ടെഹ്‌റാൻ: സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം പോയിട്ട് മുഖം പുറത്തുകാണിക്കുന്നതിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ. മതഗ്രന്ഥങ്ങളെ വളച്ചൊടിച്ച് പ്രാകൃതകാലത്തേക്ക് ഒരു ജനതയെ നിർബന്ധപൂർവ്വം താലിബാൻ കൂട്ടിക്കൊണ്ടുപോകുന്നു എന്ന ആരോപണങ്ങളും പലയിടങ്ങളിൽ നിന്നും ഉയരുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ശ്രദ്ധിക്കേണ്ടത്.

ശിരോവസ്ത്രമണിഞ്ഞ എന്നാൽ, മുഖം മറയ്ക്കാത്ത ഒരു സ്ത്രീ ഒരു തെരുവിലിരുന്ന് തന്റെ ഗിറ്റാറിൽ മനോഹരമായി ഗാനം ആലപിക്കുകയാണ്. അവർ അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തുന്ന ഒരു പുരുഷൻ അവരോട് തട്ടിക്കയറുന്നു. സ്ത്രീകൾ പാട്ടുപാടരുതെന്ന് പറഞ്ഞ് അവരെ തടസ്സപ്പെടുത്തുകയാണയാൾ. ഇതിനെ ചോദ്യം ചെയ്യുന്ന മറ്റു സ്ത്രീകളോട് സ്ത്രീകൾ പാടുന്നത് നിരോധിച്ചിരിക്കുകയാണെന്നും ഇയാൾ പറയുന്നു.

ഇസ്ലാമിക വിശ്വാസമനുസരിച്ച് സംഗീതം ഹറാമാണെന്നും, പ്രത്യേകിച്ച് സ്ത്രീകൾ പാട്ടുപാടരുതെന്നും അയാൾ ആവർത്തിക്കുന്നു. എന്നാൽ, പാട്ടുപാടിയേ തീരു എന്നാണെങ്കിൽ, പൊതുയിടങ്ങളിലല്ല മറിച്ച് വീടിനുള്ളിൽ ഇരുന്ന് മറ്റാരും കേൾക്കാതെ പാട്ടുപാടാനും അയാൾ നിർദ്ദേശിക്കുന്നുണ്ട്. ഏറെ വൈകാതെ അവിടെയൊരു ജനക്കൂട്ടം രൂപപ്പെടുന്നു. ആണും പെണ്ണും അടങ്ങിയ ജനക്കൂട്ടം ആ സദാചാരപൊലീസിനോട് കയർക്കുവാൻ തുടങ്ങി.

രാജ്യം സാമ്പത്തിക തകർച്ചയും പട്ടിണിയും ഉൾപ്പടെ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണെന്നും അതെല്ലാം പരിഹരിക്കുവാൻ മാർഗ്ഗങ്ങൾ ആലോചിക്കുവാനും അവർ അയാളോട് ആവശ്യപ്പെടുന്നു. സ്ത്രീകൾ പാട്ടുപാടിയതുകൊണ്ട് ഇതുവരെ ആരും പട്ടിണികിടന്നിട്ടില്ലെന്നും ഒരിടത്തും ബോംബുപൊട്ടിയിട്ടില്ലെന്നും അവർ ഓർമ്മിപ്പിക്കുന്നു. നിസ്സാര പ്രശ്നങ്ങൾക്ക് പുറകേ തൂങ്ങി സമയം മിനക്കെടുത്താതെ രാജ്യത്തെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ജനക്കൂട്ടം അയാളെ ഉപദേശിക്കുന്നുമുണ്ട്.

സദാചാരപൊലീസ് ചമഞ്ഞെത്തിയവന് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയ ജനക്കൂട്ടം ആ സ്ത്രീയോട് തുടർന്ന് പാടാൻ ആവശ്യപ്പെടുന്നു. പാട്ട് ആരംഭിച്ച ആ സ്ത്രീയുടെ പാട്ട് അവർ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉടനെ വൈറൽ ആവുകയായിരുന്നു. നിരവധിപേരാണ് ജനമുന്നേറ്റത്തേ അഭിനന്ദിച്ചുകൊണ്ടും ആ ഗായികയ്ക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും രംഗത്തെത്തിയത്. പ്രമുഖ വനിതാ പത്രപ്രവർത്തകയായ മസിയ അലിനെജാദ് ആണ് ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.