ദുബായ്: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ഹൈദരാബാദ് ആവട്ടെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

ശ്രേയസ് അയ്യർ ടീമിലേക്ക് മടങ്ങി എത്തിയിട്ടും നായക സ്ഥാനത്ത് ഋഷഭ് പന്തുമായി മുൻപോട്ട് പോകാനാണ് ഡൽഹി ക്യാപിറ്റൽസ് തീരുമാനിച്ചത്. ശ്രേയസിന്റെ അഭാവത്തിൽ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാൻ പന്തിന് കഴിഞ്ഞിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡൽഹിയുടെ ലക്ഷ്യം.

ഏഴ് കളിയിൽ നിന്ന് ഒരു ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്. യുഎഇയിലേക്ക് എത്തുമ്പോൾ ബെയർസ്റ്റോയുടെ പിന്മാറ്റവും ഹൈദരാബാദിന് വലിയ തിരിച്ചടിയാവുന്നു. ഈ സീസണിൽ 248 റൺസോടെ ഹൈദരാബാദിന്റെ ടോപ് സ്‌കോററായിരുന്നു ബെയർസ്റ്റോ.

ഷെർഫാനെ റുതർഫോർഡിനെയാണ് ബെയർസ്റ്റോയിന് പകരം ഹൈദരാബാദ് ടീമിൽ എത്തിച്ചിരിക്കുന്നത്. ബൗളിങ്ങിലേക്ക് എത്തുമ്പോൾ റാഷിദ് ഖാനിൽ തന്നെയാണ് ഹൈദരാഹാദിന്റെ പ്രധാന പ്രതീക്ഷകൾ. ഭുവി ഫോം വീണ്ടെടുക്കുന്നു എന്നതും ഹൈദരാബാദിന് പ്രതീക്ഷയേകുന്നു.

സീസണിന്റെ തുടക്കത്തിൽ നായക സ്ഥാനം നഷ്ടപ്പെടുകയും പ്ലേയിങ് ഇലവനിൽ പോലും സ്ഥാനമില്ലാതെ വരികയും ചെയ്ത ഡേവിഡ് വാർണർ യുഎഇയിൽ തിരിച്ചെത്തുമോ എന്ന ചോദ്യത്തിനും ഉത്തരമാവും. സന്തുലിതമായ ടീമുമായാണ് ഡൽഹി ക്യാപിറ്റൽസ് എത്തുന്നത്. ഇവിടെ ജയ സാധ്യത കൂടുതൽ ഡൽഹി ക്യാപിറ്റൽസിനാണ്.