അബുദാബി: കന്നി ഐ.പി.എൽ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് മികവിൽ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച വിജയലക്ഷ്യം പടുത്തുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. 190 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ റോയൽസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ മൂന്ന് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 41 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ.

മുസ്തഫിസൂർ റഹ്‌മാൻ എറിഞ്ഞ ഇരുപതാം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ചാണ് റുതുരാജ് സെഞ്ചുറി തികച്ചത്. 60 പന്തുകൾ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റൺസോടെ പുറത്താകാതെ നിന്നു.

അവസാന ഓവറുകളിൽ തകർത്തടിച്ച രവീന്ദ്ര ജഡേജ വെറും 15 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 32 റൺസോടെ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

പതിവുപോലെ റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലസിസും ചെന്നൈയുടെ തുടക്കം ഗംഭീരമാക്കി. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള ഇരുവരും പവർപ്ലേയിൽ 44 റൺസ് ചേർത്തു. ഈ കൂട്ടുകെട്ട് പൊളിക്കാൻ ഏഴാം ഓവർ വരെ രാജസ്ഥാൻ കാത്തിരിക്കേണ്ടിവന്നു. 19 പന്തിൽ 25 റൺസെടുത്ത ഫാപ് ഡുപ്ലസിയെ തെവാട്ടിയ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഒരോവറിന്റെ ഇടവേളയിൽ മോശം ഫോം തുടരുന്ന സുരേഷ് റെയ്നയെയും(5 പന്തിൽ 3) തെവാട്ടിയ മടക്കി. സിക്സറിന് ശ്രമിച്ച റെയ്ന ബൗണ്ടറിയിൽ ദുബെയുടെ കൈകളിൽ കുരുങ്ങുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ റുതുരാജിനൊപ്പം മോയിൻ അലി ചേർന്നതോടെ ചെന്നൈ ഇന്നിങ്സിന് ജീവൻ വെച്ചു. തന്റെ മനോഹര ബാറ്റിങ് തുടർന്ന റുതുരാജ്, മൊയീൻ അലിയെ കൂട്ടുപിടിച്ച് 14-ാം ഓവറിൽ ചെന്നൈയെ 100 കടത്തി. ഇതേ ഓവറിൽ റുതുരാജ് അർധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത ഓവറിൽ തെവാട്ടിയയെ രണ്ട് സിക്സുകൾക്ക് പറത്തി ഗെയ്ക്വാദ് സൂചന നൽകി. എന്നാൽ നാലാം പന്തിൽ അലിയെ(17 പന്തിൽ 21) സ്റ്റംപ് ചെയ്ത് സഞ്ജു ഈ കൂട്ടുകെട്ട് പൊളിച്ചു. 57 റൺസ് ചെന്നൈ സ്‌കോറിലേക്ക് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 17 പന്തിൽ 21 റൺസെടുത്ത അലിയെ പുറത്താക്കി തെവാട്ടിയ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 15 ഓവർ പൂർത്തിയാകുമ്പോൾ ചെന്നൈ സ്‌കോർ 116-3.

17-ാം ഓവറിൽ സക്കരിയയുടെ പന്തിൽ അമ്പാട്ടി റായുഡു(2) പുറത്തായി. അവിടുന്നങ്ങോട്ട് സിക്സുകളും ഫോറുകളുമായി കത്തിക്കയറുകയായിരുന്നു ഗെയ്ക്വാദ്. സീസണിൽ റൺസമ്പാദ്യം 500 താരം പിന്നിടുകയും ചെയ്തു. ഒപ്പം ചേർന്ന രവീന്ദ്ര ജഡേജയും വേഗം റൺസ് കണ്ടെത്തിയതോടെ ചെന്നൈ മികച്ച സ്‌കോറിലെത്തി.