വാങ്കഡെ: ഐപിഎല്ലിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. കളിച്ചതിൽ മൂന്ന് കളിയും ജയിച്ചാണ് ബാംഗ്ലൂർ നിൽക്കുന്നത്. മൂന്ന് കളിയിൽ നിന്ന് രണ്ട് തോൽവിയും ഒരു ജയവുമാണ് രാജസ്ഥാന്റെ സമ്പാദ്യം.

ബാറ്റിങ് പ്രയാസം എന്ന് വിലയിരുത്തപ്പെട്ട ചെപ്പോക്കിൽ മൂന്ന് കളിയിലും ജയം പിടിച്ചാണ് ബാംഗ്ലൂർ എത്തുന്നത്. 2020ൽ രാജസ്ഥാനെ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂർ തോൽപ്പിച്ചു. ഡിവില്ലിയേഴ്സ്, മാക്സ് വെൽ എന്നിവരുടെ തകർപ്പൻ ഫോമിലാണ് ബാംഗ്ലൂരിന്റെ കരുത്ത്.

പ്ലേയിങ് ഇലവനിൽ വലിയ തലവേദനകളില്ലാതെ ബാംഗ്ലൂർ വരുമ്പോൾ ആർച്ചറുടെ കൂടി മടക്കം രാജസ്ഥാന് വലിയ തിരിച്ചടിയാവുന്നു. ഓപ്പണിങ്ങിൽ വോഹ്റയുടെ മോശം ഫോം. മധ്യനിരയിൽ സ്ഥിരതയില്ലായ്മ എന്നിവ രാജസ്ഥാന് തലവേദനയാണ്. കഴിഞ്ഞ കളിയിൽ 45 റൺസിനാണ് രാജസ്ഥാനെ ചെന്നൈ തോൽപ്പിച്ചത്.

ഐപിഎല്ലിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോൾ 10 വട്ടം വീതം ഇരുവരും ജയം പിടിച്ചു. ബാറ്റിങ്ങിനെ തുണക്കുന്നതാണ് വാങ്കഡെയിലെ പിച്ച്. കഴിഞ്ഞ 5 ഐപിഎൽ മത്സരങ്ങൾ നോക്കുമ്പോൾ 170 റൺസ് ആണ് ഇവിടുത്തെ ശരാശരി സ്‌കോർ.

സീസണിലെ രാജസ്ഥാന്റെ ആദ്യ കളിയിൽ സെഞ്ചുറി നേടിയെങ്കിലും പിന്നെ വന്ന രണ്ട് കളിയിലും സഞ്ജു നിരാശപ്പെടുത്തി. ഇന്നും സഞ്ജുവിന് സ്‌കോർ ഉയർത്താനായില്ലെങ്കിൽ വീണ്ടും വിമർശനം ശക്തമാവും.