മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ എട്ടു വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത നിലനിർത്തി പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തപ്പോൾ ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയുടെയും തകർത്തടിച്ച ഭാനുക രാജപക്‌സെ, ലിയാം ലിംവിങ്സറ്റൺ എന്നിവരുടെയും മികവിൽ പഞ്ചാബ് 16 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

53 പന്തിൽ 62 റൺസുമായി പുറത്താകാതെ നിന്ന ധവാനാണ് പഞ്ചാബിന്റെ വിജയശിൽപി. ഭാനുക രാജപക്‌സെ(40) ലിയാം ലിംവിങ്സറ്റൺ(30*) എന്നിവരും പഞ്ചാബിനായി തിളങ്ങി. സ്‌കോർ ഗുജറാത്ത് 20 ഓവറിൽ 143-8, പഞ്ചാബ് കിങ്‌സ് 16 ഓവറിൽ 145-2.

ജയിച്ചിരുന്നെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഗുജറാത്ത് 10 കളികളിൽ 16 പോയന്റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്. ജയത്തോടെ 10 കളികളിൽ 10 പോയന്റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

സ്‌കോർ ബോർഡിൽ 10 റൺസ് മാത്രം ഉള്ളപ്പോൾ ഓപ്പണർ ജോണി ബെയർ‌സ്റ്റോയെ (6 പന്തിൽ 1) നഷ്ടമായെങ്കിലും 2ാം വിക്കറ്റിൽ 87 റൺസ് ചേർത്ത ശിഖർ ധവാൻ, ഭാനുക രജപക്‌സ എന്നിവർ പഞ്ചാബിനെ വിജയതീരത്തെത്തിച്ചു. ധവാൻ 53 പന്തിൽ 8 ഫോറും ഒരു സിക്‌സും അടക്കം പുറത്താകാതെ 62 റൺസ് എടുത്തപ്പോൾ രജപക്‌സ 28 പന്തിൽ 5 ഫോറും ഒരു സിക്‌സും അടക്കം 40 റൺസ് നേടിയതിനു ശേഷം പുറത്തായി.

പിന്നാലെ ഇറങ്ങിയ ലിയാം ലിവിങ്സ്റ്റൻ (9 പന്തിൽ ഒരു ഫോറും 3 സിക്‌സും അടക്കം 26 നോട്ടൗട്ട്) പഞ്ചാബിനു മികച്ച വിജയം ഉറപ്പാക്കി. ഗുജറാത്തിനായി മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹാർദ്ദിക്കിനെയും സംഘത്തെയും കാഗിസോ റബാഡയുടെ നേതൃത്വത്തിലാണ് പഞ്ചാബ് ബൗളർമാർ എറിഞ്ഞിട്ടത്. 50 പന്തിൽ 64 റൺസെടുത്ത് പുറത്താകാതെ നിന്ന സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ.

വൃദ്ധിമാൻ സാഹ (17 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 17), ശുഭ്മാൻ ഗിൽ (6 പന്തിൽ 2 ഫോർ അടക്കം 9), ഹാർദിക് പാണ്ഡ്യ (7 പന്തിൽ 1), ഡേവിഡ് മില്ലർ (14 പന്തിൽ 11), രാഹുൽ തെവാത്തിയ (13 പന്തിൽ 11), റാഷിദ് ഖാൻ (ഒരു പന്തിൽ 0) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം. പഞ്ചാബിനോടു തോറ്റെങ്കിലും ഗുജറാത്ത് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

നേരത്തേ, 4 ഓവറിൽ 33 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ കഗീസോ റബാദയുടെ ഉജ്വല ബോളിങ്ങാണ് ഗുജറാത്തിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയ അർഷ്ദീപ് സിങ്, റിഷി ധവാൻ, ലിയാം ലിവിങ്സ്റ്റൻ എന്നിവർ റബാദയ്ക്കു മികച്ച പിന്തുണ നൽകി.