ലണ്ടൻ: ലോകമെങ്ങും തിരുപ്പിറവി ആഘോഷിക്കവേ ലോകത്തെ ഞെട്ടിക്കുന്ന വാർത്ത വായിച്ചു ഐടിവി അവതാരക കീ പെന്റ്‌ലോ. വത്തിക്കാനിൽ പോപ്പ് ക്രിസ്തുമസ് ദിന സന്ദേശം നൽകിയ വാർത്ത ലൈവായി വായിക്കവേയാണ് വാർത്താ അവതാരകയ്ക്ക് നാവു പിഴ സംഭവിച്ചത്. ചെറിയ അബദ്ധമായിരുന്നില്ല താനും. പോപ്പ് മരിച്ചു എന്ന് സ്ഥിരീകരിച്ചു എന്നായിയിരുന്നു അവതാരക അബദ്ധത്തിൽ വായിച്ചത്. അപ്പോൾ തന്നെ ക്ഷമാപണം നടത്തി വാർത്ത തുടരുകയായിരുന്നു അവർ.

വത്തിക്കാനിൽ ഫ്രാൻസിസ് പോപ്പ് ക്രിസ്തുമസ് ദിന സന്ദേശത്തിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ലോകത്ത് എല്ലാവർക്കും വാക്‌സിൻ നൽകുന്നതിന് ലോക നേതാക്കൾ മുൻകൈയെടുക്കണം എന്നു പറഞ്ഞു കൊണ്ടായിരുന്നു ഫ്രാൻസിസ് പാപ്പയുടെ സന്ദേശം. ഇക്കാര്യം വാർത്തയിൽ പറഞ്ഞ ശേഷം 'പോപ്പിന്റെ മരണം പുറത്തുവിട്ടു' എന്നാണ് അവതാരക പറഞ്ഞത്. അബദ്ധം മനസ്സിലാക്കി 'എക്‌സ്‌ക്യൂസ് മീ' എന്നു പറഞ്ഞ് തിരുത്തുകയും ചെയത്ു.

സംഭവം ലൈവായി കണ്ടു കൊണ്ടിരുന്ന ലോകം ശരിക്കും ഞെട്ടുകയും ചെയ്തു. ട്വിറ്ററിൽ അവതാരകയുടെ അബദ്ധത്തെ കുറിച്ചു ചർച്ചയാകുകയും ചെയ്തു. ടിവി അവതാരകയ്ക്ക് സംഭവിച്ച അബദ്ധം കണ്ട് പൊട്ടിച്ചിരിച്ചു എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. മറ്റു ചിലർ ക്രിസ്തുമസ് ബ്ലണ്ടർ എന്നു വിശേഷിപ്പിച്ചപ്പോൾ ഇതേക്കുറിച്ചു പല വിധത്തിലുള്ള ചർച്ചകളാണ് നടന്നത്.