തിരുവനന്തപുരം: 'സ്രാവുകൾക്കൊപ്പം നീന്തിയ' ഇപ്പോൾ ബിജെപിക്കാരനായ മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ ഒടുവിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം. പൊലീസ് ഉദ്യോഗസ്ഥർ സർക്കാർ അനുമതിയില്ലാതെ മാധ്യമങ്ങളോടു സംസാരിക്കുകയോ പുസ്തകം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നതു വിലക്കുന്ന നിയമ പ്രകാരമാണ് കുറ്റപത്രം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെൻഡു ചെയ്തതും വിരമിച്ച ശേഷം കുറ്റപത്രം നൽകുന്നതും ഇതാദ്യമായാണ്.

സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകി 14 മാസത്തിനു ശേഷമാണു കുറ്റപത്രം നൽകുന്നത്. പരമാവധി 2 വർഷത്തെ തടവോ 2000 രൂപ പിഴയോ കിട്ടാവുന്ന ശിക്ഷയാണു കുറ്റപത്രത്തിലുള്ളത്. പൊലീസ് ഫോഴ്‌സസ് റെസ്ട്രിക്ഷൻ ഓഫ് റൈറ്റ്‌സ് ആക്ട് (1966) വകുപ്പു 4 പ്രകാരമാണു കുറ്റം ചുമത്തിയിട്ടുള്ളത്. ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ അഴിമതിക്കെതിരായ സർക്കാർ പോരാട്ടത്തിന്റെ മുഖമായിരുന്നു ജേക്കബ് തോമസ്.

എന്നാൽ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി.ജയരാജനെതിരെ വിജിലൻസ് കേസ് എടുത്തതോടെ ജേക്കബ് തോമസ് ശത്രുവായി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സർക്കാരിനെ വിമർശിച്ചതോടെ നടപടികളും തുടങ്ങി. സസ്‌പെൻഷൻ അന്നാണ് കൊടുത്തത്. പിന്നീട് സർവ്വീസിൽ തിരിച്ചെത്താൻ അവസരം നൽകാത്ത വിധം നടപടികൾ എടുക്കാൻ ശ്രമിച്ചു. എന്നാൽ അതിന് സാധിക്കാതെയും വന്നു. റിട്ടയർ ചെയ്ത ശേഷം ജേക്കബ് തോമസ് ബിജെപിയിൽ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.

സർവ്വീസിലുള്ളപ്പോൾ ജേക്കബ് തോമസിനെ എഡിജിപി ആയി തരംതാഴ്‌ത്താനും ശ്രമിച്ചിരുന്നു. ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ (വിആർഎസ്) അപേക്ഷ സംസ്ഥാന സർക്കാർ എതിർത്തതോടെ കേന്ദ്ര സർക്കാർ അനുവദിച്ചതുമില്ല. തുടർച്ചയായി 4 തവണയാണ് സസ്‌പെൻഡു ചെയ്തത്. ഈ പ്രതികാര തുടർച്ചയാണ് ഇപ്പോഴത്തെ കുറ്റപത്രവും.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ' എന്ന ആത്മകഥ എഴുതിയത്. ഇതിൽ ആത്മകഥാപരമോ, ശാസ്ത്ര സംബന്ധമായോ അല്ലാതെ ഔദ്യോഗിക പദവി വഴി ആർജിച്ച ഔദ്യോഗിക രഹസ്യങ്ങളും മറ്റു വിഷയങ്ങളും വെളിപ്പെടുത്തി എന്നതാണു കുറ്റം. പുസ്തകത്തിൽ 11 സ്ഥലത്തെങ്കിലും ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്നാണ് ആരോപണം.

പുസ്തകത്തിന്റെ റോയൽറ്റിയുമായി ബന്ധപ്പെട്ടുള്ള കരാറിന്റെ പകർപ്പും ക്രൈംബ്രാഞ്ച് ഹാജരാക്കി. എന്നാൽ ആ ഇനത്തിൽ പണം ഇടപാടു നടന്നതിന്റെ തെളിവില്ല. പാറ്റൂർ, ബാർ കോഴ, ബന്ധു നിയമനക്കേസുകൾ സംബന്ധിച്ച പുസ്തകത്തിലെ പരാമർശങ്ങൾ ചട്ട ലംഘനമാണെന്നാണ് കണ്ടെത്തൽ. ഈ കേസുകളിലെ ഇടപെടലുകൾ വിശദീകരിച്ചതാണ് ജേക്കബ് തോമസിന് കേസ് ഉണ്ടാക്കുന്നത്. നിരവധി ഉദ്യോഗസ്ഥർ ഇത്തരത്തിൽ സർവ്വീസ് സ്‌റ്റോറി എഴുതാറുണ്ട്.

സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു പുസ്തകം എഴുതിയതിന്റെ പേരിൽ ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്നാരോപിച്ചു 2017 ഡിസംബറിലാണു ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. 2020 മേയിൽ അദ്ദേഹം വിരമിക്കാൻ 3 ദിവസമുള്ളപ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകി. ഇപ്പോൾ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ അധിക ചുമതല വഹിക്കുന്ന എസ്‌പി പ്രകാശൻ കാണിയാണ് കുറ്റപത്രം നൽകിയത്.