മലപ്പുറം: മുസ്ലിം ലീഗിനെ ഏറേ പ്രതിരോധത്തിൽ നിർത്തിയ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ജില്ലാ കമ്മിറ്റികൾ പിരിച്ചുവിടാൻ ലീഗ് പ്രവർത്തന സമിതി യോഗത്തിൽ തീരുമാനം. ഹരിതയുടെ സംഘടനാ പ്രവർത്തനത്തിന് പുതിയ മാർഗരേഖ ഉണ്ടാക്കി. നിലവിലെ ഹരിതാ കമ്മിറ്റിയുടെ കാലാവധി കഴിയുന്നതോടെ, അതായത് അടുത്ത വർഷം മുതൽ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാകില്ല.

പകരം കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്താനാണ് തീരുമാനം. ജില്ലാ തലത്തിൽ എംഎസ്എഫ് മാത്രമായിരിക്കും പ്രവർത്തിക്കുക. ഇതോടെ ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പം നിന്ന് മാത്രമേ ഹരിതയ്ക്ക് പ്രവർത്തിക്കാൻ സാധിക്കൂ. കോളേജുകളിൽ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും. കമ്മിറ്റികൾ പിരിച്ചുവിടുന്ന പശ്ചാത്തലത്തിൽ യൂത്ത് ലീഗിലും, എംഎസ്എഫിലും വനിതകൾക്ക് ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു.

നേരത്തെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രവർത്തന സമിതി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഹരിത സ്വതന്ത്രമായ നിലപാടുകളെടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നും പിഎംഎ സലാം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനുണ്ടായ കനത്ത തിരിച്ചടിയെന്ന് പ്രവർത്തകസമിതിയോഗത്തിൽ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന പ്രവർത്തകസമിതിയുടെ വിപുലമായ യോഗത്തിലാണ് കനത്ത പരാജയമാണ് പാർട്ടിക്കുണ്ടായതെന്ന വിലയിരുത്തലുണ്ടായത്. മുസ്ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ അന്വേഷണസമിതിയെ നിയമിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും പ്രവർത്തക സമിതിയിൽ തീരുമാനമായി.

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും കഠിനാധ്വാനത്തിലൂടെ മുസ്ലിംലീഗിന് തിരിച്ചു വരാൻ കഴിയുമെന്നും എന്നാൽ യുഡിഎഫിന്റെ തിരിച്ചു വരവ് ആശങ്കയിലാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപ്പോരിലും കടുത്ത അസംതൃപ്തിയാണ് പ്രവർത്തകസമിതിയിൽ നേതാക്കൾ പങ്കുവച്ചത്.

കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും മുസ്ലിംലീഗ് അസംതൃപ്തി രേഖപ്പെടുത്തി. ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പൻ സമീപനമാണ് കോൺഗ്രസിന്റേത് എന്ന നിലപാടാണ് മുസ്ലിം ലീഗിന്. മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് കോൺഗ്രസിനെതിരെ വിമർശനം ഉയർന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോൺഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോൺഗ്രസിൽ ഐക്യമില്ലെങ്കിൽ അതു ബാധിക്കുക യുഡിഎഫിനെയാണെന്നും യുഡിഎഫ് നേതൃത്വം ഇങ്ങനെ പോയാൽ ലീഗ് കയ്യും കെട്ടി കാഴ്‌ച്ചക്കാരായി നിൽക്കരുതെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം.

പോഷക സംഘടന ഭാരവാഹികളടക്കം 150 ഓളം പേർ പങ്കെടുക്കുന്ന യോഗത്തിൽ സംഘടന ശക്തിപ്പെടുത്തുന്നതിന് പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളക്കെം പത്തംഗ ഉപസമിതിയുടെ പ്രവർത്തന നയരേഖ ചർച്ചയായി. സമീപകാലത്ത് മുസ്ലിം ലീഗിനെ പ്രതിസന്ധിയലാക്കിയ ഹരിത വിവാദം, മുഈനലി തങ്ങളുടെ ആരോപണങ്ങൾ, ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട അന്വേഷണം, ഏ.ആർ നഗർ ബാങ്ക് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. മലപ്പുറം മഞ്ചേരിയിലാണ് മുസ്ലിംലീഗ് പ്രവർത്തകസമിതിയോഗം ചേർന്നത്.