കൊല്ലൻ അഖ്‌ലാക്കിന്റെ വീട്ടിൽ പശു മാംസം സൂക്ഷിച്ചിരിക്കുന്നു എന്ന ക്ഷേത്രം പൂജാരിയുടെ ഒരൊറ്റ അനൗൺസ്മെന്റിൽ ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടം അഖ്‌ലാക്കിനെ കൊലപ്പെടുത്തി. ഒരു നേതാവ് അല്ലെങ്കിൽ ഒരു പുരോഹിതൻ ആജ്ഞാപിക്കുമ്പോൾ, മറുചോദ്യമില്ലാതെ അഖ്‌ലാക്കിന്റെ കൊലയാളികളെപ്പോലെ പ്രവർത്തിക്കുന്ന ആൾക്കൂട്ടമായി രാജ്യം മാറുന്നതാണ് സമ്പൂർണ്ണ ഫാസിസം.

'ജനഗണമന'യിൽ ആൾക്കൂട്ടം ജയ് വിളിക്കുന്നത് ഭരണാധികാരികളും മീഡിയയും വിധിയെഴുതിയ 'കുറ്റവാളികളെ' എൻകൗണ്ടർ ചെയ്ത പൊലീസ് ഓഫീസറിനാണ്. ആ കൂട്ടത്തിൽ ചേർന്ന് കൈയടിക്കുന്ന പ്രേക്ഷകനോട് സിനിമ പറയുന്നത്, നിങ്ങളും ആൾക്കൂട്ടത്തിലെ ഒരാളാണ് എന്നാണ്.

കുറച്ചു വർഷങ്ങൾക്കു മുൻപ് ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറായ യുവതിയെ റേപ്പ് ചെയ്ത കൊലപ്പെടുത്തിയ ദാരുണമായ സംഭവം രാജ്യമെമ്പാടും ചർച്ചയാകുകയും വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുകയും ചെയ്തു. അവസാനം നാലു പ്രതികളെ പിടികൂടുകയും അവരെ എൻകൗണ്ടറിൽ കൊല്ലുകയും ചെയ്ത വി സി.സജ്ജനാർ എന്ന പൊലീസ് ഉദ്യോഗസ്ഥനും തെലുങ്കാനാ ഗവൺമെന്റിനും കൈയടിച്ചു കൊണ്ട്, നീതി നടപ്പായതിൽ സന്തോഷിച്ച് സമൂഹം പിരിഞ്ഞു പോയി. ജനഗണമന ഇത്തരം ഏറ്റുമുട്ടൽ കൊലകളുടെ അധാർമ്മികതയെ, ജനാധിപത്യവിരുദ്ധതയെ തുറന്ന് കാണിച്ചുകൊണ്ട്, പ്രേക്ഷകരെ ജനാധിപത്യ സംവാദത്തിന് ക്ഷണിക്കുന്നു.

ഇന്ത്യയുടെ കാമ്പസുകളിൽ ജാതിവിവേചനത്തിന്റെ ഇരകളായിത്തീരുന്ന ദളിത് വിദ്യാർത്ഥികളുടെ അതിജീവനം എത്രമാത്രം അസാധ്യമാണെന്ന് ഹൃദയത്തിൽ തൊടുന്ന ഭാഷയിലാണ് ചിത്രം പറയുന്നത്. 'എന്റെ ജനനമാണ് എനിക്കു പറ്റിയ അപകടം' എന്നെഴുതി ആത്മാഹൂതി ചെയ്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയെ സിനിമ ഓർമ്മിപ്പിക്കുന്നു. അനീതി സംഭവിക്കുമ്പോൾ എവിടെയുമെവിടെയും ഉയരേണ്ട വിദ്യാർത്ഥികളുടെ പ്രചണ്ഡമായ മുദ്രാവാക്യം വിളികളെ സിനിമ തീച്ചൂടോടെ ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. കാലഘട്ടം ആവശ്യപ്പെടുന്ന കൃത്യമായ സന്ദർഭത്തിൽ രചിക്കപ്പെട്ടു എന്നതാണ് ജനഗണമനയുടെ പ്രസക്തി.

കലാമേഖലയിൽ നിന്നും ശക്തമായ സാമൂഹ്യ വിമർശനം പോലും ഉയർന്നു വരാത്ത കാലഘട്ടത്തിൽ, ഭയരഹിതമായ ഭരണകൂട വിമർശനം നടത്തുവാൻ ജനഗണമനയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചുവെന്നത് ഏതൊരു കലാകാരനും ആത്മവിശ്വാസം നൽകും. പൊതുബോധ നിർമ്മിതിയ്‌ക്കെതിരെ കോടതി മുറിക്കുള്ളിൽ സധൈര്യം കൈമുയർത്തി, ഏകനായി അഡ്വ. അരവിന്ദ് സ്വാമിനാഥൻ സത്യത്തിനു വേണ്ടി വാദിച്ചവസാനിപ്പിക്കുമ്പോൾ,നീതിയുടെ പക്ഷത്തേയ്ക്ക് ബഹുഭൂരിപക്ഷവും അണിനിരന്നിരുന്നു. ഒറ്റയ്‌ക്കെങ്കിലും സത്യത്തിനു വേണ്ടി നിലകൊള്ളുവാൻ ഏതൊരാളെയും ഒരു നിമിഷത്തേയ്‌ക്കെങ്കിലും പ്രേരിപ്പിക്കുവാൻ അരവിന്ദ് സ്വാമിനാഥനിലൂടെ സിനിമയ്ക്ക് കഴിയുന്നുണ്ട്. സിനിമയുടെ 'വാൽക്കഷണ'ത്തിൽ രണ്ടാം ഭാഗത്തിനു വേണ്ടി ചേർത്ത രംഗങ്ങൾ,ഏച്ചുകെട്ടിയ അനുഭവമൊഴിച്ചാൽ, മറ്റെല്ലാം മികച്ചതായി .

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയെ, തീവ്രത ചോരാതെ മികച്ച നിലയിൽ ആവിഷ്‌ക്കരിക്കുവാൻ ഡിജോ ജോസ് ആന്റണിയിലെ സംവിധായകന് സാധിച്ചിട്ടുണ്ട്.ഒരു പാൻ ഇന്ത്യൻ സിനിമയായി ജനഗണമന രൂപപ്പെട്ടത് പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രെയിംസും സംവിധായകനിലും തിരക്കഥയിലും അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും വിൻസി അലോഷ്യസിന്റെയും ശക്തമായ പ്രകടനങ്ങളുടെ കരുത്തു കൂടിയാണ് ജനഗണമന. ഓരോ ഇന്ത്യക്കാരനും കാണേണ്ട ചലച്ചിത്രമായി ജനഗണമന മാറുന്നത് സിനിമ മുൻപോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൊണ്ടു കൂടിയാണ്.