ചെന്നൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഗ്ലെൻ മാക്സ്വെല്ലിന്റെയും എ ബി ഡിവില്ലിയേഴ്സും ബാറ്റിങ് മികവിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഐപിഎൽ 14ാം സീസണിൽ ഹാട്രിക് ജയം സ്വന്തമാക്കിയ കോലിയും സംഘവും ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.

അവസാന ഓവറുകളിൽ തകർത്തടിച്ച റസ്സലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. 20 പന്തുകൾ നേരിട്ട റസ്സൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 31 റൺസെടുത്തു. ഒരു അർധസെഞ്ചുറിയോ അർധസെഞ്ചുറി കൂട്ടുകെട്ടോ പിറക്കാതെ പോയ കൊൽക്കത്ത ഇന്നിങ്‌സിൽ, പ്രധാന ബാറ്റ്‌സ്മാന്മാരെല്ലാം തങ്ങളുടേതായ സംഭാവനകൾ ടീമിന് ഉറപ്പാക്കി. നിരാശപ്പെടുത്തിയത് അഞ്ച് പന്തിൽ രണ്ടു റൺസുമായി പുറത്തായ ദിനേഷ് കാർത്തിക് മാത്രം. സീസണിൽ കൊൽക്കത്തയുടെ രണ്ടാം തോൽവിയാണിത്.

റൺമലയ്ക്ക് മുന്നിൽ പൊരുതാനിറങ്ങിയ കൊൽക്കത്തയ്ക്കായി ശുഭ്മാൻ ഗിൽ തകർത്തടിച്ചാണ് തുടങ്ങിയത്. എന്നാൽ ഒമ്പത് പന്തുകളിൽ നിന്ന് രണ്ടു വീതം ഫോറും സിക്സുമടക്കം 21 റൺസെടുത്ത ഗില്ലിനെ രണ്ടാം ഓവറിൽ തന്നെ ജാമിസൺ പുറത്താക്കി.

പിന്നാലെയെത്തിയ രാഹുൽ ത്രിപാഠിയും തകർത്തടിച്ചാണ് തുടങ്ങിയത്. 20 പന്തിൽ നിന്ന് അഞ്ചു ഫോറുകളടക്കം 25 റൺസെടുത്ത ത്രിപാഠിയെ ആറാം ഓവറിൽ വാഷിങ്ടൺ സുന്ദർ മടക്കി.

പിന്നീട് കൃത്യമായ ഇടവേളകളിൽ കൊൽക്കത്തയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു.

സ്‌കോർ 66-ൽ എത്തിയപ്പോൾ 18 രൺസുമായി നിതിഷ് റാണ മടങ്ങി. പിന്നാലെ രണ്ടു റൺസെടുത്ത ദിനേഷ് കാർത്തിക്കിനെ ചാഹൽ പുറത്താക്കി.ക്യാപ്റ്റൻ ഓയിൻ മോർഗൻ 23 പന്തിൽ നിന്ന് 29 റൺസുമായി മടങ്ങി.

ആറാം വിക്കറ്റിൽ ആന്ദ്രേ റസ്സലും ഷാക്കിബ് അൽ ഹസനും ചേർന്ന് 41 റൺസ് ചേർത്തു. 25 പന്തിൽ നിന്ന് 26 റൺസെടുത്ത ഷാക്കിബ് 18-ാം ഓവറിലാണ് പുറത്തായത്. അവസാന ഓവറിൽ റസ്സലിനെ ഹർഷൽ പട്ടേൽ പുറത്താക്കിയതോടെ കൊൽക്കത്തയുടെ പോരാട്ടം അവസാനിച്ചു.

ആർ.സി.ബിക്കായി കൈൽ ജാമിസൺ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. യുസ്വേന്ദ്ര ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തിരുന്നു.അർധ സെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്സുമാണ് ആർ.സി.ബിക്കായി തിളങ്ങിയത്.

മാക്സ്വെല്ലാണ് ആർ.സി.ബിയുടെ ടോപ് സ്‌കോറർ. 49 പന്തുകൾ നേരിട്ട താരം മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 78 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച ഡിവില്ലിയേഴ്സ് വെറും 34 പന്തുകളിൽ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 76 റൺസോടെ പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ ആറിൽ നിൽക്കേ ക്യാപ്റ്റൻ വിരാട് കോലിയെ (5) വരുൺ ചക്രവർത്തി മടക്കി. പിന്നാലെ അതേ ഓവറിൽ രജത് പട്ടിദാറിനെയും (1) വരുൺ പുറത്താക്കി.

പിന്നാലെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മാക്സ്വെൽ - ദേവ്ദത്ത് സഖ്യമാണ് ആർ.സി.ബി കൂടുതൽ നഷ്ടങ്ങളില്ലാതെ കാത്തത്. ഇരുവരും ചേർന്ന് 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

28 പന്തിൽ നിന്ന് 25 റൺസെടുത്ത പടിക്കലിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പടിക്കൽ പുറത്തായ ശേഷമെത്തിയ എ ബി ഡിവില്ലിയേഴ്സ്, മാക്സ്വെല്ലിനൊപ്പം 53 റൺസ് കൂട്ടിച്ചേർത്തു.

മാക്‌സ്‌വെലും പുറത്തായശേഷം കൈൽ ജാമിസനെ കൂട്ടുപിടിച്ച് ഡിവില്ലിയേഴ്‌സ് നടത്തിയ കടന്നാക്രമണാണ് ബാംഗ്ലൂർ സ്‌കോർ 200 കടത്തിയത്. വെറും 18 പന്തിൽനിന്ന് ഡിവില്ലിയേഴ്‌സും ജാമിസനും ചേർന്ന് അടിച്ചുകൂട്ടിയത് 56 റൺസാണ്! ഇതിൽ 11 റൺസ് മാത്രം ജാമിസൻ വക. ബാക്കിയെല്ലാം ഡിവില്ലിയേഴ്‌സിന്റെ സംഭാവന.

മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കൊൽക്കത്ത ടീം കളത്തിലിറങ്ങുന്നത്. ബാംഗ്ലൂർ ഇന്ന് മൂന്ന് വിദേശ താരങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ഡാൻ ക്രിസ്റ്റിയന് പകരം രജത് പട്ടിദാർ ടീമിൽ ഇടംനേടി.