കണ്ണുർ: കണ്ണുരിൽ തെരുവ് കച്ചവടക്കാരും കോർപറേഷനും തമ്മിലുള്ള തർക്കം രാഷ്ട്രീയ പോരിലേക്ക്. അവസരം മുതലെടുത്തു കൊണ്ടു സിഐ.ടി.യു നേതാക്കൾ കളമറിഞ്ഞു കളിച്ചതോടെ കണ്ണുർ കോർപറേഷൻ ഭരിക്കുന്ന കോൺഗ്രസിനും ഐ.എൻ.ടി.യു.സിക്കും കനത്ത നഷ്ടം.  കണ്ണൂർ കോർപറേഷൻ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് കണ്ണുർ പ്രസ് ക്‌ളബ്ജങ്ഷനിലെ 61 കച്ചവടക്കാരാണ് സിഐ.ടി.യുവിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ 20 വർഷമായി സജീവമായി പ്രവർത്തിക്കുന്ന ഐ.എൻ.ടി.യു.സി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെയുള്ളവരാണ് സിഐ.ടി.യുവിൽ ചേർന്നത്. കണ്ണുർ പ്രസ് ക്‌ളബ്ബ് ജങ്ഷൻ റോഡരികിൽ നടന്ന ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തെരുവ് കച്ചവടക്കാരുടെ പ്രതിനിധിയായ ഫൈസലിനെ രക്ത ഹാരമണിയിച്ചു സി. ഐ. ടി. യുവിലേക്ക് സ്വാഗതം ചെയ്തു.

ഇന്ത്യയിൽ തെരുവ് കച്ചവടക്കാരെ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കാറുണ്ടെങ്കിലും കണ്ണൂർ നഗരത്തിൽ നടന്നത് അതെല്ലെന്നും ജയരാജൻ പറഞ്ഞു. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്നതിനോട് വ്യാപാരികളും ജനങ്ങളും സഹകരിക്കാറുണ്ട്. എന്നാൽ അതിനല്ലാതെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കാനാണ് കോർപറേഷൻ ശ്രമിച്ചത്. തെരുവ് കച്ചവടക്കാർക്ക് മറ്റു സംവിധാനമൊരുക്കാതെ കുടിയൊഴിപ്പിക്കുന്നതിനാണ് തൊഴിലാളികൾ എതിർക്കുന്നത്.

ഒരു കൗൺസിലറുടെ നേതൃത്വത്തിൽ വാഹനങ്ങളും മറ്റാ സന്നാഹങ്ങളുമായി വന്നു ബലപ്രയോഗത്തിലുടെ ഒഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കോർപറേഷൻ മേയർ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു പ്രശ്‌ന പരിഹാരമുണ്ടാക്കാൻ തൊഴിലാളികളെയും സിഐ.ടി.യുവിനെയും വിളിച്ചു വരുത്തി ചർച്ച നടത്താൻ തയ്യാറായില്ലെന്നും ജയരാജൻ പറഞ്ഞു.

നഗരസഭയായ കാലം മുതലെവഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സിഐ.ടി.യുവിൽ ചേർന്ന തൊഴിലാളികളുടെ പ്രതിനിധി ഫൈസൽ പറഞ്ഞു. പലവട്ടം മേയറെ കണ്ടു ചർച്ച നടത്താൻ പോയതാണ്. എന്നാൽ ഞങ്ങളെ കാണാൻ പോലും തയ്യാറായില്ല. ഞങ്ങൾ മാറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. പകരം മൂന്ന് സ്ഥലങ്ങളിലെ തെങ്കിലും ഒന്നിൽ സൗകര്യമേർപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതംഗീകരിക്കാതെ ബലം പ്രയോഗിച്ചു ഒഴിപ്പിക്കാനാണ് ശ്രമിച്ചത്.

ഈ വിഷയം ഐ.എൻ.ടി.യു.സി നേതൃത്വത്തോട് അറിയിച്ചിരുന്നുവെങ്കിലും വേണ്ട ഇടപെടൽ ഇല്ലാത്തതിനാലാണ് സിഐ.ടി.യുവിൽ ചേരാൻ തീരുമാനിച്ചതെന്നും ഫൈസൽ പറഞ്ഞു.സി ഐ .ടി .യു ജില്ലാ ജനറൽ സെക്രട്ടറി അരക്കൻ ബാലൻ,.കെ. മനോഹരൻ തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.