കൊച്ചി: കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ കയ്യിൽ സന്തോഷ് ഈപ്പൻ യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐ ഫോൺ ഉണ്ടെങ്കിൽ കണ്ടു പിടിക്കാൻ വെല്ലുവിളിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വിവാദമായ ഐഫോൺ വിനോദിനി ഉപയോഗിച്ചിരുന്നെന്ന കസ്റ്റംസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് മന്ത്രി വെല്ലുവിളിയുമായി രംഗത്തെത്തിയത്. വരുന്ന മാസത്തിനുള്ളിൽ ഇതുപോലത്തെ ധാരാളം കഥകൾ ഇനിയും വരുമെന്നും വൈപ്പിനിലെ മത്സ്യ തൊഴിലാളി സംഗമത്തിൽ മേഴ്സികുട്ടിയമ്മ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഡോളർ കടത്തിൽ ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴിയോട്, അസംബന്ധം പറയുന്നതിന് അതിരു വേണ്ടേയെന്നാണ് മന്ത്രി പ്രതികരിച്ചത്. ആഴക്കടൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നുണ പ്രചരിപ്പിക്കുകയാണെന്നും അവർ വിമർശിച്ചു.

നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യുണിടാക് എംഡി സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നു. വിനോദിനിക്ക് ഫോൺ നൽകിയിട്ടില്ലെന്നും ഫോണുകൾ നൽകിയത് സ്വപ്നയ്ക്കാണെന്നും ഈപ്പൻ വിശദീകരിച്ചിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോഴയായി സന്തോഷ് ഈപ്പൻ യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയിൽ കൈമാറിയതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ പുതിയ നീക്കം.