ചെന്നൈ: അർധ സെഞ്ചുറിയുമായി നായകൻ രോഹിത് ശർമ പൊരുതിയിട്ടും പിന്തുണയുമായി ഒപ്പം നിൽക്കാൻ സഹതാരങ്ങൾ പരാജയപ്പെട്ടതോടെ 131 റൺസിൽ ഒതുങ്ങി മുംബൈ ഇന്ത്യൻസ്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്‌സിന് 132 റൺസ് വിജയലക്ഷ്യം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ അർധ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ മികവിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 131 റൺസെടുത്തത്. പഞ്ചാബ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ മുംബൈ 131 റൺസിൽ ഒതുങ്ങുകയായിരുന്നു.

രോഹിത് 52 പന്തുകൾ നേരിട്ട് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 63 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടേത് പതിഞ്ഞ തുടക്കമായിരുന്നു. പവർപ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലായിരുന്നു അവർ.

രണ്ടാം ഓവറിൽ ക്വിന്റൺ ഡിക്കോക്കിനെയും (3) ഏഴാം ഓവറിൽ ഇഷാൻ കിഷനെയും (6) കാര്യമായ സംഭാവനകളില്ലാതെ അവർക്ക് നഷ്ടമായി.

പിന്നാലെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് - സൂര്യകുമാർ യാദവ് സഖ്യമാണ് മുംബൈയെ 100 കടത്തിയത്. 79 റൺസ് മുംബൈ സ്‌കോറിലേക്ക് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

27 പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 33 റൺസെടുത്ത സൂര്യകുമാറിനെ മടക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഹാർദിക് പാണ്ഡ്യ (1), ക്രുനാൽ പാണ്ഡ്യ (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. പൊള്ളാർഡ് 12 പന്തിൽ നിന്നും 16 റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബിനായി മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

മാറ്റങ്ങളൊന്നും ഇല്ലാതെയാണ് മുംബൈ കളത്തിലിറങ്ങുന്നത്. പഞ്ചാബി നിരയിൽ മുരുഗൻ അശ്വിന് പകരം രവി ബിഷ്ണോയ് ഇടംപിടിച്ചു.