തെഹ്‌റാൻ: മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന നാല് പേരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസി. ഇറാനിലെ എല്ലാ ഹോട്ടലുകൾക്കും ചിത്രങ്ങൾ കൈമാറിയിട്ടുണ്ട്. സംശയം തോന്നുന്നവരെക്കുറിച്ച് അധികൃതരെ അറിയിക്കാൻ മാനേജർമാരോടും ഉടമകളോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത്. ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ചാരസംഘടന മൊസാദാണെന്ന് ആരോപണവുമായി ഇറാൻ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തി, ഉടൻ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.

മൊഹ്സീനെ അംഗരക്ഷകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. മൊഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് തലവൻ ഹൊസെയിൻ സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്. ഇസ്ലാമിക് റവലൂഷനറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്സ് പ്രൊഫസറായിരുന്നു. 2018ൽ ഇറാന്റെ ആണവപദ്ധതികളെപ്പറ്റിയുള്ള ചർച്ചയിൽ ഫക്രിസാദെഹിന്റെ പേര് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേകം പരാമർശിച്ചിരുന്നു.

മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ തിരിച്ചടിക്കുമെന് സൂചന പുറത്തുവന്നതോടെ ഇസ്രയേൽ പൗരന്മാർ മുസ്ലിം രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ. യുഎഇ, ബഹ്റൈനിൻ, ജോർജിയ, തുർക്കി, ഇറാഖിന്റെ കുർദിഷ് മേഖലകൾ, അഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകരുതെന്നാണ് പൗരന്മാർക്ക് ഇസ്രയേൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാന്റെ ഭീഷണികൾ വിലപ്പോകില്ലെന്നും എന്തിനെയും നേരിടാൻ ഇസ്രയേൽ തയാറാണെന്നും പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാൻ തീരത്തേക്ക് അമേരിക്ക യുദ്ധക്കപ്പലുകൾ നീക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണ് കൊലയ്ക്കു പിന്നിലെന്നാണ് ഇറാന്റെ വാദം. അങ്ങനെയെങ്കിൽ ഇസ്രയേലിനു നേരേ ഏതെങ്കിലും ഒരു തരത്തിൽ നീക്കമുണ്ടായാൽ കനത്ത തിരിച്ചടി ലഭിക്കുമെന്ന താക്കീതുമായാണു യുഎസിന്റെ പടനീക്കം. ഇസ്രയേലിന്റെ വാക്കിനു വഴങ്ങിയാണ് ട്രംപിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഏതെങ്കിലും തരത്തിൽ ഇറാൻ തിരിച്ചടിക്കു മുതിർന്നാൽ ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങൾ തകർക്കാനാണ് തീരുമാനമെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.