മുംബൈ: ബാറ്റിങ്ങിലും ബോളിങ്ങിലും തകർപ്പൻ പ്രകടനവുമായി പടനയിച്ച ആന്ദ്രെ റസ്സലിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രക്ഷിക്കാനായില്ല. തോൽവിയുടെ വക്കിൽനിന്നും ശക്തമായി തിരിച്ചടിച്ച ഗുജറാത്ത് ടൈറ്റൻസിന്, ഐപിഎൽ 15ാം സീസണിൽ ഏഴു മത്സരങ്ങൾക്കിടെ ആറാം ജയം. പൊരുതിക്കളിച്ച കൊൽക്കത്തയെ എട്ടു റൺസിനാണ് ഗുജറാത്ത് വീഴ്‌ത്തിയത്.

ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തിൽ 48 റൺസെടുത്ത ആന്ദ്രെ റസൽ മാത്രമെ കൊൽക്കത്തക്കായി പൊരുതിയുള്ളു.

റസൽ ക്രീസിൽ നിൽക്കെ അവസാന ഓവറിൽ 18 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അൽസാരി ജോസഫിന്റെ ആദ്യ പന്തിൽ പടുകൂറ്റൻ സിക്‌സർ നേടിയ റസൽ കൊൽക്കത്തക്ക് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പന്തിൽ റസലിനെ വീഴ്‌ത്തി ജോസഫ് ഗുജറാത്തിന്റെ ജയമുറപ്പിച്ചു. സ്‌കോർ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 156-7, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 148-8. കൊൽക്കത്തയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. തോൽവിയോടെ കൊൽക്കത്ത പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണപ്പോൾ ഗുജറാത്ത് രാജസ്ഥാനിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഭേദപ്പെട്ട വിജയലക്ഷ്യമായിട്ടും കൊൽക്കത്തക്ക് തുടക്കം മുതൽ തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ സാം ബില്ലിങ്‌സിനെ(4) നഷ്ടമായ കൊൽക്കത്തക്ക് വൺ ഡൗണായി എത്തിയ സുനിൽ നരെയ്‌നെ(5) മൂന്നാം ഓവറിൽ നഷ്ടമായി. നിതഷ് റാണയും(2), ക്യാപ്റ്റൻ ശ്രേയസ് അയ്യരും(12) കൂടി മടങ്ങുമ്പോൾ കൊൽക്കത്ത സ്‌കോർ ബോർഡിൽ 34 റൺസെ ഉണ്ടായിരുന്നുള്ളു.

റിങ്കു സിംഗും(28 പന്തിൽ 35), വെങ്കടേ് അയ്യരും ചേർന്നുള്ള കൂട്ടുകെട്ട് കൊൽക്കത്തയെ കരകയറ്റിയെങ്കിലും റിങ്കുവിനെ വീഴ്‌ത്തി യാഷ് ദയാൽ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അതേ ഓവറിൽ ആന്ദ്രെ റസലിനെയും ദയാൽ മടക്കിയെങ്കിലും നോ ബോളായി. റാഷിദ് ഖാനെ സിക്‌സടിക്കാൻ ശ്രമിച്ച വെങ്കടേഷ് അയ്യരും(17) ശിവം മാവിയും(2) മടങ്ങിയപ്പോൾ ഉമേഷ് യാദവിനെ(15) കൂട്ടുപിടിച്ച് പോരാട്ടം അവസാന ഓവറിലേക്ക് നീട്ടിയെങ്കിലും ഗുജറാത്ത് ബൗളർമാരുടെ കൃത്യതക്ക് മുന്നിൽ കൊൽക്കത്തക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി നാലോവറിൽ 20 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ റാഷിദ് ഖാൻ നാലോവറിൽ 22 റൺസിനും യാഷ് ദയാൽ നാലോവറിൽ 42 റൺസിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയുടെ തകർപ്പൻ അർധസെഞ്ചുറി മികവിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. വൺ ഡൗണായി ക്രീസിലെത്തിയ ഹാർദ്ദിക് 49 പന്തിൽ 67 റൺസെടുത്ത് ഗുജറാത്തിന്റെ ടോപ് സ്‌കോററായി. കൊൽക്കത്തക്കായി ഇന്നിങ്‌സിലെ അവസാന ഓവർ എറിഞ്ഞ ആന്ദ്രെ റസൽ അഞ്ച് റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോൾ ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തു.