അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 180 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്.

കെ.എൽ. രാഹുൽ 57 പന്തിൽ അഞ്ച് സിക്‌സും ഏഴു ഫോറുമുൾപ്പെടെ 91 റൺസോടെയും ഹർപ്രീത് ബ്രാർ 17 പന്തിൽ രണ്ടു സിക്‌സും ഒരു ഫോറുമുൾപ്പെടെ 25 റൺസോടെയും പുറത്താകാതെ നിന്നു. ക്രിസ് ഗെയ്ൽ 24 പന്തിൽ രണ്ടു സിക്‌സും ആറു ഫോറുമുൾപ്പെടെ 46 റൺസെടുത്തു.

അവസാന ഓവറിൽ രാഹുൽ ഒരു സിക്സും രണ്ടു ഫോറും നേടി. ആകെ ഏഴ് ഫോറും അഞ്ചു സിക്സും രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു. ജമെയ്സൺ എറിഞ്ഞ ആറാം ഓവറിൽ ഗെയ്ൽ അഞ്ചു ഫോർ ആണ് അടിച്ചെടുത്തത്.

ഗെയ്ലും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ 45 പന്തിൽ 80 റൺസ് കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിന്റെ ഇന്നിങ്സിന് അടിത്തറയേകി. പിന്നീട് ആറാം വിക്കറ്റിൽ ഹർപ്രീതിനെ കൂട്ടുപിടിച്ച് രാഹുൽ 61 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 32 പന്തിൽ നിന്നായിരുന്നു ഇരുവരും ചേർന്ന് 61 റൺസ് അടിച്ചെടുത്തത്. പിരിയാത്ത ഈ കൂട്ടുകെട്ട് അവസാന ഓവറുകളിൽ പഞ്ചാബിന്റെ സ്‌കോറിങ് വേഗത കൂട്ടി.

പ്രഭ്സിമ്രാൻ സിങ്ങ് ഏഴു പന്തിൽ ഏഴു റൺസെടുത്ത് പുറത്തായപ്പോൾ നിക്കോളാസ് പൂരനും ഷാരൂഖ് ഖാനും അക്കൗണ്ട് തുറക്കുംമുമ്പ് ക്രീസ് വിട്ടു. ദീപക് ഹൂഡയുടെ സമ്പാദ്യം ഒമ്പത് പന്തിൽ അഞ്ചു റൺസാണ്.

ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോലി പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാംഗ്ലൂർ നിരയിൽ വാഷിങ്ടൻ സുന്ദറിനു പകരം ഷഹ്ബാസ് അഹമ്മദ് ആദ്യ ഇലവിൽ കളിക്കുന്നു. പഞ്ചാബ് നിരയിൽ മോയ്‌സസ് ഹെന്റിക്വസ്, അർഷ്ദീപ് സിങ്, മായങ്ക് അഗർവാൾ എന്നിവർക്കു പകരം റൈലി മെറിഡത്ത്, പ്രഭ്സിമ്രൻ സിങ്, ഹർപ്രീത് ബ്രാർ എന്നിവർ പ്ലെയിങ് ഇലവനിൽ സ്ഥാനംപിടിച്ചു.