മുംബൈ: പക്വതയാർന്ന ബാറ്റിംഗിലൂടെ ക്രീസിൽ നങ്കൂരമിട്ട നായകൻ സഞ്ജു സാംസണിന്റെയും കൊൽക്കത്തയുടെ നാല് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് മോറിസിന്റെയും മികവിൽ രാജസ്ഥാൻ റോയൽസിന് സീസണിലെ രണ്ടാം ജയം. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ്് കീഴടക്കിയത്. കൊൽക്കത്ത ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18.5 ഓവറിൽ മറികടന്നു.

41 പന്തുകളിൽ നിന്നും 42 റൺസെടുത്ത നായകൻ സഞ്ജു സാംസണിന്റെയും 23 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് മോറിസിന്റെയും കരുത്തിലാണ് രാജസ്ഥാൻ വിജയവഴിയിലെത്തിയത്. വളരെ ശ്രദ്ധയോടെ കളിച്ച സഞ്ജു, നായകന്റെ ഇന്നിങ്സ് മനോഹരമാക്കി.

ഒരറ്റത്തു വിക്കറ്റുകൾ നിലംപൊത്തുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി ക്രീസിൽനിന്ന സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.ഡേവിഡ് മില്ലർ 23 പന്തിൽ മൂന്നു ഫോറുകൾ സഹിതം പുറത്താകാതെ 24 റൺസെടുത്ത് വിജയക്കുതിപ്പിൽ സഞ്ജുവിന് കൂട്ടുനിന്നു.



ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും പിറക്കാതെ പോയ ഇന്നിങ്‌സിനൊടുവിലാണ് രാജസ്ഥാന്റെ വിജയമെന്നതും ശ്രദ്ധേയം. സഞ്ജു, മില്ലർ എന്നിവർക്കു പുറമെ സീസണിലാദ്യമായി അവസരം ലഭിച്ച യുവ ഓപ്പണർ യശ്വസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവരുടെ ചെറുതെങ്കിലും നിർണായകമായ ഇന്നിങ്‌സുകളും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി. ജയ്‌സ്വാൾ 17 പന്തിൽ അഞ്ച് ഫോറുകളോടെ 22 റൺസെടുത്തു. ദുബെ 18 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 22 റൺസെടുത്തും പുറത്തായി. രാജസ്ഥാൻ നിരയിൽ നിരാശപ്പെടുത്തിയത് ഓപ്പണർ ജോസ് ബട്‌ലർ (ഏഴു പന്തിൽ അഞ്ച്), രാഹുൽ തെവാത്തിയ (എട്ടു പന്തിൽ അഞ്ച്) എന്നിവർ മാത്രം.

സ്‌കോർ 21-ൽ നിൽക്കേ അഞ്ചുറൺസെടുത്ത ജോസ് ബട്ലറെ പുറത്താക്കി വരുൺ ചക്രവർത്തി രാജസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. ബട്ലർക്ക് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. സഞ്ജു നന്നായി ബാറ്റ് ചെയ്തതോടെ സ്‌കോർ കുതിച്ചു.

എന്നാൽ സ്‌കോർ 40-ൽ നിൽക്കേ ശിവം മാവി ഓപ്പണർ യശസ്വി ജയ്സ്വാളിനെ പുറത്താക്കി. 22 റൺസെടുത്ത താരത്തെ ശിവം മാവി പകരക്കാരൻ നാഗർകോട്ടിയുടെ കൈയിലെത്തിച്ചു. പിന്നാലെയെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു ടീം സ്‌കോർ 50 കടത്തി. ബാറ്റിങ് പവർപ്ലേയിൽ 50 റൺസാണ് രാജസ്ഥാൻ നേടിയത്. കരുതലോടെ സ്‌കോർ ഉയർത്താനാണ് സഞ്ജുവും ദുബെയും ശ്രമിച്ചത്.

അതിൽ ഇരുവരും വിജയിക്കുകയും ചെയ്തു. ആദ്യ പത്തോവറിൽ ടീം സ്‌കോർ 80-ൽ എത്തിക്കാൻ ദുബെയ്ക്കും സഞ്ജുവിനും സാധിച്ചു. എന്നാൽ സ്‌കോർ 85-ൽ നിൽക്കേ 22 റൺസെടുത്ത ശിവം ദുബെയെ പുറത്താക്കി വരുൺ ചക്രവർത്തി വീണ്ടും കൊൽക്കത്തയ്ക്ക് പ്രതീക്ഷ പകർന്നു. കൂറ്റനടിക്ക് ശ്രമിച്ച ദുബെയുടെ ഷോട്ട് പ്രസിദ്ധ് കൃഷ്ണ കൈയിലൊതുക്കി.

പിന്നാലെ വന്ന രാഹുൽ തെവാത്തിയയ്ക്കും പിടിച്ചുനിൽക്കാനായില്ല. അഞ്ച് റൺസെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. പിന്നാലെ വന്ന ഡേവിഡ് മില്ലർ റൺസ് കണ്ടെത്താൻ വിഷമിച്ചു. പക്ഷേ പതിയെ താളം കണ്ടെത്തിയ മില്ലർ സഞ്ജുവിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
മില്ലർ 24 റൺസെടുത്തും സഞ്ജു 42 റൺസ് നേടിയും പുറത്താവാതെ നിന്നു.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി നാല് ഓവറിൽ 32 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. ശിവം മാവി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണയ്ക്കും ഒരു വിക്കറ്റ് ലഭിച്ചു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ സുനിൽ നരെയ്‌ന്റെ പ്രകടനവും ശ്രദ്ധേയമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. 26 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 36 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച രാജസ്ഥാൻ ബൗളർമാരാണ് കൊൽക്കത്തയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതുകൊൽക്കത്തയ്ക്ക് വിനയായി.

അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ ശുഭ്മാൻ ഗിൽ റൺ ഔട്ടായി പുറത്തായി. ഗിൽ പുറത്താവുമ്പോൾ വെറും 24 റൺസാണ് കൊൽക്കത്തയ്ക്കുണ്ടായത്. 15 പന്തുകളിൽ നിന്നും 11 റൺസ് മാത്രമാണ് താരം നേടിയത്. ജോസ് ബട്ലറാണ് ഗില്ലിനെ പുറത്താക്കിയത്. ഗില്ലിന് ശേഷം രാഹുൽ ത്രിപതി ക്രീസിലെത്തി.

ബാറ്റിങ് പവർപ്ലേയിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നാല് ബോളർമാരെ മാറിമാറി പരീക്ഷിച്ചതോടെ, ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 25 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. അധികം വൈകാതെ അപകടകാരിയായ നിതീഷ് റാണയുടെ വിക്കറ്റും രാജസ്ഥാൻ വീഴ്‌ത്തി. 25 പന്തുകളിൽ നിന്നും 22 റൺസെടുത്ത താരത്തെ സക്കറിയ സഞ്ജുവിന്റെ കൈയിലെത്തിച്ചു. ഇതോടെ 8.1 ഓവറിൽ 45 ന് രണ്ട് എന്ന നിലയിലായി കൊൽക്കത്ത

പിന്നീട് ക്രീസിലെത്തിയ സുനിൽ നരെയ്ൻ പെട്ടന്ന് തന്നെ മടങ്ങി. ഏഴുപന്തുകളിൽ നിന്നും ആറുറൺസെടുത്ത നരെയ്നിനെ ജയ്ദേവ് ഉനദ്കട്ട് പുറത്താക്കി. സിക്സടിക്കാൻ ശ്രമിച്ച നരെയ്നിനെ ഉജ്ജ്വലമായ ക്യാച്ചിലൂടെ ജയ്സ്വാൾ പുറത്താക്കി. നരെയ്ൻ പുറത്താവുമ്പോൾ 54 ന് മൂന്ന് എന്ന നിലയിലാണ് കൊൽക്കത്ത. തൊട്ടുപിന്നാലെ വന്ന നായകൻ ഒയിൻ മോർഗൻ ഒരു പന്ത് പോലും നേരിടാതെ റൺ ഔട്ടായി മടങ്ങിയതുകൊൽക്കത്തയ്ക്ക് ഇരട്ട പ്രഹരമായി.

പിന്നീട് ക്രീസിലെത്തിയ കാർത്തിക്കിന് വേണ്ട വിധത്തിൽ റൺസ് ഉയർത്താനായില്ല. ഇതോടെ സ്‌കോർ വേഗം കുറഞ്ഞു. സ്‌കോർ ഉയർത്താൻ രാഹുൽ ത്രിപതി ശ്രമം നടത്തിയെങ്കിലും സ്‌കോർ 94-ൽ നിൽക്കെ താരം പുറത്തായി. 26 പന്തുകളിൽ നിന്നും 36 റൺസെടുത്ത താരത്തെ മുസ്താഫിസുർ പരാഗിന്റെ കൈയിലെത്തിച്ചു.

പിന്നാലെ വന്ന അപകടകാരിയായ ആന്ദ്രെ റസ്സലിനെ വെറും 9 റൺസിന് ക്രിസ് മോറിസ് പുറത്താക്കി. ഇതോടെ കൊൽക്കത്ത തകർന്നു. അതേ ഓവറിൽ തന്നെ 25 റൺസെടുത്ത കാർത്തിക്കിനെയും പുറത്താക്കി മോറിസ് കൊൽക്കത്തയെ തകർത്തു. സക്കറിയയുടെ കിടിലൻ ക്യാച്ചാണ് കാർത്തിക്കിനെ പുറത്താക്കിയത്. ഇതോടെ കൊൽക്കത്ത 18 ഓവറിൽ 118 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.



അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സ് നേടി കമ്മിൻസ് സ്‌കോർ ഉയർത്താൻ നോക്കിയെങ്കിലും തൊട്ടടുത്ത പന്തിൽ താരത്തെ ക്രിസ് മോറിസ് പുറത്താക്കി. അവസാന പന്തിൽ ശിവം മാവിയെ കൂടി മോറിസ് മടക്കിയതോടെ നിശ്ചിത ഓവറിൽ കൊൽക്കത്ത 133 റൺസിൽ ഒതുങ്ങി.

രാജസ്ഥാനായി ക്രിസ് മോറിസ് നാല് ഓവറിൽ 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. മുസ്താഫിസുർ റഹ്‌മാൻ നാല് ഓവറിൽ 22 റൺസ് ജയ്‌ദേവ് ഉനദ്കട് നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ചേതൻ സകാരിയ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.