മുംബൈ: കീറേൺ പൊള്ളാർഡിനോട് പൊരുതി തോറ്റ് ധോണിയുടെ ചെന്നൈ സുപ്പർ കിങ്‌സ്. ബാറ്റ്‌സ്മാൻ്മാർ പൂർണ്ണമായും അരങ്ങുവാണ മത്സരത്തിൽ 34 പന്തിൽ 87 റൺസെടുത്ത പൊള്ളാർഡിന്റെ വെടിക്കെട്ടിൽ അസാധ്യമെന്ന് തോൽപ്പിച്ച ടാർജെറ്റാണ് മുംബൈ മറികടന്നത്. അവസാന ഓവറിൽ വേണ്ടിയിരുന്ന 16 റൺസ് അവസാന പന്തിൽ മുംബൈ മറികടക്കുകയായിരുന്നു. ചെന്നൈ ഉയർത്തിയ 218 റൺസ് എന്ന കൂറ്റൻ സ്‌കോറാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അർധ സെഞ്ചുറി നേടിയ മോയിൻ അലിയുടെയും ഫാഫ് ഡുപ്ലെസിയുടെയും അമ്പാട്ടി റായുഡുവിന്റെയും മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു.

ഡുപ്ലെസി 28 പന്തിൽ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 50 റൺസെടുത്തു. മോയിൻ അലി 36 പന്തുകൾ നേരിട്ട് അഞ്ചു വീതം സിക്സും ഫോറുമടക്കം 58 റൺസ് നേടി. ഇരുവരും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 108 റൺസാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്. തുടർന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോർ 200 കടത്തിയത്. 27 പന്തുകൾ നേരിട്ട റായുഡു ഏഴു സിക്സും നാലു ഫോറുമടക്കം 72 റൺസോടെ പുറത്താകാതെ നിന്നു.

രവീന്ദ്ര ജഡേജ 22 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ റായുഡു - ജഡേജ സഖ്യം 102 റൺസാണ് ചെന്നൈ സ്‌കോറിലേക്ക് ചേർത്തത്. റുതുരാജ് ഗെയ്ക്വാദ് (4), സുരേഷ് റെയ്ന (2) എന്നിവരാണ് പുറത്തായ മറ്റ് ചെന്നൈ താരങ്ങൾ. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.