തിരുവനന്തപുരം: ജടായുപ്പാറ ടൂറിസം പദ്ധതിയുടെ സാമ്പത്തിക നടത്തിപ്പ് അവകാശം മുപ്പത് വർഷത്തേക്ക് തങ്ങളുടെ കമ്പനിക്ക് നൽകിയ ശേഷം ഒരു സുപ്രഭാതത്തിൽ ഈ കമ്പനിയെ ഒഴിവാക്കി രാജീവ് അഞ്ചൽ തങ്ങളെ ചതിക്കുകയായിരുന്നുവെന്നു ഒരു വിഭാഗം നിക്ഷേപകർ. ജടായുപ്പാറ ടൂറിസം പദ്ധതിയെ ചൊല്ലിയുടെ തർക്കത്തിന് പിന്നിലെന്ത്? മറുനാടൻ അന്വേഷണം എന്ന വാർത്തയ്ക്ക് പ്രതികരണവുമായാണ് ഈ പദ്ധതിയിലെ ഒരു വിഭാഗം നിക്ഷേപകർ വന്നത്. രാജീവ് അഞ്ചൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് ഒരു വിഭാഗം നിക്ഷേപകരും നിക്ഷേപം സ്വീകരിക്കാൻ താൻ ശമ്പളം നൽകി നിയമിച്ച ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ തലപ്പത്തിരുന്ന വാസു ജയപ്രകാശും ഭാര്യ സഹോദരന്മാരും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങളാണ് സർവ കുഴപ്പങ്ങൾക്കും കാരണമെന്നു രാജീവ് അഞ്ചലും ആരോപിക്കുമ്പോൾ ജടായുപ്പാറ ടൂറിസം പദ്ധതിയുടെ ഭാവി തന്നെ അവതാളത്തിലാവുകയാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് മറുനാടൻ വാർത്ത നൽകിയത്.

രാജീവ് തങ്ങളെ ചതിച്ചു എന്ന് വ്യക്തമാക്കാൻ വിവിധ കാര്യങ്ങളാണ് നിക്ഷേപകർ മറുനാടനോട് പറഞ്ഞത്. രാജീവ് അഞ്ചലും സർക്കാരും തമ്മിൽ കരാർ ഉണ്ടാക്കിയ ഗുരുചന്ദ്രിക ബിൽഡെഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിൽ ആണ് ഞങ്ങൾക്ക് ഷെയർ നൽകേണ്ടിയിരുന്നത്. എന്നാൽ ഷെയർ നൽകിയതോ ഉപ കമ്പനിയായ ജടായുപ്പാറ ടൂറിസം പദ്ധതിയിലും. എംഡി സ്ഥാനത്തിരുന്നു ഈ കമ്പനിയും അധീനതപ്പെടുത്താനാണ് രാജീവ് അഞ്ചൽ ഒരുങ്ങിയത്. ഈ കമ്പനിയുടെ എംഡി സ്ഥാനത്തിരുന്നു രാജീവ് അഞ്ചൽ രൂപീകരിച്ച പ്രോജക്ടുമായി ബന്ധപ്പെട്ട മറ്റു കമ്പനികളിലേക്ക് പണം വകമാറ്റി. ഇപ്പോൾ തങ്ങളുടെ കമ്പനിയെ പ്രോജക്ടിൽ നിന്നും പുറന്തള്ളുകയും ചെയ്തു.

പണം ഇല്ലാതെ പ്രതിസന്ധിയിലായ പ്രോജക്റ്റ് രണ്ടര വർഷം കൊണ്ട് അതിവേഗം പൂർത്തിയാക്കിയത് തങ്ങൾ നൽകിയ പണത്തിന്റെ ബലത്തിലാണ്. ഈ കമ്പനിയെയാണ് ഒരു സുപ്രഭാതത്തിൽ രാജീവ് അഞ്ചൽ ഒഴിവാക്കിയത്. ഇതിനാലാണ് രാജീവ് അഞ്ചലിനെതിരെ കേസിന് പോയതെന്ന് നിക്ഷേപകർ മറുനാടനോട് വ്യക്തമാക്കി. 30 വർഷത്തേയ്ക്ക് പദ്ധതിയുടെ നടത്തിപ്പ് അവകാശം ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന് നൽകികൊണ്ടുള്ള ഒരു കരാറു കാണിച്ചാണ് പറ്റിച്ചത്. കരാറ് ഒപ്പിട്ടു കാശുവാങ്ങി കാര്യങ്ങൾ എല്ലാം തീർന്നപ്പോൾ ഈ കരാർ പറ്റില്ല എന്ന രാജീവിന്റെ തട്ടിപ്പാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ഇതിനെല്ലാം പുറമെ പന്ത്രണ്ടു ശതമാനം പലിശയും തരാം എന്ന് പറഞ്ഞു പറ്റിച്ചു. മരുഭൂമിയിൽ കിടന്നു വർഷങ്ങളോളം ഞങ്ങൾ കഷ്ടപ്പെട്ട കാശാണ് രാജീവ് അഞ്ചലിന് നൽകിയത്. ജടായുപാറ പ്രോജക്ടിന് പണം മുടക്കിയ ഞങ്ങളുടെ കമ്പനിയെ രാജീവ് അഞ്ചൽ ഈ പ്രോജക്ടിൽ നിന്നും ഒഴിവാക്കി. അതിനും മുൻപേ തന്നെ തങ്ങൾ നൽകിയ പണം ഈ പ്രോജക്ടിൽ രാജീവിന്റെ കുടുംബം വകയുള്ള കമ്പനികളിലേക്ക് വക മാറ്റി. സാമ്പത്തിക തിരിമറിയാണ് രാജീവ് അഞ്ചൽ നടത്തിയത്.

സകല സുഖ സൗകര്യങ്ങളോടെയും 2 ലക്ഷം രൂപ മാസ ശമ്പളം, കാർ ,വീട്, മറ്റു സകല ചെലവ്, ഭാര്യക്കും, മോനും വർഷങ്ങളോളം ഫ്രീ സാലറി , ഇപ്പോൾ മരുമകന് ഒരു ലക്ഷം സാലറി, മറ്റു സകല ഉഡായിപ്പുകൾക്കും കമ്പനി വക ചെലവ്. അപ്പോൾ രാജീവ് അഞ്ചൽ കഷ്ടപെടുകയായിരുന്നോ അതോ സുഖിക്കുക ആയിരുന്നോ? 1 5.5 കോടിയുടെ സാമ്പത്തിക തിരിമറികൾ നടത്തി എന്ന് പറഞ്ഞു നാഷണൽ കമ്പനി ലോ ട്രിബ്യുണലിൽ ഞങ്ങൾ കേസു കൊടുത്തിട്ടുള്ള ആളെ കമ്പനിയുടെ എംഡി ആക്കിവച്ചാൽ പിന്നെ കോടതി ഞങ്ങൾക്ക് വട്ടാണെന്ന് പറയില്ലേ? അതുമല്ല ജെടിപിഎൽ അല്ലല്ലോ പദ്ധതിയുടെ അവകാശികൾ. പിന്നെ ഞങ്ങൾ അവരെയെങ്ങനെ പദ്ധതിയിൽ നിന്നും ആരെയെങ്കിലും പുറത്താക്കും. ഇത് നാട്ടുകാരെ പറ്റിക്കാൻ രാജീവ് തട്ടിവിടുന്ന വിടുവായത്തം ആണ്. പദ്ധതിയിൽ നിന്നും രാജീവ് അഞ്ചലിനെ പുറത്താക്കാൻ ശ്രമം എന്ന് പറഞ്ഞാൽ ഒരു ന്യൂസ് ആണല്ലോ? അതിൽ പിടിച്ചു രാജീവ് കാണിച്ച തട്ടിപ്പുകൾ ഒളിപ്പിക്കാനാണ് ശ്രമം-ഒരു വിഭാഗം നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു.

ദുബായിലുള്ള നിക്ഷേപകർക്ക് വേണ്ടി ഡേവിഡ്‌സണാണ് മറുനാടനെ ബന്ധപ്പെട്ടത്. സർക്കാർ
നൽകുന്ന പദ്ധതിയുടെ 30 വർഷത്തേക്കുള്ള അവകാശം രാജീവ് അഞ്ചലിന്റെ കുടുംബ കമ്പനിയായ ഗുരുചന്ദ്രിക ബിൽഡെഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനു ആണ് സർക്കാർ നൽകിയിരിക്കുന്നത്. നിക്ഷേപകർക്ക് ആ കമ്പനിയുമായി യാതൊരു ഓഹരി ഇടപാടുകളും ഇല്ല. പിന്നെ എങ്ങനെ ആ കമ്പനിയോ പദ്ധതിയോ തട്ടിയെടുക്കാൻ പറ്റും? ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിനു പദ്ധതിയിൽ വെറും സാമ്പത്തികമായ നടത്തിപ്പവകാശം മാത്രമാണ് ഉള്ളത്. അത് മുപ്പത് വർഷത്തേക്ക് ഉള്ളതാണ്. കാശ് ഉൾപ്പെടുന്ന എന്ത് കാര്യങ്ങളുടേയും നടത്തിപ്പ് ഞങ്ങൾക്ക് മാത്രമാണ് നല്കിയിരിക്കുന്നത്. അതായതു, കാശ് എങ്ങനെ കൊണ്ട് വരാം, എങ്ങനെയൊക്കെ വിനിയോഗിക്കാം , ആ കാശ് കൊണ്ട് എങ്ങനെ നിക്ഷേപകർക്ക് ലാഭം വീതിച്ചു നൽകാം. ഇതാണ് ജെടിപിഎൽ കമ്പനിക്കുള്ള അധികാരം. ഈ ചെറിയ അധികാരം വച്ച് ചിലർ അത് എല്ലാം പിടിച്ചടക്കാൻ ശ്രമിക്കുന്നു എന്ന രാജീവിന്റെത് വെറുമൊരു ആരോപണം മാത്രമാണ്. സർക്കാരുമായി കരാർ ഉള്ള രാജീവിനെ ആർക്കു പുറത്താക്കാൻ പറ്റും?

ജെടിപിഎൽ കമ്പനിയുടെ എംഡി സ്ഥാനത്ത് നിന്ന് രാജീവ് അഞ്ചലിനെ മാറ്റാൻ ഞങ്ങൾ ശ്രമിച്ചു. അത് വാസ്തവമാണ്. ജയപ്രകാശ് അടക്കം ചില ബന്ധുക്കൾ ചേർന്ന് രാജീവിനെ പുറത്താക്കി പദ്ധതിയും , ഭൂമിയും പിടിച്ചടക്കാൻ ശ്രമിക്കുന്നു എന്ന വാദം ശരിയല്ല. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഡയറക്ടർ ആര് എന്ന് തീരുമാനിക്കുന്നത് നിക്ഷേപകരാണ്. ആനുവൽ ജനറൽ മീറ്റിംഗും അടിയന്തര യോഗം വിളിച്ചു കൂട്ടിയുമെല്ലാം നിക്ഷേപകർക്ക് ആരെയും അകത്താക്കാനോ പുറത്താക്കാനോ കഴിയും. ജയപ്രകാശും കൂട്ടരും എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാൽ അവരെ വളരെ നിസ്സാരമായി എടുത്തു കളഞ്ഞാൽ പോരെ ? നിക്ഷേപകർ രാജീവിനെ എംഡി സ്ഥാനത്തു നിന്നും സാമ്പത്തിക അഴിമതിക്കു പിടിച്ചപ്പോൾ പുറത്താക്കിയില്ലേ? അതുപോലെ ഈ വഞ്ചകരെ പുറത്താക്കാൻ രാജീവിന് നിക്ഷേപകരോട് പറഞ്ഞാൽ പോരേ:? എന്തുകൊണ്ട് രാജീവ് മുതിരുന്നില്ല.

ജെടിപിഎൽ എന്ന കമ്പനിക്ക് അടുത്ത 30 വർഷത്തേയ്ക്ക് ജടായുപാറയുടെ സാമ്പത്തിക നടത്തിപ്പ് നടത്താനായുള്ള കരാർ രാജീവ് അഞ്ചൽ ഒപ്പിട്ടു രജിസ്റ്റർ ചെയ്തു നൽകിയിട്ടുണ്ട്. അതിനു പകരമായി 30,90.000 രൂപയ്ക്കു തുല്യമായ കമ്പനി ഓഹരികൾ നിക്ഷേപകർ രാജീവിന് സൗജന്യമായി നൽകിയിട്ടും ഉണ്ട്. എന്നുപറഞ്ഞാൽ ജെടിപിഎൽ ഈ കരാർ നിക്ഷേപകർക്ക് രാജീവ് നൽകിയ ഔദാര്യമല്ല. കാശു മേടിച്ചിട്ടു നൽകിയ അവകാശമാണ്. ഞങ്ങളുമായുള്ള കരാർ റദ്ദാക്കാൻ കഴിയുമെന്ന്കരാറിൽ എവിടെയും രാജീവ് പറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ പണം മുടക്കില്ലായിരുന്നു. രാജീവിന് എല്ലാ കാലത്തും കമ്പനിയുടെ നിയന്ത്രണം വേണമെന്ന ആവശ്യം കരാറിൽ എവിടെയും രാജീവ് വച്ചില്ല. വച്ചിരുന്നു എങ്കിൽ നിക്ഷേപകർ പണം മുടക്കില്ലായിരുന്നു. എല്ലാ കാലത്തും കമ്പനിയുടെ എംഡി ആയിരിക്കണം എന്ന ആവശ്യം കരാറിലില്ല. എങ്കിൽ നിക്ഷേപകർ പണം മുടക്കില്ലായിരുന്നു. കാശ് മേടിച്ചു ചെലവാക്കി കഴിഞ്ഞിട്ട് ഒരാൾ കരാറിൽ പറയാത്ത വ്യവസ്ഥകൾ ഉണ്ടെന്ന് സ്വയം വിശ്വസിച്ചു ഏകപക്ഷീയമായി കരാർ റദ്ദാക്കുന്നതിനെ എന്ത് വിളിക്കും.? . രാജീവ് അഞ്ചലിനും ഇതിനെ പറ്റി അറിയാവുന്ന എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം ആണ് ഈ കരാർ ലംഘനം നിലനിൽക്കുന്നതല്ല എന്നത് .അപ്പോൾ പിന്നെ രാജീവ് അഞ്ചലിനെ പോലെ ഉള്ള ഒരാൾ എന്തിനു ഈ മണ്ടത്തരം കാണിക്കുന്നു. രാജീവ് അഞ്ചിലിന് പിഴവ് പറ്റി.

രാജീവ് അഞ്ചലിന് പറ്റിയ പിഴവ് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ:

7 കോടിയിൽ നിന്നും 70 കോടിയിലേക്കു പദ്ധതി ചെലവ് കൂടുകയും നിക്ഷേപകർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുകയും വെട്ടിപ്പുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോൾ ഇനി ഈ 164 പേരേ ചുമക്കാൻ പാടാണ് എന്നദ്ദേഹത്തിനു മനസിലായി. അപ്പോൾ പിന്നെ അവരെ കാശു കൊടുത്തു, അവരുടെ ഷെയർ വാങ്ങി അവരെ ഒഴിവാക്കിയാൽ പ്രശ്‌നം തീരും. വെറുതെ കാശു കൊടുക്കാം എന്ന് പറഞ്ഞാൽ അവർ നല്ല കാശ് ചോദിക്കും. ഷെയർ വാങ്ങാൻ തന്നെ 30 കോടിക്ക് അടുത്ത് വേണം. 500 കോടിക്ക് മുകളിൽ വാല്യു ഉള്ള പ്രൊജക്റ്റ് ആണ്. ഇപ്പോൾ അദ്ദേഹം 1000 കോടി എന്നും പറയുന്നുണ്ട് . ഒന്ന് രണ്ടു പണച്ചാക്കുകളെ 100 കോടി പെട്ടന്ന് വേണമെന്ന് പറഞ്ഞുരാജീവ് സമീപിക്കുന്നു. ഈ വ്യക്തി ഒരു കോടി അഡ്വാൻസ് നൽകുകയും ചെയ്തു.

100 കോടിയിൽ നിന്നും 50 കോടി മുടക്കി എല്ലാ ഷെയർകളും നിക്ഷേപകരിൽ നിന്നും രാജീവ് തിരികെ വാങ്ങുന്നു. ബാക്കി 50 കോടി രാജീവ് പോക്കറ്റിൽ വക്കുന്നു. 100 കോടി കൊടുത്തവന് കമ്പനിയുടെ 49 ശതമാനം ഷെയർ നൽകുന്നു അൻപത്തിയൊന്നു ശതമാനം രാജീവും വയ്ക്കുന്നു. നിക്ഷേപകർ എല്ലാം എല്ലാം ഒറ്റയടിക്ക് പുറത്താവുന്നു. ഈ കമ്പനിയുടെ 51 ശതമാനം ഷെയറും 50 കോടിയും രാജീവ് അഞ്ചലിന് കിട്ടുന്നു. പക്ഷെ ഇത് നടക്കണമെങ്കിൽ നിക്ഷേപകർ ഭയപ്പെടണം, കിട്ടുന്നത് മതി എന്ന അവസ്ഥ വരണം. എല്ലാം കളഞ്ഞു കാശും മേടിച്ചു പോകാനുള്ള മാനസികാവസ്ഥയിൽ എത്തണം. അതിനു ചെയ്ത വഴിയാണ് ഈ 'കരാർ റദ്ദാക്കൽ'. ഉദ്ദേശിച്ചപോലെ ആദ്യം അവർ പരിഭ്രാന്തരായെങ്കിലും രാജീവിന്റെ തട്ടിപ്പു മനസിലാക്കി ഒറ്റകെട്ടായി നിന്നു.

പണം അല്ല കരാർ ആണ് വേണ്ടത് എന്ന് പറഞ്ഞു. ഇത് രാജീവ് പ്രതീക്ഷിച്ചില്ല.100 കോടിയുമായി വന്ന നിക്ഷേപകനോട് കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുകയും അദ്ദേഹം ഇനിയും നിക്ഷേപിക്കാൻ വിമുഖത കാണിക്കുകയും ചെയ്തു. നിക്ഷേപകർ 2015 ൽ പണം മുടക്കുമ്പോൾ ഈ പദ്ധതി പൂർത്തിയാകുമോ എന്ന് പോലും ഉറപ്പില്ലായിരുന്നു. ഇന്ന് അത് ഒരു ലോകോത്തര പദ്ധതി ആയപ്പോൾ അവരെ നിസ്സാരമായി പറഞ്ഞുവിടാൻ ശ്രമിക്കുന്നത് ശരിയാണോ? രാജീവും ടൂറിസം ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമുണ്ട്. ഞങ്ങളെ പുറത്താക്കിയതിൽ സർക്കാരിന് യാതൊരു പ്രശ്‌നവുമില്ല, കാശു പോയെങ്കിൽ ഞങ്ങൾ എന്ത് ചെയ്യാനാണ് എന്ന ഒരു നിലപാട് ആണ് സർക്കാർ വെച്ച് പുലർത്തുന്നത്. ഈ പ്രൊജക്റ്റിനു പണം മുടക്കിയവരെ സർക്കാർ സംരക്ഷിക്കണം. പ്രതീക്ഷയോടെ പ്രവാസലോകം കാത്തിരിക്കുകയാണ്- ഡേവിഡ്‌സൺ മറുനാടന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.