൈട്ടുവെനന്നും ഡോക്ടർമാർ അറിയിച്ചു.

വിവരം അറിഞ്ഞു ആശുപത്രിയിൽ എത്തിയ സഹോദരൻ വിശാൽ തന്റെ കൈപ്പത്തി വരെ ജ്യോതിക്കു നൽകാൻ ഒരുക്കമായിട്ടും അതും നടക്കില്ല എന്നു ഡോക്ടർമാർ അറിയിച്ചു. അങ്ങനെ ചെയുന്നതു പഴുപ്പു ഉണ്ടാകുന്നതു അല്ലാതെ ഗുണം ചെയ്യില്ലെന്നും പറഞ്ഞതോടെ വികാസ് ആകെ തകർന്നു.ഇതിനിടയിലെ ജ്യോതിയുടെ വീട്ടുകാരുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. പരിചയമില്ലാത്ത ഒരാൾക്കു വേണ്ടി സ്വന്തം കൈപ്പത്തി കളഞ്ഞ ജ്യോതിയെ അവർ കുറ്റപ്പെടുത്തി ചികിത്സയുടെ അവസാന നാളുകളിൽ മാത്രമാണ് അവർ ആശുപത്രിയിൽ തന്നെ എത്തിയതു. എന്റെ വലതുകൈയെക്കാൾ വലുതല്ലെ ഒരു ജീവൻ എന്നു പറഞ്ഞ ജ്യോതിയുടെ മറുപടി വികാസിനെ ജ്യോതിയെ തന്റെ ജീവിതത്തിൽ ഒപ്പം കൂട്ടുക എന്ന തീരുമാനത്തിൽ എത്തിച്ചു.

സിംമ്പതി കാരണം വികാസ് പറയുന്നതാണ് എന്നു കരുതി ആദ്യം വിവാഹത്തിനു എതിർത്ത ജ്യോതി ഒടുവിൽ വികാസിന്റെ ഇഷടത്തിനു വഴങ്ങുകയായിരുന്നു.തന്റെ ജീവൻ രക്ഷിക്കാൻ കൈപ്പത്തി കളഞ്ഞവളെ കൈപിടിച്ചു സ്വന്തം ജീവിതത്തോടു ചേർക്കുകയായിരുന്നു വികാസ്. 2011 ഏപ്രിൽ 13 ന് കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതരായി. ഇപ്പാൾ കോയമ്പത്തൂരിൽ ആണ് വികാസിനു ജോലി. എട്ടും നാലും വയസുള്ള രണ്ടു മക്കമുണ്ട് ഇവർക്ക്. തിരഞ്ഞെടുപ്പു പ്രചരണത്തിനും പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയാണ് വികാസും കുടുംബവും ജ്യോതിക്കു നൽക്കുന്നതു. ഇവിടെ തികഞ്ഞ വിജയപ്രതീക്ഷയോട് കൂടിയാണ് ഈ ഛത്തീസ്‌ഗഡുകാരി മത്സര രംഗത്തുള്ളത്.