മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 192 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 28 പന്തുകളിൽ നിന്നും 62 റൺസെടുത്ത രവീന്ദ്ര ജഡേജയുടെയും അർധസെഞ്ചുറി നേടിയ ഓപ്പണർ ഫാഫ് ഡുപ്ലെസ്സിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ ഈ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 37 റൺസ് നേടിക്കൊണ്ട് റെക്കോഡ് പ്രകടനത്തിലൂടെയാണ് ജഡേജ സ്‌കോർ ഉയർത്തിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും ചേർന്ന് നൽകിയത്. ഡുപ്ലെസിയാണ് ആക്രമിച്ച് കളിച്ച് സ്‌കോർ ഉയർത്തിയത്. ബാറ്റിങ് പവർപ്ലേയിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി.ഡുപ്ലെസിയും ഗെയ്ക്വാദും അനായാസം റൺസ് കണ്ടെത്തിയതോടെ ബാംഗ്ലൂർ നന്നായി വിയർത്തു. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്‌ത്താൻ കോലിക്കും സംഘത്തിനും സാധിച്ചില്ല.

ഒടുവിൽ പത്താം ഓവറിലെ ആദ്യ പന്തിൽ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹൽ ബാംഗ്ലൂരിന് അനിവാര്യമായ വിക്കറ്റ് സമ്മാനിച്ചു. 25 പന്തുകളിൽ നിന്നും 33 റൺസെടുത്ത ഗെയ്ക്വാദിനെ ചാഹൽ ജാമിസണിന്റെ കൈയിലെത്തിച്ചു. ആദ്യ വിക്കറ്റിൽ ഡുപ്ലെസിക്കൊപ്പം 74 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് താരം ക്രീസ് വിട്ടത്.

പിന്നാലെ വന്ന സുരേഷ് റെയ്ന നന്നായി ബാറ്റ് ചെയ്തതോടെ ചെന്നൈ സ്‌കോർ കുതിച്ചു. റെയ്നയും ഡുപ്ലെസിയും ചേർന്ന് 12.1 ഓവറിൽ ടീം സ്‌കോർ 100 കടത്തി. വൈകാതെ 40 പന്തുകളിൽ നിന്നും ഡുപ്ലെസി അർധശതകം നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും താരം അർധസെഞ്ചുറി നേടി ഫോം തെളിയിച്ചു.

എന്നാൽ ഡുപ്ലെസിയുടെ അർധസെഞ്ചുറിക്ക് പിന്നാലെ സുരേഷ് റെയ്നയെ മടക്കി ഹർഷൽ പട്ടേൽ കളി ബാംഗ്ലൂരിന് അനുകൂലമാക്കി. 18 പന്തുകളിൽ നിന്നും 24 റൺസെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തിൽ ഡുപ്ലെസിയെയും മടക്കി ഹർഷൽ ചെന്നൈയ്ക്ക് ഇരട്ട പ്രഹരമേകി. 41 പന്തുകളിൽ നിന്നും 50 റൺസെടുത്താണ് താരം മടങ്ങിയത്. ഇതോടെ ചെന്നൈ അപകടം മണത്തു.

പിന്നാലെ ക്രീസിൽ ഒത്തുചേർന്ന അമ്പാട്ടി റായുഡു-രവീന്ദ്ര ജഡേജ സഖ്യം സ്‌കോർ ഉയർത്താനായി ശ്രമങ്ങൾ നടത്തി. ഇരുവരും ചേർന്ന് സ്‌കോർ 142-ൽ എത്തിച്ചു. എന്നാൽ വീണ്ടും ഹർഷൽ പട്ടേൽ ചെന്നൈയ്ക്ക് ഭീഷണിയായി. 18-ാം ഓവറിൽ 14 റൺസെടുത്ത അമ്പാട്ടി റായുഡുവിനെ മടക്കി താരം ചെന്നൈയുടെ നാലാം വിക്കറ്റ് വീഴ്‌ത്തി.

അവസാന ഓവറുകളിൽ ബാംഗ്ലൂർ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ചതോടെ ചെന്നൈയ്ക്ക് സ്‌കോർ ഉയർത്താനായില്ല. 18.5 ഓവറിലാണ് ടീം സ്‌കോർ 150 കടന്നത്.

എന്നാൽ ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചായി നാല് സിക്സുകൾ നേടി രവീന്ദ്ര ജഡേജ സ്‌കോറിങ്ങിന് കുതിപ്പേകി. താരം വെറും 25 പന്തുകളിൽ നിന്നും അർധശതകവും നേടി. അവസാന ഓവറിൽ അഞ്ച് സിക്സുകളും ഒരു ബൗണ്ടറിയുമടക്കം 37 റൺസാണ് ജഡേജ അടിച്ചെടുത്തത്. അതിൽ ഒരു നോബോളും ഉൾപ്പെടും. അവിശ്വസനീയമായ പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്.

ജഡേജ വെറും 28 പന്തുകളിൽ നിന്നും നാല് ഫോറുകളുടെയും അഞ്ച് സിക്സുകളുടെയും അകമ്പടിയോടെ 62 റൺസെടുത്തും ധോനി രണ്ട് റൺസെടുത്തും പുറത്താവാതെ നിന്നു.
ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് ചാഹൽ സ്വന്തമാക്കി.