ജറുസലേം: രക്തംകൊണ്ട് സമാധാനം കൊണ്ടുവന്ന രാജ്യമാണ് ഇസ്രയേൽ എന്നാണ് പൊതുവെ പറയാറുള്ളത്. ലോകത്തിന്റെ ഏത് കോണിൽപ്പോയി ഒളിച്ചാലും തങ്ങളുടെ ശത്രുക്കളെ തിരിഞ്ഞുപിടിച്ച് കൊല്ലുന്ന ഇസ്രയേലിന്റെ ശൈലിക്ക് അവിടുത്തെ സിവിലിയൻസാണ് വൻ വില കൊടുക്കേണ്ടി വന്നത്. രാജ്യം മൊത്തം മിസൈൽ കവചവും കനത്ത സുരക്ഷയും ഉള്ളതിനാൽ ഇസ്രയേലിൽ കയറി ആക്രമിക്കുക ശത്രുക്കൾക്ക് ഏതാണ്ട് അസാധ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ മറ്റുരാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരെക്കുറിച്ചും, ടൂറിസ്റ്റുകളായ യൂഹൂദരെക്കുറിച്ചുമാണ് ആ രാജ്യം ഇപ്പോൾ ആശങ്കപ്പെടുന്നത്. കാരണം ഇറാന്റെ പ്രതികാരം ഏതുനിമിഷവും ഉണ്ടാവാമെന്ന് അവർ കണക്കുകൂട്ടുന്നു.

ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തിൽ ഇറാൻ ഏതു നിമിഷവും തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ഇസ്രയേൽ ഇന്നുള്ളത്. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേൽ പൗരന്മാർ അതീവജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഫക്രിസാദെയുടെ മരണത്തിനു പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദാണെന്നാണ് ഇറാൻ ആരോപിച്ചത്. പ്രിയപുത്രന്റെ രക്തസാക്ഷിത്വത്തിന് തക്കസമയത്ത് കനത്ത തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. മറ്റ് രാജ്യങ്ങളിൽ വച്ച് ഇസ്രയേൽ പൗരന്മാർക്കു നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേൽ സുരക്ഷാ ഏജൻസികൾ ആശങ്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കു പോകുന്ന ഇസ്രയേൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നാണ് കൗണ്ടർ ടെററിസം കമ്മിഷന്റെ മുന്നറിയിപ്പ്. വരുന്ന ആഴ്ചകളിൽ ആയിരക്കണക്കിന് ഇസ്രയേലി പൗരന്മാർ ഗൾഫ് നാടുകളിലേക്ക് ടൂറിസത്തിനായി പോകുമെന്നാണ് കരുതുന്നത്. അത്തരക്കാരുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ദേശീയ സുരക്ഷാ കൗൺസിലും വിലയിരുത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റു രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്കു ഇസ്രയേൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഏത് അസാധാരണ സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര പ്രതിനിധികളെ അറിയിച്ചു. ഇസ്രയേലി നയതന്ത്ര സ്ഥാപനങ്ങൾക്കെതിരെ ഭീകരാക്രമണം ഉണ്ടാകുന്നതു ചെറുക്കാൻ കർശനമായ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കാനും നിർദ്ദേശിച്ചു. എംബസികൾക്കു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.