മുംബൈ: വമ്പൻ സ്‌കോറുകൾ നേടാതിരുന്നിട്ടും പ്രതിരോധിച്ച ബൗളിങ് നിരയ്ക്കാണ് കയ്യടി മുഴുവൻ. പ്രത്യേകിച്ചും സ്പിന്നർ രാഹുൽ ചാഹർ. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ കുതിക്കുന്ന എതിരാളികളെ ചാഹറിലൂടെ പിടിച്ചിടുന്നതാണ് മുംബൈയുടെ ഇതുവരെയുള്ള തന്ത്രം.

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഡൽഹി പോരാട്ടം. വിജയ വഴിയിൽ തുടർച്ച തേടിയാണ് ഇരുടീമും ഇറങ്ങുന്നത്. വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം. സീസണിൽ മൂന്നാം ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. തോറ്റ് തുടങ്ങിയാൽ പിന്നെ കപ്പിലേ നിർത്തൂ എന്ന് ആരാധകർ പറയും പോലെ ആദ്യ തോൽവിക്ക് ശേഷം ജയിച്ചുകൊണ്ടിരിക്കുകയാണ് മുംബൈ.

വമ്പൻ സ്‌കോറുകൾ നേടാതിരുന്നിട്ടും പ്രതിരോധിച്ച ബൗളിങ് നിരയ്ക്കാണ് കയ്യടി മുഴുവൻ. പ്രത്യേകിച്ചും സ്പിന്നർ രാഹുൽ ചാഹർ. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ കുതിക്കുന്ന എതിരാളികളെ ചാഹറിലൂടെ പിടിച്ചിടുന്നതാണ് മുംബൈയുടെ ഇതുവരെയുള്ള തന്ത്രം. മധ്യഓവറുകളിൽ ബൗളർമാർ ചേർന്ന് വരിഞ്ഞ് മുറുക്കും.

പക്ഷെ ബാറ്റിംഗിൽ മുംബൈ ഇതുവരെ പ്രതീക്ഷക്കൊത്ത് ക്ലിക്കായിട്ടില്ല. ആദ്യ മൂന്ന് താരങ്ങൾക്ക് ശേഷം മധ്യനിരയിൽ നല്ലപ്രകടനങ്ങളുണ്ടാകുന്നില്ല. പാണ്ഡ്യ സഹോദരന്മാർ ഇതുവരെ ഫോമിലായിട്ടില്ല. ഡൽഹി നിരയിലേക്ക് നോക്കിയാൽ ബാറ്റ്‌സ്മാന്മാർ ആണ് താരം. ധവാനും പൃഥ്വിഷായുമെല്ലാം തകർത്തടിക്കുന്നുണ്ട്. പഞ്ചാബിനെതിരെ വമ്പൻ ടോട്ടലിലേക്ക് ബാറ്റ് വീശിയ രീതി നോക്കിയാൽ മതി.

കഴിഞ്ഞ കളിയിൽ ടീമിലിടം കിട്ടിയിട്ടും ഒന്നും ചെയ്യാനാകാതെ പോയ സ്റ്റീവ് സ്മിത്ത് ഇന്ന് ചിലപ്പോൾ പുറത്തിരിക്കും. ബൗളിങ് നിരയും മെച്ചമാണ്. കഴിഞ്ഞ കളിയിൽ തല്ല് വാങ്ങിയെങ്കിലും റബാഡയും ക്രിസ് വോക്‌സുമെല്ലാം ലോകത്തിലെ എണ്ണം പറഞ്ഞ ബോളർമാരാണ്. അശ്വിനും ആവേശ് ഖാനുമൊപ്പം ഇവർ കൂടി ഫോമിലായാൽ കടുത്ത മത്സരം ചെന്നൈയിൽ കാണാം.