കണ്ണൂർ: തലശേരിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിലെ ക്ഷീണം തീർക്കാൻ ധർമ്മടത്ത് പ്രചണ്ഡ പ്രചാരണ പ്രവർത്തനങ്ങളുമായി ബിജെപി. ഒരുങ്ങുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ ഇറക്കിയാണ് പാർട്ടി കളം കൊഴുപ്പിക്കുന്നത്.

ഇതോടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഇനി കളി വേറെ ലെവലിലായിരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. വി.ഐ.പി മണ്ഡലമായ ധർമ്മടത്ത് ബിജെപിക്ക് തരംഗം സൃഷ്ടിക്കാൻ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയിറയങ്ങുന്നതോടെ അതിശക്തമായ ത്രികോണ മത്സരത്തിന് ധർമ്മടത്ത് കളമൊരുങ്ങുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഇതിനിടെ ധർമ്മടത്ത് രണ്ടാം ഘട്ട പ്രചാരണംബിജെപി പ്രചാരണം അതിശക്തമാക്കിയിരിക്കുകയാണ്.

തലശേരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പര്യടനം സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.ഇതിനെ തുടർന്നാണ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ.പത്മനാഭൻ മത്സരിക്കുന്ന ധർമ്മടത്ത് ജെ.പി നദ്ദയെ ഇറക്കി ബിജെപി അണികളുടെ നിരാശ മാറ്റാൻ ശ്രമിക്കുന്നത്. ധർമ്മടത്തും കുത്തുപറമ്പിലും കേന്ദ്രീകരിച്ചാണ് തലശേരിയിലെ പ്രവർത്തകർ ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേർപ്പെട്ടിരിക്കുന്നത്.

എൻ. ഡി.എ. യുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ 27 നാണ് കണ്ണൂരിലെത്തുക. ധർമ്മടം നിയോജക മണ്ഡലത്തിൽ 27 ന് രാവിലെ 9.30ന് നടക്കുന്ന റോഡ് ഷോയിൽ ജെ.പി.നദ്ദ പങ്കെടുക്കുമെന്ന് സി.കെ.പത്മനാഭൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി കാവിൻ മൂലയിലെ നാലാം പീടിക മുതൽ ചക്കരക്കല്ല് വരെയാണ് റോഡ് ഷോ നടക്കുക.

തുടർന്ന് അദ്ദേഹം തൃശ്ശൂരിലേക്ക് പേകും. ധർമ്മടം മണ്ഡലത്തിന് പ്രത്യേക പരിഗണന ദേശീയ നേതൃത്വം നൽകുന്നുണ്ടെന്നും സി.കെ. പത്മനാഭൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.