തിരുവനന്തപുരം: കേരളത്തിലെ ബിജെപിയും അനുബന്ധ പാർട്ടി സംവിധാനങ്ങളും സമൂലമായ മാറ്റം അർഹിക്കുന്നതായി ബിജെപി നേതാവും നേതാവും മുൻ ഡിജിപിയും വിജിലൻസ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ്. കേരളത്തിൽ പാർട്ടി പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചും പരിഹാരം നിർദേശിച്ചും റിപ്പോർട്ട് നൽകാൻ ബിജെപി. കേന്ദ്രനേതൃത്വം നിയോഗിച്ച വ്യക്തി കൂടിയാണ് ജേക്കബ് തോമസ് എന്നിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നത്. കേന്ദ്ര നേതൃത്വം തന്നോട് വിവരങ്ങൾ ആരാഞ്ഞിരുന്നെന്നാണ് ജേക്കബ് തോമസും വ്യക്തമാക്കുന്നത്.

പുറത്ത് നിന്ന് കണ്ട ബിജെപിയായിരുന്നില്ല പാർട്ടിക്ക് അകത്ത് എത്തിയപ്പോൽ കണ്ടത്. കേരളത്തിൽ ബിജെപി പ്രവർത്തന ശൈലി മറ്റേണ്ടിയിരിക്കുന്നു. യുവമോർച്ചയടക്കം ഇത്തരത്തിൽ ചിന്തിക്കണം. സേവന പാതയിലേക്ക് മാറിയപ്പോഴാണ് ഡിവൈഎഫ്ഐക്ക് സമൂഹത്തിൽ വലിയ പ്രാധാന്യം ലഭിച്ചത്. ഈ പാത ബിജെപിയുടെ യുവജന സംഘടനയ്ക്ക് മാതൃകയാക്കാവുന്നതാണ് എന്നും ജേക്കുബ് തോമസ് ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ ബിജെപി അധ്യക്ഷൻ സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു.

സേവാഭാരതി പോലുള്ള പ്രസ്ഥാനങ്ങൾ നിരവധി സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. പക്ഷെ ഇതൊന്നും ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഒരു എംഎൽഎ പോലും ഇല്ല എന്നാതാണ് പാർട്ടി നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതിനിടെ, ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിർവിഭാഗം രംഗത്തെത്തി. നിലവിലുള്ള നേതൃത്വത്തിൽ പ്രവർത്തകർക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി ആവശ്യപ്പെട്ടത്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷമാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ശോഭയുൾപ്പെടുന്ന നേതാക്കൾ നേരിട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണം. കേരളത്തിലെ ബിജെപിയുടെ വളർച്ച സുരേന്ദ്രന്റെ നേതൃത്വത്തിൽ മുരടിച്ചെന്നും വിമർശനമുയർന്നു. യോഗം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ പുരോമഗമിക്കുകയാണ്.

തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, സികെ ജാനുവിന് പണം നൽകിയ സംഭവം, ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് പത്രിക പിൻവലിക്കാൻ കോഴ നൽകിയത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവുമെന്ന സൂചനയുണ്ട്. പാർട്ടി സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.