അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് വീണ്ടും കോവിഡ് പ്രതിസന്ധിയിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഇതാദ്യമായാണ് ഐ.പി.എൽ നടക്കുന്നതിനിടെ കളിക്കാർ കോവിഡ് ബാധിതരാകുന്നത്.

നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തിയും മലയാളി താരം സന്ദീപ് വാര്യരുമാണ് കോവിഡ് പോസറ്റീവായത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവർ ഫലം പോസറ്റീവായത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം അറിയിച്ചു. ഇരുവരും ഐസൊലേഷനിലാണ്. ടീം ഡോക്ടർമാർ ആരോഗ്യസ്ഥതി നിരീക്ഷിച്ചുവരികയാണെന്നും ടീം അറിയിച്ചു.

ഏപ്രിൽ 29നായിരുന്നു കൊൽക്കത്തയുടെ അവസാന മത്സരം, അഹമ്മദാബാദിൽ ഡെൽത്തിക്കെതിരേ. വരുണും സന്ദീപുമായി ബന്ധപ്പെട്ട ഡൽഹി താരങ്ങളും ഇപ്പോൾ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.

കൊൽക്കത്ത ക്യാമ്പിൽ ഇപ്പോൾ നിത്യവും കളിക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. രോഗബാധ നേരത്തെ കണ്ടെത്തി ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ടീം വിശദീകരിക്കുന്നു.

ബാംഗ്ലൂരിന്റഎ ദേവ്ദത്ത് പടിക്കലും ഡൽഹി ക്യാപിറ്റൽസിന്റെ അക്സർ പട്ടേലും കോവിഡ് പോസറ്റീവായിരുന്നെങ്കിലും അതിനുശേഷമാണ് അവർ ടീമിനൊപ്പം ചേർന്നത്. കെ.കെ.ആർ. നാലു പോയിന്റുമായി ഏഴാമതും ആർ.സി.ബി പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

അതേ സമയം ചെന്നൈ സൂപ്പർ കിങ്‌സിന്റെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ മത്സരത്തിനു മുമ്പുള്ള പരീശീലനം റദ്ദാക്കി. കോവിഡ് സ്ഥീരീകരിച്ചവരെ സ്‌ക്വാഡിലെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്.

ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനു മുമ്പുള്ള പരിശീലനത്തിന് തയ്യാറെടുക്കുകയായിരുന്നു ചെന്നൈ ടീം. ഇതിനിടെയാണ് ടീമുമായി ബന്ധപ്പെട്ട ജീവനക്കാർക്കും ബസ് ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തുന്നതിനെതിരേ രൂക്ഷവിമർനം ഉയരുന്നുണ്ട്. ഐപിഎൽ കളിക്കുന്ന താരങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി രംഗത്തെത്തി. കോവിഡ് 19 പ്രതിസന്ധിയിൽ രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഐപിഎൽ കളിക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി.

കോവിഡ് വ്യാപനം ശക്തമാകുകയും അത് വലിയ പ്രശ്‌നം രാജ്യത്തെ ആരോഗ്യ രംഗത്ത് ഉണ്ടാക്കുന്ന അവസ്ഥയിൽ ഐപിഎൽ അവസാനിപ്പിക്കണം എന്ന് പൊതുസമൂഹത്തിൽ ആവശ്യങ്ങൾ ഉയരുന്ന ഇടയിലാണ് മോദിയുടെ വിമർശനം.

'ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു മഹാദുരിത കാലത്ത് ഇന്ത്യൻ ക്രിക്കറ്റർമാർ എങ്ങനെയാണ് പെരുമാറിയത് എന്ന് കാലം രേഖപ്പെടുത്തി വയ്ക്കും, ഐപിഎല്ലിലെ ഒരു മത്സരവും താൻ സമീപ ദിവസങ്ങളിൽ കാണാറില്ല, ഈ കളിക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്തതിൽ ഞാൻ ശരിക്കും അസ്വസ്തനാണ്. ഇത് ശരിക്കും നാണക്കേടാണ്, അതാണ് വസ്തുത, നിങ്ങൾ ദിവസവും അതിനെക്കുറിച്ച് പറയേണ്ടതില്ല, ബ്ലാക്ക് ബാന്റുകൾ ധരിക്കേണ്ടതില്ല.. ഇപ്പോൾ ലണ്ടനിലുള്ള മുൻ ഐപിഎൽ ചെയർമാനായ മോദി മിഡ് ഡേയോട് പറയുന്നു.

വിമർശനങ്ങൾ ഉയരുമ്പോഴും പാറ്റ് കമ്മിൻസ്, ശിഖർ ദവാൻ, പാണ്ഡ്യ സഹോദരന്മാർ തുടങ്ങിയ പല കളിക്കാരും സഹായങ്ങളുമായി രംഗത്ത് എത്തിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ മിഷൻ ഒക്‌സിജൻ പരിപാടിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.

ഇതിനിടെ ഏതാനും രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ വിദേശ താരങ്ങൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും കളിക്കാർ ഇതിനോടകം തന്നെ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങിക്കഴിഞ്ഞു. ഭാര്യയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ താരം ആർ. അശ്വിനും അമ്പയർ നിതിൻ മേനോനും പിൻവാങ്ങിയവരിൽ പെടും.