കൊച്ചി: മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിനായി എൻഐഎ ഓഫീസിലെത്തി. പുലർച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീൽ എത്തിയത്. മന്ത്രിയുടെ മൊഴി എൻഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. സ്വർണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിന്റ മറവിൽ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം.

മന്ത്രി ജലീലിനോട് കോൺസുൽ ജനറലാണ് മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോൺസുൽ ജനറൽഅടക്കം ഉള്ളവർക്ക് കള്ളക്കടത്ത് ഇടപാടിൽ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എൻഐഎ ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മറ്റ് പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിൽ മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിലെ സംശയങ്ങളാണ് ചോദ്യം ചെയ്യലിന് കാരണം.

ഈച്ചപോലും അറിയാതെ ഇഡിക്ക് മുമ്പിൽ എത്തിയ ജലീലിന് പക്ഷേ എൻഐഎയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ഇത് ഫലപ്രദമായി ചെയ്യാൻ ജലീലിന് കഴിഞ്ഞില്ല. രാവിലെ ആറു മണിക്ക് ആരും അറിയാതെ എത്തിയുള്ള ധർമ്മയുദ്ധം ജയിക്കാനായിരുന്നു ജലീൽ ശ്രമിച്ചത്. എന്നാൽ മനോരമ ചാനലിന്റെ ക്യാമറയിൽ ജലീൽ പതിഞ്ഞു. എൻഐഎയുടെ നോട്ടീസ് കിട്ടിയപ്പോൾ അർദ്ധരാത്രിയിൽ ചോദ്യം ചെയ്യലിന് എത്താമെന്നായിരുന്നു ജലീലിന്റെ നിലപാട്. അത് എൻഐഎ അംഗീകരിച്ചില്ല. അങ്ങനെയാണ് വെളിച്ചം വന്ന ശേഷം രാവിലെ എത്താമെന്ന നിർദ്ദേശം മുമ്പോട്ട് വച്ചത്. അങ്ങനെ ആറു മണിക്ക് സ്വകാര്യ വാഹനത്തിൽ മന്ത്രി എത്തി. ഇതിന് ശേഷം പൊലീസ് കാര്യം അറിഞ്ഞു. കൂടുതൽ പൊലീസ് എത്തി.

സാധാരണ ചോദ്യം ചെയ്യലായി ആരും അറിയാതെ ചോദ്യം ചെയ്യലിന് എത്താനായിരുന്നു ജലീലിന്റെ ശ്രമം. ഇതിന് വേണ്ടി സിപിഎം നേതാവിന്റെ കാറും തെരഞ്ഞെടുത്തു. ആലുവ മൻ എംഎൽഎ എഎം യൂസഫിന്റെ കാറിലാണ് ജലീൽ എത്തിയത്. വെള്ള ഡ്രസിൽ കറുത്ത മാസ്‌ക് ധരിച്ച് മനോരമയുടെ ക്യാമറയ്ക്ക് മുന്നിലൂടെ ജലീൽ തലതാഴ്‌ത്തി എൻഐഎ ഓഫീസിനുള്ളിലേക്ക് കടന്നു. നേരത്തെ ഇഡിയുടെ ഓഫീസിൽ വ്യവസായിയുടെ കാറിൽ എത്തിയത് വിവാദമായിരുന്നു. അതുകൊണ്ട് തന്നെ സിപിഎം നേതാവിന്റെ കാർ തെരഞ്ഞെടുക്കുകയായിരുന്നു. മണിക്കൂറുകൾ ചോദ്യം ചെയ്യൽ നീളുമെന്നാണ് സൂചന.

എൻഫോഴ്സ് ഡയറക്ടറേറ്റിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജൻസിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പ്രധാനമായും മാർച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ. പ്രൊട്ടോക്കോൾ ഓഫീസറിൽ നിന്നടക്കം എൻ.ഐ.എ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇത്തരം നയതന്ത്ര ബാഗേജുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോൾ ഓഫീസർ വ്യക്തമാക്കിയത്. കൂടുതൽ രേഖകൾ പ്രൊട്ടോക്കോൾ ഓഫീസറിൽ നിന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തും നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രിയെ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മന്ത്രി നൽകിയ മറുപടികളും വിശദീകരണങ്ങളും വിശദമായി പരിശോധിക്കുകയും പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എഴുതി കൊണ്ടു വന്ന മറുപടികളാണ് മന്ത്രി അന്ന് നൽകിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് തുടങ്ങിയവർ നൽകിയ മൊഴികളുമായി ഇവ ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും ആവശ്യമെങ്കിൽ ഇവ തിരിച്ചയക്കാൻ തയാറാണെന്നും മന്ത്രി ഇ.ഡിയോട് വ്യക്തമാക്കിയിരുന്നു.

അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടർന്ന് മന്ത്രി എൻഐഎ കൊച്ചി ഓഫിസിൽ ഹാജരായി. നയതന്ത്ര പാഴ്‌സൽ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും. വിളിപ്പിച്ചപ്പോൾ തന്നെ അതീവ രഹസ്യമായി മൊഴി രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനായാണ് ജലീൽ മുമ്പോട്ട് വച്ചത്. എന്നാൽ ഇത് മനോരമ മാത്രം മനസ്സിലാക്കി. അങ്ങനെയാണ് അതിരാവിലെയുള്ള ദൃശ്യങ്ങൾ മനോരമയ്ക്ക് കിട്ടിയത്.