മലപ്പുറം: എടപ്പാളിയിൽ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്ത പൂക്കരത്തറയിലെ മാലിന്യ കിണർ മണ്ണിട്ട് നികത്തുമെന്ന് എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സിവി സുബൈദ അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതിയുള്ള സ്ഥലമാണിത്. അതിനാൽ തന്നെ നികത്താനായി ഉടമക്ക് നിർദ്ദേശം നൽകുമെന്നും മൃതദേഹം തിരയുന്നതിന്റെ ഭാഗമായി പുറത്തെടുത്ത മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നും സിവി സുബൈദ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള സംഘം തിരച്ചിൽ നടക്കുന്ന സമയത്ത് പ്രദേശം സന്ദർശിച്ചിരുന്നു. തിരിച്ചിലിന്റെ ഭാഗമായി ലോഡ് കണക്കിന് മാലിന്യമാണ് കിണറിൽ നിന്നും പുറത്തെടുത്തിട്ടുള്ളത്. രണ്ട് ദിവസമായി നടന്ന തിരിച്ചിലിന്റെ ഭാഗമായി പുറത്തെടുത്ത മാലിന്യങ്ങൾ പ്രദേശത്തെ ജനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ടെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിരുന്നു. മാലിന്യം ഇവിടെ കൂട്ടിയിടുന്നത് പ്രദേശത്തെ കിണറുകളിലെ ജലം മലിനമാക്കുന്നതിന് കാരണമാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

മാലിന്യം സംസ്‌കരിക്കണമെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് കിണർ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്വന്തം നിലയിൽ ഇത്രയും അധികം മാലിന്യം സംസ്‌കരിക്കാൻ ഭൂഉടമക്ക് കഴിയില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം പഞ്ചായത്ത് ഇടപെട്ട് സംസ്‌കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ന് പഞ്ചായത്ത് ഇതിനായി അടിയന്തിര യോഗം ചേരുന്നുണ്ട്. വർഷങ്ങളായി ഈ കിണർ ഇതേ രീതിയിൽ ഈ പ്രദേശത്ത് മാലിന്യം തള്ളൽ കേന്ദ്രമായി നിലനിൽക്കുന്നുണ്ടെങ്കിലും ആരു പരാതിപ്പെട്ടിരുന്നില്ലെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

അതേ സമയം മൃതദേഹം പുറത്തെടുക്കുന്നതിന്റെ ഭാഗമായി രണ്ട് മീറ്ററോളം താഴ്‌ച്ചയിൽ കിണറിൽ നിന്നും മാലിന്യം പുറത്തെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളകളുടെ സഹായത്തോടെയാണ് മാലിന്യം പുറത്തെടുത്തത്. കിണറിനകത്ത് രണ്ട് മീറ്ററിലധികം വ്യപ്തിയുള്ള ചെറിയ ഗുഹയുണ്ടായിരുന്നു. ഈ ഗുഹക്കകത്ത് നിന്നാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്തത്. ആറ് മാസം പിന്നിട്ടുട്ടും ചാക്കിന്റെ കെട്ട് അഴിയാതിരുന്നതും ചണം കൊണ്ടുള്ള ചാക്ക് ദ്രവിക്കാതിരുന്നത് മൃതദേഹത്തിന്റെ മുഴുവൻ അവശിഷ്ടങ്ങളും അന്വോഷണ സംഘത്തിന് കണ്ടെത്താനായി.

രണ്ടാം ദിവസത്തിലേക്ക് കടന്ന തിരച്ചിലിൽ തൊഴിലാളികൾ ക്ഷീണിതരായിരുന്നു. ക്ഷീണം കാരണം തൊഴിലാളികൾ തിരച്ചിലിൽ നിന്നും പിന്മാറിയാൽ പൊലീസിനെ ഉപയോഗിച്ച് തിരച്ചിൽ തുടരാനും പദ്ധതിയുണ്ടായിരുന്നു.ഇതിന്റെ ഭാഗമായി ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ ആഴ്ചയേറിയ കിണറിൽ നേരിട്ട് ഇറങ്ങി പരിശോധ നടത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ദിവസത്തെ തിരച്ചിലിന്റെ അവസാനത്തോടെ തന്നെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പൂർണ്ണമായും ലഭിച്ചതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.