അഹമ്മദാബാദ്: അർഹിച്ച സെഞ്ചുറി ഒരു റൺസിന് നഷ്ടമായെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി പഞ്ചാബ് കിങ്‌സിനായി പടയെ നയിച്ച് മയാങ്ക് അഗർവാൾ. പകരക്കാരൻ നായകന്റെ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ 167 റൺസ് വിജയലക്ഷ്യമുയർത്തി പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസെടുത്തത്.

ഓവറുകൾ തീർന്നതുകൊണ്ടു മാത്രമാണ് ഒരേയൊരു റണ്ണിന് അർഹിച്ച സെഞ്ചുറി മയാങ്ക് അഗർവാളിന് നഷ്ടമായത്. ഓപ്പണറായി ഇറങ്ങിയ അഗർവാൾ 58 പന്തിൽ എട്ടു ഫോറും നാലു സിക്‌സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്നു. അപ്പെൻഡിസൈറ്റിസ് മൂലം ടീമിൽനിന്ന് ഒഴിവായ കെ.എൽ.രാഹുലിനു പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മയാങ്ക് അഗർവാളാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.

പഞ്ചാബ് ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച ഇംഗ്ലിഷ് താരം ഡേവിഡ് മലൻ 26 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 26 റൺസെടുത്തു. പവർപ്ലേയിൽ 35 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന്, മൂന്നാം വിക്കറ്റിൽ അഗർവാൾ മലൻ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 47 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 52 റൺസ്. പിന്നീട് അഞ്ചാം വിക്കറ്റിൽ 23 പന്തിൽ 41 റൺസടിച്ച അഗർവാൾ ഷാരൂഖ് ഖാൻ സഖ്യവും പഞ്ചാബിന് കരുത്തായി. ഇതിൽ 37 റൺസും അഗർവാളിന്റെ വകയാണ്.

പിരിയാത്ത ഏഴാം വിക്കറ്റിൽ വെറും ആറു പന്തിൽനിന്ന് അഗർവാൾ ഹർപ്രീത് ബ്രാർ സഖ്യം 23 റൺസെടുത്തതിൽ 17 റൺസും പിറന്നത് അഗർവാളിന്റെ ബാറ്റിൽനിന്നു തന്നെ! ആവേശ് ഖാൻ എറിഞ്ഞ 20ാം ഓവറിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം അഗർവാളും ഹർപ്രീതും ചേർന്ന് അടിച്ചെടുത്തത് 23 റൺസാണ്. പ്രഭ്‌സിമ്രാൻ സിങ് (16 പന്തിൽ 12), ക്രിസ് ഗെയ്ൽ (ഒൻപത് പന്തിൽ 13), ദീപക് ഹൂഡ (ഒരു പന്തിൽ ഒന്ന്), ഷാരൂഖ് ഖാൻ (അഞ്ച് പന്തിൽ നാല്), ക്രിസ് ജോർദാൻ (മൂന്നു പന്തിൽ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഹർപ്രീത് ബ്രാർ രണ്ടു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു.

ഡൽഹിക്കായി നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ കഗീസോ റബാദയുടെ പ്രകടനം ശ്രദ്ധേയമായി. അക്ഷർ പട്ടേൽ നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. ആവേശ് ഖാൻ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഇഷാന്ത് ശർമ നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 37 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.