കാസർകോട്: കാസർകോട് ചീമേനി പുലിയന്നൂരിലെ റിട്ട. അദ്ധ്യാപിക ജാനകി വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ കോടതി വിധിച്ചത് ഇന്നെലയാണ്. ഈ കേസിൽ കൊലയാളികളുടെ സ്ഥാനത്തുണ്ടായിരുന്നത് ടീച്ചർ അക്ഷരം പകർന്നു നൽകിയ വിദ്യാർത്ഥികൾ തന്നെയായിരുന്നു. തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണമെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയത്.

ജാനകി ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികളായിരുന്ന ഒന്നാം പ്രതി പുലിയന്നൂർ ചീരക്കുളം പുതിയവീട്ടിൽ വിശാഖ് 27, മൂന്നാം പ്രതി മക്കികോട് അള്ളറാട് വീട്ടിൽ അരുൺ 30, എന്നിവരെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവി ച്ചാൽ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

ജാനകി ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികളാണ് ഇരു പ്രതികളും. 2017 നവംബർ 13 നാണ് പുലിയന്നൂരിലെ റിട്ട അദ്ധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വർഷ ങ്ങൾക്ക് ശേഷമാണ് വിധി. സ്വർണ്ണവും പണവും അപഹരിക്കാൻ മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മുഖം മൂടി ധരിച്ച് കവർച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്തുകൊല്ലുകയും ഭർത്താവ് കെ. കൃഷ്ണനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. 17 പവൻ സ്വർണ്ണവും 92,000 രൂപയും വീട്ടിൽ നിന്നും മോഷ്ടിച്ചു. മുഖം മൂടി ധരിച്ചെത്തിയ മൂവർ സംഘത്തിലൊരാളെ ജാനകിയെ തിരിച്ചറിഞ്ഞുവെന്ന സംശയത്തെത്തുടർന്നാ യുവാക്കൾ കൊടും ക്രൂരകൃത്യം നടത്തിയത്.

ചീമേനി പൊലീസിനെയും അന്വേഷണ സംഘത്തെയും ഏറെ വെള്ളം കുടിപ്പിച്ച കേസായിരുന്നു ഇത്. ഒന്നാം പ്രതി വൈശാഖിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണം വിൽപ്പന നടത്തിയതിന്റെ ബിൽ പ്രതിയുടെ പിതാവ് പൊലീസിന് കൈമാറിയതും കൃഷ്ണന്റെ കൈകൾ കെട്ടിയിട്ട ട്രാക്ക്ട്ടിൽ നിന്ന് ലഭിച്ച ഡിഎൻഎ ഫലവും അന്വേഷണത്തിന് ഏറെ സഹായകരമായി.

2019 ഡിസംബറിൽ തന്നെ വിചാരണ പൂർത്തിയായിരുന്നെങ്കിലും ജഡ്ജിമാർ മാറിയതും കോവിഡ് പ്രതിസന്ധിയും കാരണം വിധി പ്രസ്താവം വൈകുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ. ദിനേശ്കുമാർ ഹാജരായി.