മുംബൈ: ബാറ്റിങ് തകർച്ചയിൽ നിന്നും പാറ്റ് കമ്മിൻസിന്റെയും ആന്ദ്രെ റസ്സലിന്റെയും ദിനേശ് കാർത്തിക്കിന്റെയും വീരോചിത പോരാട്ടത്തിലൂടെ വിജയത്തിന്റെ പടിവാതിൽ വരെയെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ 18 റൺസിന്റെ തോൽവി.

ചെന്നൈ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 19.1 ഓവറിൽ 202 റൺസിന് ഓൾഔട്ടായി. 34 പന്തിൽ ആറു സിക്സും നാല് ഫോറുമടക്കം 66 റൺസെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ.

ആന്ദ്രേ റസ്സൽ 22 പന്തിൽ നിന്ന് ആറു സിക്സും മൂന്നു ഫോറുമടക്കം 54 റൺസെടുത്തു. 24 പന്തിൽ നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും പറത്തിയ ദിനേശ് കാർത്തിക് 40 റൺസ് എടുത്തു.

തുടക്കത്തിൽ പന്തുകൊണ്ട് രാഹുൽ ചാഹർ തിളങ്ങിയതോടെ ഒരു ഘട്ടത്തിൽ 5.2 ഓവറിൽ 31 റൺസിന് അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെട്ട് ദയനീയ സ്ഥിതിയിലായിരുന്നു കൊൽക്കത്ത.

നിതിഷ് റാണ (9), ശുഭ്മാൻ ഗിൽ (0), രാഹുൽ ത്രിപാഠി (8), ഓയിൻ മോർഗൻ (7), സുനിൽ നരെയ്ൻ (4) എന്നിവരെല്ലാം ആറ് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഡ്രസ്സിങ് റൂമിൽ മടങ്ങിയെത്തി. രാഹുൽ ചാഹർ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി.

പിന്നീട് ആറാം വിക്കറ്റിൽ ദിനേഷ് കാർത്തിക്ക് - ആന്ദ്രേ റസ്സൽ സഖ്യം ഒത്തുചേർന്നതോടെയാണ് കൊൽക്കത്ത ഇന്നിങ്സിന് ജീവൻ വെച്ചത്. ഇരുവരും അതിവേഗത്തിൽ 81 റൺസ് കൊൽക്കത്ത സ്‌കോറിലേക്ക് ചേർത്തു. 12-ാം ഓവറിൽ റസ്സലിനെ മടക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ദിനേഷ് കാർത്തിക്ക് 24 പന്തിൽ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 40 റൺസെടുത്തു.

തുടർന്ന് തകർത്തടിച്ച പാറ്റ് കമ്മിൻസ് കൊൽക്കത്തയെ വിജയത്തിലെത്തിക്കുമെന്ന തോന്നലുയർത്തി. പക്ഷേ അവസാന ഓവറിൽ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടായതോടെ കൊൽക്കത്തയുടെ പ്രതീക്ഷ അവസാനിച്ചു.

ചെന്നൈക്കായി ലുങ്കി എൻഗിഡി നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തി.

ഓപ്പണറുമാരായ ഫാഫ് ഡുപ്ലേസിയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും ബാറ്റിങ് മികവിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 220 റൺസാണ് ചെന്നൈ നേടിയത്. 60 പന്തിൽ നാലു സിക്‌സും ഒൻപതു ഫോറുമുൾപ്പെടെ പുറത്താകാതെ 95 റൺസെടുത്ത ഫാഫ് ഡുപ്ലേസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

ഋതുരാജ് ഗെയ്ക്വാദ് 42 പന്തുകൾ നേരിട്ട് നാലു സിക്‌സും ആറു ഫോറുമുൾപ്പെടെ 64 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ റുതുരാജ് - ഡുപ്ലെസി സഖ്യം കൂട്ടിച്ചേർത്ത 115 റൺസാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.

മൊയീൻ അലി (12 പന്തിൽ 25 റൺസ്), ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി (8 പന്തിൽ 17 റൺസ്), രവീന്ദ്ര ജഡേജ (ഒരു പന്തു മാത്രം നേരിട്ട് ആറു റൺസ്) എന്നിവർ മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഡുപ്ലെസിയുമൊത്ത് 50 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അലി പുറത്തായത്.

അവസാന അഞ്ച് ഓവറിൽ 76 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. കൊൽക്കത്തയ്ക്കു വേണ്ടി വരുൺ വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ കൊൽക്കത്ത, ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ചെന്നൈ നിരയിൽ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ലുങ്കി എൻഗിഡി ടീമിൽ ഇടംനേടി. കൊൽക്കത്ത നിരയിൽ ഹർഭജൻ സിങ്ങിന് പകരം കമലേഷ് നാഗർകോട്ടി ഇടംപിടിച്ചു.