കൊല്ലം: ഫിഷറീസ് വകുപ്പിനെതിരെ പ്രതിപക്ഷ നേതാവ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. യന്ത്രവൽകൃത ബോട്ടുകൾക്ക് മത്സ്യ ബന്ധനം നടത്താൻ അമേരിക്കയിൽ വച്ച് ഒപ്പിട്ട കരാറിൽ 5000 കോടിയുടെ അഴിമതി നടന്നെന്ന് കൊല്ലത്ത് ഐശ്യര്യ കേരള യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തല ആരോപിച്ചത്. അസംബന്ധമായ ആരോപണമാണിത്. വിദേശ കപ്പലുകൾക്ക് അനുമതി നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത കാലത്തായി പ്രതിപക്ഷ നേതാവിന്റെ മാനസികനില വല്ലാതെ തെറ്റിയിരിക്കുകയാണെന്നും അവർ ആരോപിച്ചു. കേരള തീരത്ത് അമേരിക്കൻ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറിയിരിക്കുകയാണ്. അയ്യായിരം കോടിയുടെ അഴിമതിയെന്നാണ് പറയുന്നത്. ഈ കോടികൾക്കൊന്നും ഒരു വിലയില്ലേയെന്നും മന്ത്രി പരിഹസിച്ചു.

ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്. താൻ അമേരിക്കൻ സന്ദർശനം നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് യു എൻ വിളിച്ച ചർച്ചയിലേക്ക് ആയിരുന്നു പോയത്. മൂന്ന് ദിവസം അവിടെ ഉണ്ടായിരുന്നു. വേറൊരു ചർച്ചയും അമേരിക്കയിൽ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഫിഷറീസ് നയത്തിന് വിധേയമായേ കാര്യങ്ങൾ നടക്കുകയുള്ളൂ. പ്രതിപക്ഷ നേതാവിന് ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തിയാണ്. കേരള മണ്ണിൽ ഇതൊന്നും ഏശാൻ പോകുന്നില്ല. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹവുമായാണ് ഇറങ്ങിത്തിരിച്ചതെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ല.ഇ എം സി സിയുമായി ഒരു കരാറുമില്ല.

ഫിഷറീസ് വകുപ്പിന് മുന്നിൽ ഇത്തരമൊരു അപേക്ഷയേ വന്നിട്ടില്ല. അപേക്ഷ പോലും ഇല്ലാത്ത കാര്യത്തിന് താൻ മറുപടി പറയേണ്ട ആവശ്യമില്ല. വിദേശ ട്രോളറുകൾക്ക് അനുമതി നൽകുന്ന പ്രശ്നമില്ല. നടക്കാത്ത കാര്യത്തെ കുറിച്ച് കൂടുതൽ വർത്തമാനം പറയേണ്ട ആവശ്യമില്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏറ്റുപിടിക്കുന്ന ജോലിയല്ല തനിക്കുള്ളത്. അദ്ദേഹത്തിന് ഒരു പണിയുമില്ല. മുങ്ങിചാകാൻ പോകുമ്പോൾ ആശങ്കയുണ്ടാക്കുകയാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

2018 ൽ യുഎന്നിലെ ചർച്ചയ്്ക്കാണ് പോയത്. മൂന്നു ദിവസമാണ് അമേരിക്കയിൽ ഉണ്ടായിരുന്നത്. ടികെഎം കോളേജ് ചെയർമാൻ, പ്രിൻസിപ്പൽ, കൊല്ലം ജില്ലാകളക്ടർ എന്നിവരുണ്ടായിരുന്നു. യുഎൻ ചർച്ചയല്ലാതെ ഒരാളുമായും ചർച്ച നടത്തിയിട്ടില്ല. പരമ്പരാഗത മൽസ്യ തൊഴിലാളികൾക്ക് മാത്രമാണ് ആഴക്കടലിൽ മൽസ്യബന്ധനത്തിന് അനുമതി നൽകുന്നത്.

സർക്കാരിന് മുന്നിൽ ഇത്തരമൊരു അപേക്ഷ വന്നിട്ടില്ല, ലൈസൻസ് കൊടുത്തിട്ടില്ല, നയപരമായി കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒക്കെ ബോംബ് പൊട്ടിച്ചു പോകണമെന്ന അത്യാർത്തി കൊണ്ടു പറയുന്നതാണ്. ഇതൊന്നും കേരളത്തിൽ ഏശാൻ പോകുന്നില്ല. മൽസ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തോടെയാണ് ഈ പണിയുമായി ഇറങ്ങിത്തിരിച്ചതെങ്കിൽ, ആ വെച്ച പരിപ്പ് വാങ്ങിവെച്ചേക്കാനും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

അമേരിക്കയിലെ വൻകിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. 5000 കോടിയുടെ കരാർ കഴിഞ്ഞ ആഴ്ച കേരള സർക്കാർ അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷണലുമായി ഒപ്പിട്ടു. ഇതിന്റെ പിന്നിൽ കോടികളുടെ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.