മലപ്പുറം: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടർന്നാണ് നടപടിയെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കൾ പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും പിഎംഎ സലാം അറിയിച്ചു. ഹരിത നേതൃത്വം എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്ന് നേരത്തെ പിഎംഎ സലാം അറിയിച്ചിരുന്നു. പക്ഷേ ഹരിത നേതൃത്വം പരാതി പിൻവലിക്കാൻ തയ്യാറായില്ല. മാത്രമല്ല നീതി ലഭിച്ചില്ലെന്ന് ഹരിത നേതാക്കൾ പറയുകയും ചെയ്തു. പിന്നാലെയാണ് നടപടി.

നേരത്തേ 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിംലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്, എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ്, വി.എ. വഹാബ് എന്നിവരോട് വിശദീകരണവും തേടിയിരുന്നു. 'ഹരിത' നേതാക്കളെ എം.എസ്.എഫ് ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുസ്‌ലിം ലീഗ് ഉന്നത നേതൃത്വം നേരത്തേ ഇരു വിഭാഗവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, എം.കെ. മുനീർ എംഎ‍ൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. 'ഹരിത' സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 'ഹരിത' ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്.

ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.

ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ് എന്നാണ് പരാതി. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.