മുംബൈ: ഷീന ബോറ കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഷീന ജീവനോടെയുണ്ടെന്ന് അവകാശവാദവുമായി ഷീന ബോറ കൊലക്കേസിൽ തടവിലുള്ള മുൻ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജി രംഗത്തുവന്നു. ഇത് സംബന്ധിച്ച് സിബിഐക്ക് ഇന്ദ്രാണി കത്തയച്ചു. മകൾ ഷീന ബോറ ജീവനോടെയുണ്ടെന്നാണ് കത്തിൽ പറയുന്നത്. ജയിലിൽ തന്നെ ഒരു സ്ത്രീ കാണാൻ വന്നിരുന്നു. കശ്മീരിൽ വെച്ച് ഷീന ബോറയെ കണ്ടെന്നാണ് ഈ സ്ത്രീ പറഞ്ഞത്. മകൾക്കായി കശ്മീരിൽ തിരച്ചിൽ നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഷീന ബോറകൊലക്കേസിൽ 2015 ലാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലാവുന്നത്. നിലവിൽ ബൈകുള ജയിലിൽ തടവിലാണിവർ. കഴിഞ്ഞ മാസം ഇന്ദ്രാണി നൽകിയ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം. ഇന്ദ്രാണിയുടെ ഡ്രൈവർ ഷ്യാംവർ റായ് തോക്കുമായി അറസ്റ്റിലായതോടെയാണ് ഷീന ബോറ കൊലക്കേസ് പുറംലോകം അറിയുന്നത്. ഷ്യാംവറാണ് കൊലപാതക വിവരം മുംബൈ പൊലീസിനെ അറിയിച്ചത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് അന്വേഷണം പുരോഗമിച്ചപ്പോഴാണ് ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തറിഞ്ഞത്.

വിവാദമായ ഷീന ബോറ കൊലക്കേസ്

ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവറായിരുന്ന ശ്യാമവർ റായിയെ തോക്ക് കൈവശം വെച്ചതിന് പൊലീസ് പിടിയാലതോടെയാണ് ഷീന ബോറ കൊലക്കേസ് വെളിച്ചത്തേക്ക് വരുന്നത്. ചോദ്യം ചെയ്യലിനിടെ താൻ ഒരു കൊലപാതകത്തിന് സാക്ഷിയായിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. 2012 ൽ ഇന്ദ്രാണി മുഖർജി ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊന്നത് താൻ നേരിട്ട് കണ്ടെന്ന് ഡ്രൈവർ പറഞ്ഞു. സഹോദരിയാണെന്ന് പറഞ്ഞായിരുന്നു ഷീനയെ ഇന്ദ്രാണി എല്ലാവർക്കും പരിചയപ്പെടുത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി.

അന്വേഷണത്തിൽ ഷീന സഹോദരിയില്ല ഇന്ദ്രാണിയുടെ മകളാണെന്ന് അന്വേഷണ സംഘം മനസ്സിലാക്കി. പിന്നീട് സിബിഐയും അന്വേഷണത്തിന്റെ ഭാഗമായി. സിബിഐ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തു വന്നത്. തനിക്ക് ആദ്യ വിവാഹത്തിൽ ജനിച്ച ഷീന, മിഖായേൽ എന്നീ രണ്ട് മക്കളെ ഗുവാഹട്ടിയിലെ മാതാപിതാക്കളുടെയടുത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു ഇന്ദ്രാണി. മുംബൈയിൽ മീഡിയ എക്സിക്യൂട്ടീവായ പീറ്റർ മുഖർജിയെ വിവാഹം ചെയ്ത ഇന്ദ്രാണി അവിടെ പുതിയൊരു ജീവിതം ആരംഭിച്ചു.

ഇതിനിടയിൽ ഒരു മാഗസിൻ വഴി അമ്മയെ പറ്റി അറിഞ്ഞ ഷീന മുംബൈയിലേക്ക് ഇവരെ തേടിയെത്തി. രഹസ്യങ്ങളെല്ലാം പൊളിക്കുമെന്നും അല്ലെങ്കിൽ മുംബൈയിൽ ഒരു വീട് വേണമെന്നും ഷീന ഇന്ദ്രാണിയോട് ആവശ്യപ്പെട്ടു. മുംബൈയിലെത്തിയ ഷീനയെ തന്റെ സഹോദരിയെന്ന് പറഞ്ഞാണ് ഭർത്താവ് പീറ്ററിനടക്കം ഇന്ദ്രാണി പരിചയപ്പെടുത്തിയത്. ഇതിനിടയിൽ മറ്റൊരു സംഭവവുമുണ്ടായി. ഇന്ദ്രാണിയുടെ ഭർത്താവ് പീറ്റിറിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകൻ രാഹുൽ മുഖർജിയുമായി ഷീന പരിചയപ്പെട്ടു. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ഇതിനിടെയാണ് 2012 ൽ പെട്ടെന്നൊരു ദിവസം ഷീനയെ കാണാതാവുന്നത്. ഷീന വിദേശത്തേക്ക് പോയെന്നാണ് ഇന്ദ്രാണി എല്ലാവരോടും പറഞ്ഞിരുന്നത്.

ഒടുവിൽ 2015 ലാണ് കേസ് പുറം ലോകമറിയുന്നത്. അന്വേഷണ സംഘം പറയുന്നത് പ്രകാരം ഷീനയെ ശ്വാസം മുട്ടിച്ച് ഇന്ദ്രാണി കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ ബാന്ദ്രയിൽ നിന്നും മൃതദേഹം അടുത്തുള്ള റയ്ഗാഡ് ജില്ലയിൽ എത്തിക്കുകയും ശവശരീരം കത്തിച്ച് നശിപ്പിക്കുകയും ചെയ്തു. ഷീനയുടെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ഈ വാദങ്ങളെ ഇന്ദ്രാണി എതിർക്കുന്നു.

കേസിൽ ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സജ്ജീവ് ഖന്നയും അറസ്റ്റിലായി. ഷീനയെ കൊലപ്പെടുത്താനും മൃതദേഹം മറവ് ചെയ്യാനും ഇയാൾ സഹായിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗൂഢാലോചനയുടെ ഭാഗമായെന്ന് കാട്ടി പീറ്ററിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2020 ൽ ഇയാൾക്ക് ജാമ്യം ലഭിച്ചു. വിചാരണവേളയ്ക്കിടെ ഇന്ദ്രാണിയും പീറ്ററും വിവാഹ മോചിതരാവുകയും ചെയ്തിരുന്നു.