മുംബൈ: ആഡംബര കപ്പലിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്ക് എതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. കൈക്കൂലി ആരോപണത്തിൽ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുംബൈ പൊലീസ് സമീർ വാംഗഡെയ്ക്ക് എതിരെ അന്വേഷണം തുടങ്ങിയത്. അതേസമയം സമീറിനെ ചോദ്യം ചെയ്യാനായി എൻസിബിയുടെ വിജിലൻസ് സംഘവും മുംബൈയിലെത്തി. സമീർ വാംഗഡെയെ ബുധനാഴ്ച തന്നെ സംഘം ചോദ്യം ചെയ്‌തേക്കും.

ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നത് ഉൾപ്പെടെ സമീർ വാങ്കഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്ത് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്. സമീറിനെതിരെ ആരോപണം ഉന്നയിച്ചവരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി 18 കോടി തട്ടാനായിരുന്നു പദ്ധതിയെന്നാണ് വെളിപ്പെടുത്തൽ.

സമീറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ആര്യൻ ഖാൻ കേസിലെ സാക്ഷിയായ പ്രഭാകർ സെയ്‌ലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രഭാകർ സെയ്‌ലിനോടും എൻസിബി ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഭാകർ പറഞ്ഞത് പ്രകാരം ഷാരൂഖ് ഖാന്റെ മാനേജറെ ഇടനിലക്കാർ കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

ഒളിവിൽ പോയ കേസിലെ സാക്ഷിയായ കിരൺ ഗോസാവിക്കായും തെരച്ചിൽ തുടങ്ങി. അതേസമയം സമീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് എൻസിപി മന്ത്രി നവാബ് മാലിക്ക് ആവശ്യപ്പെട്ടു. പ്രതികളുമായുള്ള സമീറിന്റെ ബന്ധം ഇതിലൂടെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

സമീർ വാങ്കഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്ത് എൻസിപി നേതാവ് നവാബ് മാലിക്കാണ് പുറത്തുവിട്ടത്. ലഹരി ഇടപാടുകാരമായുള്ള ബന്ധം ഉപയോഗിച്ച് കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസുകളിലും സമീർ തൊണ്ടിമുതലായി ഉപയോഗിക്കാറുള്ളത് എന്നാണ് കത്തിൽ ആരോപിക്കുന്നത്. ബോളിവുഡ് മയക്കുമരുന്ന് കേസിൽ നടി ദീപിക പദുകോൺ അടക്കമുള്ള താരങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് സമീർ വാങ്കഡെ പണം തട്ടിയെന്നും കത്തിൽ ആരോപിക്കുന്നു.

അതേ സമയം ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ബോബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യ ഹർജിയിൽ ആര്യൻ ഖാന്റെ അഭിഭാഷകൻ മുഗുൾ റോത്തഗിയുടെ വാദം ഇന്നലെ കോടതിയിൽ പൂർത്തിയായിരുന്നു. ആര്യൻ ഖാനിൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ എൻസിബി ഉദ്യോഗസ്ഥർ തന്നെ കൊണ്ടുവെച്ചതാണ് എന്നാണ് ആരോപണം. പ്രോസിക്യൂഷൻ വാദം പൂർത്തിയായാൽ ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറഞ്ഞേക്കും.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെയും നടൻ ഷാരൂഖ് ഖാനും തമ്മിൽ ഉരസുന്നത് ഇതാദ്യമായല്ല. പത്തുകൊല്ലം മുൻപ് ഷാരൂഖ് ഖാനും കുടുബവും വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന സമയത്ത് വാംഖഡെ അവരെ മുംബൈ വിമാനത്തിൽ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച സംഭവവും ഉണ്ടായി

2011 ജൂലൈയിലാണ് സംഭവം. ഹോളണ്ട്, ലണ്ടൻ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാനും കുടുംബവും. നികുതി അടയ്ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച്, വാംഖഡെ ഷാരൂഖ് ഖാനെ തടഞ്ഞു. അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വാംഖഡെ.

ഇരുപതോളം ബാഗുകളുമായാണ് ഷാരൂഖും കുടുംബവും എത്തിയത്. ഷാരൂഖിനെ വാംഖഡെയും സംഘവും നിരവധി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ ബാഗുകൾ പരിശോധിക്കുകയും ചെയ്തു. ശേഷം ഷാരൂഖിനെയും കുടുംബത്തെയും പോകാൻ അനുവദിച്ചെങ്കിലും 1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

വിമാനത്താവളത്തിലെ ചുമതല വഹിക്കവേ നടിമാരായ അനുഷ്‌ക ശർമ, മിനിഷ ലാംബ, ഗായകൻ മിക സിങ് തുടങ്ങിയവരെയും വാംഖഡെ തടഞ്ഞിട്ടുണ്ട്. 2011 ജൂലൈ മാസത്തിലാണ് ടൊറന്റോയിൽനിന്ന് മുംബൈയിലെത്തിയ അനുഷ്‌കയെ വാംഖഡെ തടഞ്ഞത്. കണക്കിൽപ്പെടാത്ത നാൽപ്പതു ലക്ഷം വിലമതിക്കുന്ന വജ്രാഭരണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് അനുഷ്‌കയെ തടഞ്ഞത്. 2013-ലാണ് മികാ സിങ്ങിനെ വിമാനത്താവളത്തിൽ തടയുന്നത്. ഫെമ(ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമം അനുവദിക്കുന്നതിലും അധികം വിദേശ കറൻസി കൊണ്ടുവന്നതിനായിരുന്നു ഇത്.