ഇരിങ്ങാലക്കുട: ആനീസ് കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്‌പി. കെ. സുദർശന്റെ നേതൃത്വത്തിൽ ഡിവൈ.എസ്‌പി.മാരായ കെ. സുകുമാരൻ, കെ. ഉല്ലാസ്, സിഐ. സി.എൽ. ഷാജു എന്നിവരടങ്ങിയ ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണ സംഘം ഇരിങ്ങാലക്കുടയിലെത്തി കൊലപാതകം നടന്ന വീടും പരിസരവും പരിശോധിച്ചു. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരും അവരോടൊപ്പമുണ്ടായിരുന്നു.

2019 നവംബർ 14-ന് വൈകീട്ടാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസിനെ (58) വീടിനുള്ളിൽ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട മുൻ ഡിവൈ.എസ്‌പി. ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഘാതകരെ കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. ഇതിനിടയിൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് വീട്ടുകാർ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. കൊലപാതകം നടന്ന് ഒരു വർഷം തികയുന്ന ദിവസം ആനീസിന്റെ ബന്ധുക്കൾ സമരം നടത്തിയിരുന്നു.

ആനീസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പിന്നിട്ടിട്ടും കൊലപാതകിയെ കുറിച്ച് പൊലീസിന് തുമ്പുണ്ടാക്കാനായിരുന്നില്ല. മിക്ക ദിവസങ്ങളിലും രാവിലെ നടക്കാനിറങ്ങുന്ന ആനീസ് കണ്ടു മുട്ടുന്നവരോടും ഇടപഴകുന്നവരോടുമെല്ലാം വളരെ സൗഹാർദപരമായി പെരുമാറിയിരുന്ന പ്രകൃതമായിരുന്നു. അതുകൊണ്ട് തന്നെ ആനീസിന്റെ ഘാതകരെ കണ്ടത്തണമെന്ന ആവശ്യം നാട്ടുകാർ ഒരു പോലെ ആഗ്രഹിക്കുന്നു. പക്ഷേ പൊലീസിന് ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാനായിരുന്നില്ല.

മക്കൾ വിദേശത്തായിരുന്ന ആനീസ് വീട്ടിൽ തനിച്ചായിരുന്നുവെങ്കിലും വളരെ ധീരമായ വ്യക്തിത്വം പ്രകടിപ്പിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു. ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്നതിലെ അപകട സാദ്ധ്യത മുന്നിൽ കണ്ട് തന്റെ തലയിണക്ക് കീഴിൽ ഒരു വെട്ടു കത്തിയും കട്ടിലിനു താഴെയായി ഒരു ഇരുമ്പ് പൈപ്പും സദാ സമയം സൂക്ഷിച്ചിരുന്ന സ്ത്രീ. അപരിചിതർ ആരെങ്കിലും വീട്ടിൽ വന്നാൽ ജനൽ വാതിൽ മാത്രം തുറന്ന് സംസാരിക്കുന്ന ആനീസിനെ വീട്ടിലെ ഇരിപ്പുമുറിയിൽ കൊലപ്പെട്ട നിലയിലാണ് കണ്ടെത്തിയത് എന്നതും, പിൻവാതിൽ പുറത്ത് നിന്നും പൂട്ടിയിരുന്നതും കൊല നടത്തിയത് പരിചയക്കാരായിക്കാം എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊണ്ട് തന്നെ കൊലയാളി അടുത്തു തന്നെയുണ്ടെന്ന് നാട്ടുകാർ കരുതുന്നു.

2019 നവംബർ 14നു കൊല്ലപ്പെട്ട ആനീസിന്റെ ഘാതകൻ അല്ലെങ്കിൽ ഘാതകർ ആരെന്നോ കൊല നടത്തിയത് എന്തിനുവേണ്ടിയെന്നോ ഉള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ അറവുശാലയ്ക്കു സമീപം പരേതനായ മാംസവ്യാപാരി കൂനൻ പോൾസന്റെ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിങ് റൂമിനോടു ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആനീസ് ധരിച്ചിരുന്ന സ്വർണവളകൾ മോഷണം പോയിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന പണമോ മറ്റ് ആഭരണങ്ങളോ നഷ്ടപ്പെട്ടിരുന്നില്ല. മോഷണമായിരുന്നു കൊലയ്ക്കു പിന്നിലെന്നു സംശയിക്കാമെങ്കിലും വീട്ടിലെ മറ്റുള്ള ആഭരണങ്ങളോ പണമോ നഷ്ടമാകാതിരുന്നതു ദുരൂഹമാണ്.

ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പൊലീസിന്റെ അന്വേഷണം ഊർജിതമാണെന്നതിനാലും അനാസ്ഥയില്ലെന്നതിനാലും ആരും ഈ കേസ് വേറെ ഏതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ആനീസിന്റെ വീട്ടിൽനിന്ന് യാതൊരു തെളിവും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ആയുധം പൊതിഞ്ഞുകൊണ്ടുവന്നതാണെന്ന് സംശയിക്കുന്ന ഒരു മലയാള ദിനപ്പത്രത്തിന്റെ തൃശൂർ എഡിഷന്റെ പേജു മാത്രമാണ് ഇതുവരെ പൊലീസിനു ലഭിച്ചത്. ആയുധം കണ്ടെത്താൻ സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിത്തെളിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സിസി ടിവി കാമറ കൊലപാതകം നടന്ന വീട്ടിലോ അയൽപക്കങ്ങളിലോ ഇല്ലെങ്കിലും, വീട്ടിലേക്കുള്ള വഴിയിലുള്ള സിസി ടിവി കാമറകളിലെ ദൃശ്യങ്ങളും ചാനലുകാർ പകർത്തിയ ദൃശ്യങ്ങളുമെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അതെല്ലാം വെറുതെയായി. ഇതരസംസ്ഥാനക്കാർ, ആനീസിന്റെ ലൗ ബേർഡ്‌സ് ബിസിനസിലെ ഇടപാടുകാർ, ബന്ധുക്കൾ തുടങ്ങി നിരവധിപേരെ ആനീസ് കേസുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാൻ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി 14നു വൈകീട്ട് വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതിൽ പുറത്തുനിന്ന് അടച്ചനിലയിൽ കണ്ടത്.

തുടർന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഡ്രോയിങ് മുറിക്കടുത്തുള്ള മുറിയിൽ രക്തത്തിൽ കുളിച്ചുമരിച്ച നിലയിൽ ആനീസിനെ കണ്ടത്. കോമ്പാറ ആനീസ് വധക്കേസിൽ സൂചനകൾ ലഭിക്കാൻ പൊലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. സെന്റ് തോമസ് കത്തീഡ്രൽ ഓഫീസ് പരിസരത്തും മാർക്കറ്റിലുമാണ് ജനമൈത്രി പൊലീസിന്റെ പേരിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളവരെ ലക്ഷ്യമാക്കിയാണ് പെട്ടികൾ സ്ഥാപിച്ചത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.

ആനീസിന്റെ കുറ്റവാളികളെ പിടികൂടുന്നതിനുള്ള മറ്റൊരു സൂചനയും പൊലീസ് പുറത്തു വിട്ടിരുന്നു. ആനീസ് പതിവായി കൈയിൽ ധരിക്കാറുള്ള വളകളുടെ ഫോട്ടോ ആയിരുന്നു ഇത്. ഈ വളകൾ ആരെങ്കിലും വിൽക്കാനോ, പണയംവെയ്ക്കാനോ കൊണ്ടുവരികയാണെങ്കിൽ പൊലീസിൽ വിവരമറിയിക്കാൻ പൊലീസ് അറിയിക്കുകയും ചെയ്തു. അതും കേസിന് തുമ്പുണ്ടാക്കിയില്ല.

സംഭവം നടക്കുമ്പോൾ മൂന്ന് പെൺമക്കൾ ഭർത്തൃവീടുകളിലായിരുന്നു. മകനും ഭാര്യയും ഇംഗ്ലണ്ടിലും. ആഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ കൊലപാതകമെന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും അരിച്ചുപെറുക്കി.

എന്നാൽ, വിരലടയാളമോ മറ്റു തെളിവുകളോ ലഭിച്ചില്ല. പ്രതി ആയുധം പൊതിഞ്ഞുകൊണ്ടുവന്നതെന്നു കരുതുന്ന നവംബർ 13-ലെ പത്രക്കടലാസ് മാത്രമാണ് പൊലീസിന് ലഭിച്ച ആകെ തെളിവ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധിപേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.