തിരുവല്ല: സിപിഎം ഭരിക്കുന്ന ഇരവിപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ 17.50 ലക്ഷം രൂപയുടെ സാധനങ്ങൾ സ്റ്റോക്കിൽ കുറവിൽ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറി. ബിജെപിയാകട്ടെ ഇങ്ങനെ ഒരു അഴിമതി നടന്നുവെന്ന് അറിഞ്ഞിട്ടു പോലുമില്ലാത്ത തരത്തിലാണ് പെരുമാറുന്നത്. മരുന്ന് കാണാതായ സംഭവത്തിൽ ജീവനക്കാരെ കുറ്റക്കാരാക്കി ഭരണ സമിതി തലയൂരുകയും ചെയ്്തു.

കോൺഗ്രസ് ഭരിക്കുന്ന തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിനെതിരെ നിരന്തരം സമരം നടത്തിയ സിപിഎമ്മിനെതിരെ പ്രയോഗിക്കാൻ ഒരു ആയുധം കിട്ടിയിട്ടും അത് രാഷ്ട്രീയമായി അത് ഉപയോഗിക്കാത്തത് അഴിമതിയുടെ കൂട്ടു കച്ചവടമാണെന്നാണ് ആക്ഷേപം.

ഇപ്പോഴത്തെ പ്രസിഡന്റിന്റെ ബന്ധുവായ മുതിർന്ന നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് കോൺഗ്രസ് സമരത്തിൽ നിന്ന് പിന്മാറിയതെന്ന് പറയപ്പെടുന്നു. അതേ സമയം വിഷയത്തിൽ ബിജെപി മൗനം പാലിക്കുകയാണ്. സിപിഎം പാനലിൽ വിജയിച്ച് ഇപ്പോൾ ബിജെപി ഭാരവാഹിയായിരിക്കുന്ന ആളും ബാങ്കിന്റെ ഡയറക്ടർ ബോർഡിലുണ്ട്. സിപിഎം വിട്ടിട്ടും ഇദ്ദേഹം സ്ഥാനം രാജിവച്ചിട്ടില്ല.

ഇരവിപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ 17.5 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തുകയും ഇത് ജീവനക്കാരുടെ തലയിൽക്കെട്ടി വയ്ക്കുകയുമാണ് ചെയ്തത് . പൊലീസ് കേസെടുത്ത് ജീവനക്കാരെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഓരോ ജീവനക്കാരനെക്കൊണ്ടും 5, 87000 രൂപ വീതം അടപ്പിച്ചത്.

സംഭവത്തിൽ സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. മറുനാടൻ മലയാളിയിൽ വന്ന വാർത്തയെ തുടർന്നാണ് പല ഏരിയ കമ്മിറ്റി അംഗങ്ങളും വിവരം അറിഞ്ഞത്. സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ വലംകൈയായിരുന്ന നേതാവാണ് ഇരവിപേരൂർ സർവീസ് സഹകരണ സംഘത്തിന്റെ ഭരണത്തിന് 28 വർഷമായി നേതൃത്വം നൽകുന്നത്.

മെഡിക്കൽ സ്റ്റോറിന് പുറമേ സഹകരണ സംഘത്തിലും ക്രമക്കേടുകൾ ഉണ്ടെന്ന ആക്ഷേപം എതിർ വിഭാഗം ഉയർത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച ഇപ്പോഴത്തെ ഏരിയ സെക്രട്ടറിയുടെ നേതത്വത്തിൽ നീതി മെഡിക്കൽ സ്റ്റോർ സന്ദർശിച്ചു. സംഘത്തിലെ പർച്ചേസ് കമ്മിറ്റിയുടെ ഉത്തരവാദിത്വം സംബന്ധിച്ച് ഏരിയ കമ്മിറ്റിയിൽ വിശദീകരണം ചോദിക്കുമെന്ന് ചില കമ്മിറ്റി അംഗങ്ങൾ സൂചിപ്പിച്ചു.

അതീവ രഹസ്യമായി മൂടി വച്ചിരുന്ന വിവരം പുറത്തായതിനെ തുടർന്ന് പരിശോധന നടത്തിയ സഹകരണ ഇൻസ്പെക്ടറെ മുൻ ഏരിയ പ്രസിഡന്റ് ഭീഷണിപ്പെടുത്തി. സഹകരണ ഉദ്യോഗസ്ഥർ വായ തുറന്നാൽ സ്ഥലം മാറ്റുമെന്നാണ് ഭീഷണി. കോൺഗ്രസിന് പിന്നാലെ ബിജെപിയും വിഷയത്തിൽ മൗനം പാലിക്കാനുള്ള നീക്കം അട്ടിമറിയുടെ ഭാഗമാണെന്നും പറയുന്നു.