തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിലെ ഇന്നത്തെ നേതാക്കളായി വളർന്നു നിൽക്കുന്നവരിൽ മിക്കവരെയും വളർത്തിയെടുത്തത് സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ കരുണാകരനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അവസാന കാലഘട്ടങ്ങളിൽ അനാവശ്യമായി പിടിവാശികളും ഗ്രൂപ്പുകളികളും കൊണ്ട് നിറഞ്ഞതായിരുന്നു. അതിന് മുമ്പ് കെ കരുണാകരന്റെ കൂടെ നിന്ന നേതാക്കൾ പോലും അവസരം നോക്കി മറുകണ്ടം ചാടി. അന്ന് എ ഗ്രൂപ്പൂ രാഷ്ട്രീയത്തിന്റെ ചാണക്യനായി നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തിലെ അവസാന വാക്കായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ, പുതുരാഷ്ട്രീയത്തെ അംഗീകരിക്കാതെ അനാവശ്യ പിടിവാശികൾ കൊണ്ട് ഉമ്മൻ ചാണ്ടിക്കും ചുവടു പിഴയ്ക്കുകയാണോ? അതോ കരുണാകര ശാപം ഉമ്മൻ ചാണ്ടിയെയും വേട്ടയാടുകയാണോ?

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഒരു ടേണിങ് പോയിന്റിൽ നിൽക്കുമ്പോൾ മുഖ്യമായും ഉയരുന്നത ചോദ്യം ഇതൊക്കെയാണ്. ഉമ്മൻ ചാണ്ടി നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയം അസ്തമയ പാതയിലാണോ എന്നതാണ് അറിയേണ്ടത്. സ്വന്തം ഗ്രൂപ്പിൽ ചങ്കായിരുന്നവർ പോലും ഉമ്മൻ ചാണ്ടിയും പിടിവാശിയെ അംഗീകരിക്കുന്നില്ല. ചിലർ മറപക്ഷത്തേക്ക് നീങ്ങിക്കഴിഞ്ഞു. ഒരു കാലത്ത് എങ്ങനെയാണോ കരുണാകര പക്ഷത്തു നിന്നും ഉമ്മൻ ചാണ്ടി നേതാക്കളെ അടർത്തിയെടുത്തത് അതേ മാതൃകയാണ് ഇപ്പോൾ കെ സുധാകരനും വി ഡി സതീശനും അടങ്ങുന്നവർ ചെയ്യുന്നത്. ഒപ്പം പിതാവിന് വേണ്ടി കണക്കു ചോദിക്കുപോലെ കെ മുരളീധരനും ഇവർക്കൊപ്പമുണ്ട്.

ഉമ്മൻ ചാണ്ടി സമീപകാല രാഷ്ട്രീയത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ ആഴം അറിയണമെങ്കിൽ അദ്ദേഹത്തിന്റെ വാത്സല്യ പുത്രനായ ടി സിദ്ദിഖിന്റെ മറുകണ്ടം ചാട്ടം അറിയണം. കെപിസിസി വർക്കിങ് പ്രസിഡന്റായ ടി സിദ്ദിഖ് എ ഗ്രൂപ്പിൽ നിന്നും ഏതാണ്ടു പൂർണമായും പുറത്തു പോയിക്കഴിഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്നത് അനുസരിച്ച് ഗ്രൂപ്പു രാഷ്ട്രീയത്തേക്കാൾ വിശാല നിലപാടിലാണ് സിദ്ദിഖിപ്പോൾ. കെ സുധാകരനും വി ഡി സതീശനും അടങ്ങുന്ന ചേരിക്കൊപ്പമായി ഉമ്മൻ ചാണ്ടി പിടിവാശി പിടിച്ച് കൽപ്പറ്റ സീറ്റ് വാങ്ങി നൽകിയ സിദ്ദിഖ്.

ദീർഘകാലമായി കൈവശം വച്ചിരുന്ന കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടതിൽ എ ഗ്രൂപ്പിൽ കടുത്ത അമർഷം പുകയുന്നത് സിദ്ദിഖിനെതിരെയാണ്. ഉമ്മൻ ചാണ്ടി നിർദേശിച്ച പേരു മറികടന്ന് ഐ ഗ്രൂപ്പുകാരനെ പിന്തുണച്ച ടി. സദ്ദിഖ് എംഎൽഎയ്ക്കെതിരായാണു പടയൊരുക്കവുമണ്ട്. ഗ്രൂപ്പിന്റെ വക്താവായിരുന്നയാൾ ഇപ്പോൾ ഗ്രൂപ്പില്ലെന്നു പറയുന്നത് ആത്മവഞ്ചനയാണെന്ന് പാർട്ടി വക്താവ് കൂടിയായ കെ.സി.അബു പറഞ്ഞു. ഒന്നര പതിറ്റാണ്ടായി കൈവശമിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനമാണ് എ ഗ്രൂപ്പിന് നഷ്ടമായത്. കാര്യമായ പേരുകളൊന്നും നിർദേശിക്കാനില്ലാത്തതായിരുന്നു പ്രധാന കാരണം.

കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ കിടാവിന്റ പേര് ഉമ്മൻ ചാണ്ടി നിർദേശിച്ചെങ്കിലും കാര്യമായ പിന്തുണ കിട്ടിയില്ല. ജില്ലയിൽ നിന്നുള്ള പ്രധാന നേതാവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ ടി. സിദ്ദിഖ് പോലും ഐ ഗ്രൂപ്പുകാരനായ കെ. പ്രവീൺകുമാറിനെയാണ് പിന്തുണച്ചത്. ഇതാണ് എ ഗ്രൂപ്പിലുയരുന്ന അമർഷത്തിനു കാരണം. ഗ്രൂപ്പിന്റെ ഭാഗമായിരുന്നയാൾ ഗ്രൂപ്പിനതീതനാണെന്നു പറഞ്ഞാൽ അത് കബളിപ്പിക്കലാണെന്നായിരുന്നു സിദ്ദിഖിനെ ഉന്നമിട്ടുള്ള കെ.സി.അബുവിന്റെ പരാമർശം.

ഡിസിസി പുനഃസംഘടന കവിഞ്ഞതോടെ എ ഗ്രൂപ്പ് ഏതാണ്ട് പൂർണമായും ഛിന്നഭിന്നമായി കഴിഞ്ഞു. തിരുവഞ്ചൂർ രാധാൃഷ്ണൻ അടക്കമുള്ള നേതാക്കൾ പുതിയ നേതൃത്വത്തോടൊപ്പം ചേർന്ന നിലയിലാണ്. ഇതോടെ ഉമ്മൻ ചാണ്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഉമ്മൻ ചാണ്ടി പരസ്യമായി വിമർശനം ഉന്നയിച്ചിട്ടും പിന്തുണ നല്കാൻ പല നേതാക്കളും തയ്യാറായില്ല. കോട്ടയത്ത് തിരുവഞ്ചൂരിന്റെ നോമിനി അധ്യക്ഷനായതോടെ സ്വന്തം തട്ടകത്തിൽ പോലും ഉമ്മൻ ചാണ്ടിക്ക് വെല്ലുവിളി ഉയർന്നിരിക്കുകയാണ്.

കേഡർ സംവിധാനം പോലെ പ്രവർത്തിച്ചിരുന്ന എ ഗ്രൂപ്പ് അപ്പാടെ ശിഥിലമാകുന്ന കാഴ്ചയാണ് പുനഃസംഘടനയോടെ കാണാനായത്. ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായതാകട്ടെ സാക്ഷാൽ ഉമ്മൻ ചാണ്ടിക്കും. വലം കൈയായി കൂടെ നിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു തുടങ്ങിയെന്നാണ് വിവരം.സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾ ഉണ്ടായപ്പോൾ തന്നെ ഇത് പ്രകടമായിരുന്നു.

കെ.സി ജോസഫ് , കെ ബാബുവും മാത്രമാണ് ഉമ്മൻ ചാണ്ടി കേഡറിൽ നിൽക്കുന്നത്. ബെന്നി ബഹനാൻ ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടെങ്കിലും യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് എം എം ഹസനെ നിയമിച്ചതിൽ അതൃപ്തനായിരുന്നു. അദ്ദേഹം ഒരു ഘട്ടത്തിൽ ചെന്നിത്തലയുമായി കൈകോർക്കാനും തയ്യാറായി. ഇപ്പോൽ ബെന്നി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി നിൽക്കുമ്പോഴും പഴയ കരുത്തുപോരാ. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചത് പോലും പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ മുൻ നിർത്തിയെന്ന് വ്യക്തം. ഇതോടെ തട്ടകമായ കോട്ടയം ജില്ലയിൽ പോലും ഉമ്മൻ ചാണ്ടിക്ക് ശക്തി ക്ഷയിച്ച് തുടങ്ങി. മുൻപ് കാണാത്ത വിധം വിമർശം ഉന്നയിച്ചിട്ടും ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കാൻ തിരുവഞ്ചൂർ പോലും എത്തിയില്ല.

കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ താല്പര്യമനുസരിച്ചല്ല പ്രഖ്യാപനം ഉണ്ടായത്. ഉമ്മൻ ചാണ്ടി നല്കിയ മൂന്ന് പേരുകളിൽ ആദ്യത്തേത് തന്നെ തിരുവഞ്ചൂരിന്റെ നോമിനിയായ നാട്ടകം സുരേഷായിരുന്നു. തിരുവഞ്ചൂരിനും കെ.സി വേണുഗോപാലിനും പി.ടി തോമസിനും ഏറെ വേണ്ടപ്പെട്ട സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയത് ഉമ്മൻ ചാണ്ടിക്കുള്ള തിരിച്ചടിയായി തന്നെ വിലയിരുത്താം. ഇതാദ്യമായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ കയ്യിൽ നിന്നും കോട്ടയം ഡിസിസിയുടെ അമരത്വം വഴുതി പോകുന്നത്.

എ ഗ്രൂപ്പിനൊപ്പമായിരുന്നു ഷാഫി പറമ്പിൽ ഇപ്പോൾ നിശബ്ദനാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഷാഫി പിന്തുണച്ചത് സതീശനെ ആയിരുന്നു. എ വി ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും വെട്ടാനും ഷാഫി സതീശൻ വിഭാഗവുമായി കൈകോർത്തു എന്നും സൂചനകളുണ്ട്. എ ഗ്രൂപ്പിൽ ഉറച്ചു നിന്ന കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽഎയും ഇപ്പോൾ നിശബ്ദനാണ്.

പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ ഉടലെടുത്തതോടെ എ ഗ്രൂപ്പിന്റെ ഭാവി ആശങ്കയിലാണ്. അതുകൊണ്ട് തന്നെ കടുത്ത നിലപാടുകളിലേക്ക് ഉമ്മൻ ചാണ്ടി പോകുമോ എന്നാണ് ഇനി അറിയേണ്ടത്. തങ്ങളെ തീർത്തും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ നേതൃത്വം മുന്നോട്ടുപോകുന്നതെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിലയിരുത്തുന്നുണ്ട്. ഇത് അനുവദിച്ചുകൊടുത്താൽ പാർട്ടിയിൽ തങ്ങൾക്കും തങ്ങളോടൊപ്പം നിൽക്കുന്നവർക്കും സ്ഥാനമുണ്ടാകില്ലെന്നും അവർ കരുതുന്നു. അതുകൊണ്ട് തന്നെ ഒരു പുതുചേരി സൃഷ്ടിക്കാൻ ഇരുവരും കൈകോ്ർത്ത് മുന്നോട്ടു പോകാനാണ് ഒരുങ്ങുന്നത്.

പട്ടികയുണ്ടാക്കുന്നതിൽ ഐ ഗ്രൂപ്പിനെ പൂർണമായും അവഗണിച്ച നേതൃത്വം എ ഗ്രൂപ്പിനെ ശിഥിലമാക്കാനാണു ശ്രമിച്ചത്. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ നോമിനിയെ പ്രസിഡന്റായി നിശ്ചയിച്ചെങ്കിലും ഐ ഗ്രൂപ്പിനെ അവർ കാര്യമായ ഭീഷണിയായി കാണുന്നില്ല. ആ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് പുതിയ നേതൃത്വത്തിന് അനുകൂലമായി വാദിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. കെ. മുരളീധരനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തെന്നു കരുതിയിരുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും പട്ടികയെ ന്യായീകരിച്ചു രംഗത്തുവന്നത് അതിന്റെ ഭാഗമായാണ്.

ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്ന കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരൊക്കെ പഴയ ഐ ഗ്രൂപ്പുകാരായതിനാൽ കൂടുതലാളുകളെ ഒപ്പം കൊണ്ടുവരാൻ അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റായി പ്രവീൺകുമാറിനെ തീരുമാനിച്ചതോടെ മുരളീധരൻ പുതിയ നേതൃത്വത്തിനൊപ്പമാകുകയും ചെയ്തു. എ ഗ്രൂപ്പിന്റെ സ്ഥിതി അതല്ല. എ ഗ്രൂപ്പ് കുറേക്കൂടി ശക്തവും സംഘടനാപരമായി യോജിപ്പുള്ളതുമാണ്. അത് തകർക്കുന്നതിൽ പുതിയ നേതൃത്വം ഒരുപരിധി വരെവിജയിച്ചു കഴിഞ്ഞു. എ ഗ്രൂപ്പിന്റെ പക്കലുണ്ടായിരുന്ന മിക്കവാറും ജില്ലകളിൽ അതേ ഗ്രൂപ്പിൽനിന്നുതന്നെ ഉമ്മൻ ചാണ്ടി നിർദേശിക്കാത്തവരെ പരിഗണിക്കുകയായിരുന്നു. അത്തരത്തിൽ ഗ്രൂപ്പിനുള്ളിൽ വിള്ളലുണ്ടാക്കാനും പുതിയ നേതൃത്വത്തിന് കഴിഞ്ഞു.

ഇതോടൊപ്പമാണ് എ ഗ്രൂപ്പ് നേതാക്കൾക്കെതിരേയുള്ള നടപടി നീക്കവും. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്യപ്പെട്ട പി.എസ്. പ്രശാന്തും കെ. ശിവദാസൻ നായരും എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളാണ്. ഇരുവരും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരുമാണ്. ഇതും എ ഗ്രൂപ്പിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഡി.സി.സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്ന ചർച്ചയിലേക്ക് താമസിയാതെ നേതൃത്വം കടക്കും. എന്നാൽ കടുംപിടുത്തം തുടരാനാണ് ഗ്രൂപ്പുകളുടെ നീക്കം. ഇല്ലെങ്കിൽ വീണ്ടും സുധാകരനും സതീശനും കെ.സി വേണുഗോപാലും ചേർന്ന് വെട്ടിയൊതുക്കുമെന്ന ആശങ്കയും ഗ്രൂപ്പുകൾക്കുണ്ട്.

കെപിസിസിയുടെ ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിക്കണം. ഡി.സി.സികളിൽ അധ്യക്ഷന് പുറമേയുള്ള ഭാരവാഹികളെ കൂടി തീരുമാനിക്കണം. നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളികൾ തുടരുകയാണ്. ജംബോ പട്ടിക വേണ്ടെന്ന് കൂട്ടായി തന്നെ തീരുമാനിച്ചതാണ്. 51ൽ ഒതുങ്ങണം കമ്മറ്റി. കെ സുധാകരനും സതീശനും അടങ്ങുന്ന നേതൃത്വത്തിന്റെ നീക്കത്തിന് കാത്തിരിക്കുകയാണ് ഗ്രൂപ്പുകൾ. വെട്ടിയൊതുക്കാനാണ് ശ്രമമെങ്കിൽ വെല്ലുവിളിച്ച് തന്നെ നിൽക്കാനാണ് ഗ്രൂപ്പ് മാനേജർമാരുടെ തീരുമാനം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉറപ്പിച്ച് പരസ്പരം സഹകരണത്തിലേക്ക് ഗ്രൂപ്പുകൾ നീങ്ങുമെന്നത് ഉറപ്പ്. പരസ്യ പ്രതികരണത്തിലേക്ക് മുതിർന്ന നേതാക്കൾ ഒരു പോലെ നീങ്ങിയതും കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതടക്കം മുന്നിൽ കണ്ടാണ്.