ലണ്ടൻ: മസ്‌കുലാർ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച കുട്ടിയുടെ ചികിത്സ ചെലവിനായി വെറും ഏഴു ദിവസം കൊണ്ട് ലോകമൊട്ടാകെയുള്ള മലയാളികൾ 18 കോടി രൂപ സംഭാവന നൽകിയത് അത്ഭുതത്തോടെയാണ് ലോകം കേട്ടിരുന്നത്. ഇത് സത്യമോ എന്ന ചിന്തയിൽ വാ പൊളിച്ചിരുന്നാണ് പലരും വാർത്ത സത്യമെന്നു വിശ്വസിച്ചത് തന്നെ. എംഎൽഎ അടക്കമുള്ളവർ ഫണ്ട് ശേഖരണത്തിന് മുന്നിൽ വന്നതോടെ സിനിമ റിലീസ് ചെയ്യാൻ ഒടി ടി പ്ലാറ്റുഫോമുകൾ എന്നത് പോലെ ക്രൗഡ് ഫണ്ടിങ് കൂടി മലയാളികൾക്ക് പരിചിതമായ വാക്കായി മാറുകയാണ്. കഴിഞ്ഞ ഏതാനും വർഷമായി ചികിത്സ മുതൽ പഠനം വരെയുള്ള കാര്യങ്ങൾക്കാണ് ക്രൗഡ് ഫണ്ടിങ് പലരും പരീക്ഷിച്ചത് എങ്കിലും ഇപ്പോൾ ക്രൗഡ് ഫണ്ടിങ് എന്തിനും ഏതിനും ഉപയോഗിക്കാം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

നിരാശപ്പെടേണ്ടി വരുന്നവർ തന്നെ അധികവും, കോടതി നിരീക്ഷണം കൂടിയായതോടെ ഫണ്ടുകൾ ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യത മങ്ങിയേക്കും
ക്രൗഡ് ഫണ്ടിങ്ങുകൾ വർഷങ്ങളായി നിശബ്ദമായ പണം കണ്ടെത്തൽ മേഖല ആയി വളരുന്നുണ്ടെങ്കിലും 18 കോടിയൊക്കെ നിസാരമായി കണ്ടെത്താം എന്ന് വന്നതോടെ ഇത്തരം ഫണ്ട് ശേഖരണത്തിന്റെ പ്രളയമാണ് ഇനി മലയാളി കാണാനിരിക്കുന്നത്.

കേരളത്തിൽ ഡിജിറ്റൽ ലോകത്തെക്കുറിച്ചു അൽപം കാതലായ തോതിൽ തന്നെ അറിയാവുന്ന വിദ്യാർത്ഥികളിൽ ഒട്ടേറെ പേരാണ് ക്രൗഡ് ഫണ്ടിങ് വഴി ശേഖരിച്ച പണം ഉപയോഗിച്ച് ഇപ്പോൾ പ്രൊഫഷണൽ കോഴ്‌സുകളിലും മറ്റും പഠിക്കുന്നത്. എന്നാൽ ക്രൗഡ് ഫണ്ടിങ് കേരള ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലേക്കു വന്നതോടെ ഈ രംഗത്ത് കള്ളനാണയങ്ങൾ എത്തുന്നത് തടയാൻ ആയേക്കും എന്ന പ്രതീക്ഷയാണ് സാധാരണക്കാർക്ക് ഉള്ളത്. മസ്‌കുലാർ അട്രോഫി ബാധിച്ച മറ്റൊരു കുഞ്ഞിന് വേണ്ടി 16 കോടി രൂപ സമാഹരിച്ചെങ്കിലും കുട്ടി കഴിഞ്ഞ ദിവസം മരിച്ചതോടെ പണം ഇനി എന്ത് കാര്യത്തിന് ഉപയോഗിക്കും എന്ന ചോദ്യവും കോടതി ഉയർത്തിക്കഴിഞ്ഞു.

പ്ലസ് ടു കഴിഞ്ഞു, ഇനി യുകെയിൽ വക്കീൽ പഠനം നടത്തണം, 40 ലക്ഷം ആവശ്യമുണ്ട്

യുകെയിലേക്കു വരാനുള്ള പണത്തിനായി സഹായിക്കുമോ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മലയാളിയുടെ വാർത്ത വിഭാഗത്തിൽ ഇമെയിൽ ആയി എത്തിയത്. നിർധന സാഹചര്യത്തിൽ വളരുകയും പഠിക്കുകയും ചെയ്ത ഒരു പ്ലസ് ടു വിദ്യാർത്ഥിയാണ് കത്ത് എഴുതിയിരിക്കുന്നത്. സാധാരണ കോമൺവെൽത്ത് സ്‌കോളർഷിപ്പ് ഉൾപ്പെടെ യുകെ യൂണിവേഴ്‌സിറ്റി പഠനത്തിന് അനേകം സ്‌കോളർഷിപ്പുകൾ ഉള്ളതിനാൽ പഠന ചെലവിനുള്ള പണം സ്‌കോളർഷിപ്പ് ആയി ലഭിച്ചിരിക്കും ഇനി വിമാന ടിക്കറ്റിനു വേണ്ടിയുള്ള പണമായിരിക്കും വിദ്യാർത്ഥിക്ക് ആവശ്യം എന്ന ധാരണയിൽ സഹായിക്കാം എന്ന വാഗ്ദാനത്തോടെ വിദ്യാർത്ഥിയെ തിരികെ വിളിക്കുമ്പോഴാണ് തനിക്കു പഠിക്കാനുള്ള ഓഫർ ലെറ്റർ മാത്രമാണ് അബർഡീൻ യൂണിവേഴ്‌സിറ്റി നൽകിയതെന്നും പഠിക്കാനും താമസിക്കാനുമുള്ള പണം സ്വയം കണ്ടെത്തണം എന്നും വിദ്യാർത്ഥി പറയുന്നത്.

നാലര വർഷത്തെ പഠനത്തിന് 40 ലക്ഷം രൂപയിലേറെ ചിലവുണ്ട് എന്ന് പറയുമ്പോഴും ക്രൗഡ് ഫണ്ടിങ് അടക്കം നടത്തി ഇക്കാര്യവുമായി മുന്നോട്ടു പോകാം, മാധ്യമ പിന്തുണയാണ് തനിക്കാവശ്യം എന്ന് പുതിയ കാലത്തെ ട്രെന്റ് നന്നായറിയുന്ന വിദ്യാർത്ഥി അറിയിച്ചത്. ഏതായാലും ഫണ്ടിനുള്ള ശ്രമം തനിയെ തുടങ്ങൂ, അവസാന ഘട്ടത്തിൽ കുറവ് വരുന്ന പണത്തിനു സാധ്യമായ സഹായം ചെയ്തു നൽകാം എന്നാണ് ഈ വിദ്യാർത്ഥിക്ക് മറുപടി നൽകിയത്.

യുവ കവിക്കും യുകെയിൽ വരണം, വേണ്ടത് 30 ലക്ഷം, കിട്ടിയത് വെറും അയ്യായിരം രൂപ

തന്റെ യുകെയിൽ ഉള്ള പരിചയക്കാർ മുഖേനെ യുകെയിൽ സാഹിത്യം പഠിക്കാനുള്ള യുവ കവിയുടെ മോഹത്തിനും തുണയാകാൻ ഒടുവിൽ കണ്ടെത്തിയത് ക്രൗഡ് ഫണ്ടിങ്. എന്നാൽ ഒന്നര വർഷത്തെ പഠനത്തിന് പോലും യുകെയിലെ പ്രശസ്തരല്ലാത്ത യൂണിവേഴ്‌സിറ്റിയിൽ പോലും കോഴ്സ് ഫീയും താമസവും ചിലവും കൂടി 30 ലക്ഷത്തിലേറെ രൂപ ചെലവാകും. എന്നാൽ പോസ്റ്റ് സ്റ്റഡി ഓപ്ഷൻ എന്ന പേരിൽ കോഴ്‌സുകൾ പൂർത്തിയാക്കി രണ്ടു വർഷം യുകെയിൽ തങ്ങാൻ യുകെ സർക്കാർ അനുമതി നൽകിയതോടെ വിവിധ കോഴ്‌സുകൾ തപ്പി മലയാളി യുവത്വം പരക്കം പായുകയാണ്.

കോഴ്‌സും ഫീസും ഒന്നും പ്രശ്നമല്ല, പ്രവേശനം ലഭിച്ചാൽ മതി. ബാക്കിയൊക്കെ നോക്കാൻ ക്രൗഡ് ഫണ്ടിങ് പോലെ കൈ നനയാതെ മീൻ പിടിക്കാൻ ഉള്ള സൗകര്യം മുന്നിൽ ഉള്ളപ്പോൾ എന്തിനു പിന്നോക്കം നിൽക്കണം. ഈ ചിന്തയാണ് ഇപ്പോൾ കേരളത്തിൽ ആരോട് സംസാരിച്ചാലും കേൾക്കാനാകുക. പഠിച്ചിട്ടു മടങ്ങി കേരളത്തിൽ എത്തിയാൽ ഒരു പ്രയോജനവും ഇല്ലാത്ത സ്പോർട്സ് തെറാപ്പി കോഴ്‌സുകൾ പോലും പഠിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് മലയാളി യുവാക്കൾ എന്നതാണ് ഏറ്റവും പുതിയ വിവരം.

അതേസമയം ഏറെ പ്രതീക്ഷയോടെ ക്രൗഡ് ഫണ്ടിങ്ങിനു ഇറങ്ങിയ തിരുവനന്തപുരത്തെ യുവകവിക്ക് തികച്ചും നിരാശപ്പെടേണ്ട അവസ്ഥയാണ് പ്രതികരണമായി ലഭിച്ചിരിക്കുന്നത്. ക്രിയേറ്റീവ് റൈറ്റിങ് പഠിക്കാൻ ഈസ്റ്റ് ആംഗ്ലിയയിലെ ആംഗ്ലിയ റസ്‌കിന് യൂണിവേഴ്‌സിറ്റിയിൽ എത്തുന്നതിനു 30 ലക്ഷം തേടി ഇറങ്ങിയ യുവ കവിക്ക് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഇതുവരെ കിട്ടിയത് വെറും അയ്യായിരം രൂപ. ഇതോടെ കവി ശ്രമം ഉപേക്ഷിക്കുമോ അതോ വീണ്ടും യുകെയിലെ സുഹൃത്തുക്കളുടെ സഹായം തേടുമോ എന്നും വ്യക്തമല്ല. മാത്രമല്ല വിസ ആപ്ലിക്കേഷനുള്ള രണ്ടു ലക്ഷം രൂപ പോലും ഈ ഫണ്ടിങ്ങിൽ നിന്നെ കണ്ടെത്താനാകൂ എന്നും യുവ കവി പറയുന്നു.

കാശുണ്ടാക്കാൻ യൂണിവേഴ്സിറ്റികൾക്കും അടവ് നയം

എന്നാൽ പഠനത്തിനും താമസത്തിനും ആവശ്യമായ പണം ബാങ്കിൽ എത്തിയതിനു ശേഷം മാത്രമേ യുകെ യൂണിവേഴ്‌സിറ്റികൾ വിസ നടപടിക്ക് ആവശ്യമായ കാസ് രേഖകൾ നൽകൂ എന്ന കാര്യം യുവകവിക്ക് നിശ്ചയം ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ക്രൗഡ് ഫണ്ടിങ് രീതികൾ വിശകലനം ചെയുമ്പോൾ മനസിലാക്കേണ്ടത് . പണം കയ്യിൽ എത്തിയ ശേഷം മാത്രമേ തനിക്കു വിസയും മറ്റും റെഡിയാകൂ എന്നതാണ് യുകെ നിയമം എന്നതും ഒരു പക്ഷെ അദ്ദേഹം ശ്രദ്ധിച്ചില്ലായിരിക്കാം. പക്ഷെ അപേക്ഷ നൽകിയ 115 പേരിൽ സെലക്ഷൻ ലഭിച്ച 15 പേരിൽ ഒരാളാണ് താൻ എന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വിദേശ വിദ്യാർത്ഥികളെ ചാക്കിട്ടു പിടിക്കുന്ന യുകെ സർവകലാശാലകളുടെ ചില അടവ് നയമാണ് ഇത്തരം സെലക്ഷൻ രീതികൾ എന്നത് യുവകവിയെ പോലെ കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും അജ്ഞാതമായ കാര്യമാണ്. മികച്ച പ്രതിഭയുള്ളവർക്കു പൂർണമായും സൗജന്യമായ സ്‌കോളർഷിപ്പ് നൽകുന്നതിന് യൂണിവേഴ്‌സിറ്റികൾ തയ്യാറാകുമെങ്കിലും അത്തരം സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവർക്കു യാതൊരു പണച്ചിലവും ഇല്ലാതെ പഠിക്കാനാകും എന്നതിന് നികിത ഹരിയും ബിനീഷ് ബാലനും അടക്കം ഒട്ടേറെ മലയാളി വിദ്യാർത്ഥികൾ തന്നെ തെളിവ്.

സിനിമയായിട്ട് എന്തിനു മാറി നിൽക്കണം? ഒടിടി റിലീസ്, ചെലവ് വെറും 30 ലക്ഷം

ചികിൽസിക്കാനും പഠിക്കാനും മാത്രമല്ല എവറസ്റ്റ് കയറാനും ക്രൗഡ് ഫണ്ടിങ് ആകാമെങ്കിൽ എന്തുകൊണ്ട് സിനിമക്ക് വേണ്ടി ഈ മാർഗം സ്വീകരിച്ചു കൂടാ? ഇക്കാര്യം തേടി കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയെ സമീപിച്ചത് വടക്കേ മലബാറുകാരിയായ ഒരു സിനിമ പ്രവർത്തകയാണ്. ഇവരുടെ വകയായി ചെറിയ ഷോർട്ട് ഫിലിം സംരംഭങ്ങൾ പുറത്തു വന്നിട്ടുമുണ്ട്. അവരുടെ അവാർഡ് ശൈലിയിൽ ഉള്ള സിനിമക്കായി യുകെ മലയാളികളിൽ ആരെയെങ്കിലും നിർമ്മാതാക്കളായി ലഭിക്കുമോ എന്നതായിരുന്നു പ്രാരംഭ അന്വേഷണം.

എന്നാൽ ഇതിനു തീരെ സാധ്യത കുറവാണെന്നു വ്യക്തമാക്കിയപ്പോൾ യുവതി പ്ലാൻ കുറച്ചു കൂടി വിശദമാക്കി. ഒടിടി റിലീസും 30 ലക്ഷത്തിന്റെ കുറഞ്ഞ മുതൽ മുടക്കുമാണ് വേണ്ടി വരിക. ലാഭം പ്രതീക്ഷിക്കാതെ സിനിമയെ സ്നേഹിക്കുന്നവർ മുതൽ മുടക്കാൻ തയ്യാറാകണം. സംവിധായകയും അഭിനേത്രിയും യുവതി തന്നെ ആയിരിക്കും. മാനസിക സമ്മർദ്ദം പ്രമേയമായുള്ള കഥയാണ്. ആരും മുന്നോട്ടു വന്നില്ലെങ്കിൽ ക്രൗഡ് ഫണ്ടിങ് വഴി താൻ സിനിമ ചെയ്യും എന്നാണിപ്പോൾ ഈ യുവതിയും പറയുന്നത്.

പഴയ മലബാർ കുറിക്കല്യാണത്തിന്റെ ഡിജിറ്റൽ വേർഷൻ

ഏതാനും പതിറ്റാണ്ട് മുൻപ് കേരളം ഗൾഫ് പണത്തിന്റെ മേനിയഴക് അടുത്തറിയും മുൻപ് വരെ അത്യാവശ്യം സാമ്പത്തിക ആവശ്യങ്ങൾക്കായി കടം വാങ്ങുന്നതിനു പകരം പണം സ്വരൂപിക്കാൻ പ്രത്യേകിച്ചും മലബാർ മേഖലയിൽ നിലനിന്നിരുന്ന സമ്പ്രദായമാണ് കുറിക്കല്യാണവും പണം പയറ്റും ഒക്കെ. വിവാഹം പോലെ വലിയ പണച്ചെലവ് ഉള്ള ആവശ്യങ്ങൾക്കായി ചെലവ് കൈകാര്യം ചെയ്യാൻ വേണ്ടിയാണു കുറിക്കല്യാണം നടത്തിയിരുന്നത്. തീരെ ലളിതമായി ചായയും ബിസ്‌കറ്റും അതിഥികൾക്ക് നൽകി കുറിക്കല്യാണം വഴി പിരിഞ്ഞു കിട്ടിയിരുന്ന പണം ഉപയോഗിച്ചാണ് അക്കാലത്തു വിവാഹങ്ങൾ പലതും നടന്നിരുന്നത്. ഇത്തരം കുറിക്കല്യാണത്തിൽ പങ്കെടുക്കുന്നവർ പേരെഴുതി പണം നൽകും. തിരിച്ചു അയാളുടെ വീട്ടിൽ കുറിക്കല്യാണം നടക്കുമ്പോൾ ആദ്യം ഇങ്ങനെ അയാളിൽ നിന്നും പണം സ്വീകരിച്ചവർ അത് മടക്കി നൽകും.

ഇത്തരത്തിൽ കൊണ്ടും കൊടുത്തും ഒരു നാട്ടിലുള്ളവർ സാമ്പത്തിക ആവശ്യം നടത്തിയിരുന്ന കാലത്ത്, കല്യാണം അല്ലാതെ അത്യാവശ്യ ചെലവ് ഉണ്ടാകുമ്പോൾ പണംപയറ്റ് എന്ന പേരിലും പണം പിരിച്ചെടുത്തിരുന്നു. ഏറെക്കുറെ ഈ സമ്പ്രദായത്തിന്റെ മോഡേൺ കാലത്തേ ഡിജിറ്റൽ വേർഷൻ ആയി മാറുകയാണ് ക്രൗഡ് ഫണ്ടിങ്ങുകൾ. പണം പയറ്റിൽ പണം നൽകിയവരെ തിരിച്ചറിയാൻ പറ്റുമായിരുന്നപ്പോൾ ക്രൗഡ് ഫണ്ടിൽ ലോകത്തെവിടെ നിന്നും പരിചയമില്ലാത്ത ആരിൽ നിന്നും പണം സ്വീകരിക്കാം എന്ന സൗകര്യവുമായി. ഇതോടെ ആയിരങ്ങളും പതിനായിരങ്ങളും പിരിഞ്ഞ പണം പയറ്റിൽ നിന്നും അനേകം കോടികൾ സമാഹരിക്കാൻ ക്രൗഡ് ഫണ്ടിങ്ങിൽ ഒരു പ്രയാസവും ഇല്ലെന്നു തെളിച്ചിയിച്ചിരിക്കുകയാണ് അടുത്തിടെ മലയാളികൾ കേട്ട തലശേരിയിലെ അട്രോഫി മസ്‌കുലാർ രോഗം ബാധിച്ച രണ്ടു വയസുകാരന്റെ കഥ. ഇതോടെ ക്രൗഡ് ഫണ്ടിങ് എന്ന് കേട്ടു ചാടിയിറങ്ങി പണം നൽകുമ്പോൾ മലയാളികൾ രണ്ടു വട്ടം ആലോചിക്കണം എന്നതാണ് പുതുതായി എത്തുന്ന നാനാവിധത്തിൽ ഉള്ള ക്രൗഡ് ഫണ്ടിങ് രീതികൾ ഓർമ്മപെടുത്തുന്നതും.