തിരുവനന്തപുരം: നിലനിൽപ്പിനെ കുറിച്ചുയർന്ന സംശയങ്ങളൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് കേരള കോൺഗ്രസ് (എം) ഭരണകക്ഷിയുടെ ഭാഗമായി വീണ്ടും അധികാരത്തിലേയ്ക്ക് എത്തിയിരിക്കുന്നു. കേരളാ കോൺഗ്രസ് പിളർന്നപ്പോൾ ജോസിനൊപ്പം നിലകൊണ്ട വിശ്വസ്തൻ റോഷി അഗസ്റ്റിൻ മന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തിരിക്കുന്നു. പാലായിൽ നിന്നും ഇടുക്കിയിലെത്തി മലയോര വാസികളുടെ പ്രിയങ്കരനായ റോഷിയുടെ രാഷ്ട്രീയ ജീവിതം തുടരുകയാണ്.

മൽസരരംഗത്തേയ്ക്ക്

കെ.എസ്.സി പ്രസിഡന്റായിരുന്ന റോഷി അഗസ്റ്റിൻ ആദ്യമായി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് 1996 ൽ പേരാമ്പ്രയിലാണ്. എന്നാൽ പരാജയമായിരുന്നു ഫലം. 2001 ൽ റോഷിയെ ഇടുക്കിയിൽ നിർത്താൻ കെഎം മാണി തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം നേരിടേണ്ടി വന്ന എതിർപ്പ് 96 ൽ ഇടുക്കിയിൽ മൽസരിച്ച ജോയ് വെട്ടിക്കുഴിയിൽ നിന്നായിരുന്നു. എന്നാൽ ജോയ് വെട്ടിക്കുഴിയെ കുറ്റം പറയാനാകില്ല എന്ന നിലപാടാണ് റോഷി അഗസ്റ്റിനുള്ളത്. 96 ൽ പരാജയപ്പെട്ട അദ്ദേഹത്തിന് ഒരിക്കൽ കൂടി അവിടെ മൽസരിക്കാൻ താൽപര്യമുണ്ടാകാം എന്നാണ് റോഷിയുടെ വാദം. 2001 ൽ ഇടുക്കിയുടെ എംഎൽഎ ആയി വന്ന റോഷിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു വോട്ടെണ്ണലിലും ഒരു ഘട്ടത്തിൽ പോലും കഴിഞ്ഞ 20 വർഷത്തിനിടെ റോഷി പിന്നിൽ പോയിട്ടില്ല. '' ജനം കൈവിട്ടാലല്ലെ ഞാൻ തോൽക്കു, അവർ എന്നും എനിക്കൊപ്പമുണ്ട്' എന്നാണ് റോഷിയുടെ മറുപടി.

രണ്ട് പതിറ്റാണ്ട് കാലം മറ്റൊരു ചുമതലകളുമില്ലാതെ എംഎൽഎ മാത്രമായിരുന്നതിൽ നിരാശയില്ലേ എന്ന ചോദ്യത്തിന് ജോലി നന്നായി ചെയ്യാൻ കഴിയുന്നതിൽ സംതൃപ്തി മാത്രമെ ഉള്ളു എന്നായിരുന്നു റോഷിയുടെ ഉത്തരം. കൂടുതൽ തിരക്കുള്ളപ്പോഴാണ് കെഎം മാണി കൂടുതൽ സജീവമാകുന്നത്. ഒഴിവുള്ളപ്പോൾ അദ്ദേഹത്തെ കാണാൻ ചെന്നാൽ എന്താ ആരും വരാത്തത്, വിളിക്കാത്തത് എന്ന ആശങ്കയിലായിരിക്കും അദ്ദേഹം. ആ സ്വാധീനമാണ് തന്നിലുള്ളതെന്ന് റോഷി പറയുന്നു. കൂടുതൽ തിരക്കുള്ളപ്പോഴാണ് തനിക്ക് കൂടുതൽ സംതൃപ്തി ഉണ്ടാകുന്നതും കൂടുതൽ നന്നായി ജോലി ചെയ്യാൻ പറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസിയായ മന്ത്രി

കടുത്ത വിശ്വാസിയാണ് റോഷി അഗസ്റ്റിൻ. കഴിഞ്ഞ 35 വർഷമായി എല്ലാ പെസഹവ്യാഴ ദിവസവും മുടങ്ങാതെ 70 കി.മി കാൽനടയായി മലയാറ്റൂർ പള്ളിയിൽ പോകുന്ന വിശ്വാസി. അതിനദ്ദേഹം ഒരു കഥയും പറയുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ പെസഹവ്യാഴ ദിനം. അതിന് തലേന്ന് പ്രചരണാർത്ഥം മലയും കുന്നും കയറി അദ്ദേഹത്തിന്റെ കാലിൽ നിരു വന്നിട്ടുണ്ട്. സാധാരണഗതിയിൽ അങ്ങനെ വരേണ്ടതല്ല. പിറ്റേന്ന് മലയാറ്റൂരിൽ പോകേണ്ടതാണ്. പലരും നിരുൽസാഹപ്പെടുത്തി. തെരെഞ്ഞെടുപ്പ് ആയതിനാൽ തിരികെ എത്താൻ വൈകിയാണ് പ്രചരണത്തെ ബാധിക്കുമെന്ന് പറഞ്ഞു. എന്നിട്ടും റോഷി മലയാറ്റൂരിലേയ്ക്ക് നടന്നു പോയി. മലയാറ്റൂർ മല കയറി തിരിച്ചിറങ്ങിയപ്പോഴാണ് കൂടെയുള്ളവർ ശ്രദ്ധിച്ചത് കാലിലെ നീര് കാണുന്നില്ല. ഈ അനുഭവത്തിനപ്പുറം മറ്റെന്ത് വേണമെന്നാണ് റോഷി ചോദിക്കുന്നത്. ദൈവം അത്ഭുതം പ്രവർത്തിച്ചതോടെ ഈ തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന് ഉറപ്പായതായും അദ്ദേഹം പറയുന്നു.

വിശ്വാസികളെ സംരക്ഷിക്കുന്ന സർക്കാരാണ് ഇത്. തന്റെ വിശ്വാസങ്ങൾ മുറുകെ പിടിച്ചുകൊണ്ടുതന്നെ എല്ലാ വിശ്വാസങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്നും റോഷി വാഗ്ദാനം ചെയ്യുന്നു

സമ്പാദ്യങ്ങളൊന്നുമില്ല, കടം മാത്രം

രാഷ്ട്രീയക്കാരൊക്കെ കോടികൾ സമ്പാദിക്കുന്നു എന്നത് ആളുകളുടെ തെറ്റിദ്ധാരണ മാത്രമാണെന്നാണ് റോഷി പറയുന്നത്. തനിക്ക് രാഷ്ട്രീയത്തിൽ നിന്നും സമ്പാദ്യങ്ങളൊന്നുമില്ല. അനിയന്റെ സ്ഥലം ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ പണയം വച്ച് ഏഴ് വർഷം മുമ്പ് ലോണെടുത്തിരുന്നു. അത് ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലിറങ്ങിയാൽ സമ്പന്നരാകാം എന്നതൊക്കെ വെറും കഥകളാണ്. അത്തരം പ്രലോഭനങ്ങളുണ്ടായാൽ പോലും അതിൽ നിന്നൊക്കെ അകറ്റി നിർത്തണമേ എന്നാണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിലാണ് കുടുംബം താമസിക്കുന്നത്. എംഎൽഎ ഹോസ്റ്റലിൽ താൻ താമസിച്ചിരുന്ന രണ്ട് മുറികളും മാണി സാറിന്റെ പഴയ മുറികളായിരുന്നുവെന്നും റോഷി പറയുന്നു.

റോഷി എന്ന മന്ത്രി

നിലവിലുള്ള ഒരു സംവിധാനത്തെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് കാര്യക്ഷമമായി കൊണ്ടുപോകുക എന്നതാണ് മന്ത്രി എന്ന നിലയിൽ തന്റെ ദൗത്യമെന്ന് റോഷി പറയുന്നു. അതിലേയ്ക്ക് നമ്മുടെ ഭാവന കൂടി വിനിയോഗിച്ച് പദ്ധതികൾ രൂപീകരിക്കാം. വൻകിട പദ്ധതികളല്ല, ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന സാധാരണക്കാർക്ക് വേണ്ടിയുള്ള പദ്ധതികളാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു. മന്ത്രിയെന്ന നിലയിൽ കേരളത്തോടും ഇടുക്കിയിലെ ജനങ്ങളോടും നീതി പുലർത്തുമെന്നും അദ്ദേഹം പറയുന്നു.

തുടർഭരണം എന്തുകൊണ്ട്?

എല്ലാ സർക്കാരുകളുടെയും അവസാനഘട്ടത്തിൽ സാധാരണക്കാർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാതെ വരും. എന്നാൽ ഇത്തവണ ആ പരിരക്ഷ എല്ലാവർക്കും നൽകാൻ കഴിഞ്ഞു. പട്ടിണിക്ക് പാർട്ടിയില്ല. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും കാലങ്ങളിൽ പോലും ഒരു കുടുംബവും പട്ടിണി കിടന്നില്ല. അത് സമൂഹത്തിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടതുകൊണ്ടാണ് തുടർഭരണം സംഭവിച്ചതെന്നാണ് റോഷിയുടെ അഭിപ്രായം.

മുന്നണി വിട്ടത് കരുത്തായോ?

തങ്ങളെ വേണ്ടെന്ന് കോൺഗ്രസ് തന്നെ പറഞ്ഞതിനാലാണ് മുന്നണി വിടേണ്ടി വന്നതെന്നാണ് റോഷി പറയുന്നത്. മാണി വിഭാഗം ഇന്നൊരു കേഡർ കക്ഷിയാണ്. കുറ്റ്യാടി ഒഴിയാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടപ്പോൾ തന്നെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് ഇഖ്ബാൽ ഒരു എതിർപ്പും കൂടാതെ അംഗീകരിച്ചത് തന്നെ ആ കേഡർ സ്വഭാവത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ പാർട്ടിയുടെ ഭാവി ശോഭനമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.