തിരുവനന്തപുരം: മഴക്കാലത്ത് റോഡ് നന്നാക്കാനാകില്ലെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ലല്ലോയെന്ന പരാമർശത്തിൽ വിശദീകരണവുമായി ജയസൂര്യ. നടന്റെ വിമർശനം വാർത്ത ആയതോടെയാണ് ഫേസ്‌ബുക്ക് കുറിപ്പിട്ടത്.

ജീവിതത്തിന്റെ നല്ല ഒരു ശതമാനം സമയത്തും റോഡിൽ യാത്ര ചെയ്യുന്ന ഒരു പൗരൻ എന്ന നിലയിൽ മാത്രമാണ് താൻ പ്രതികരിച്ചത്. എന്നാൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൽ തനിക്ക് പ്രതീക്ഷയുണ്ട് എന്ന് ജയസൂര്യ പറഞ്ഞു.ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണ് മുഹമ്മദ് റിയാസ്. താൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്. പ്രവർത്തനങ്ങളിൽ അഭിമാനവും പ്രതീക്ഷയുമുണ്ട് എന്ന് ജയസൂര്യ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

ജയസൂര്യയുടെ ഫേസ്‌ബുക്ക് കുറിപ്പ് :

ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽ നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽ നിന്ന് കേട്ടിട്ടുണ്ട്.

രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ?

അദ്ദേഹത്തിന്റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത് , അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി.

വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽ വരുത്തുകയാണ്. റോഡുകൾക്ക് എന്ത് പ്രശ്‌നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നതും ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ് . ശ്രീ റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ .

ജയസൂര്യ

നേരത്തെ ജയസൂര്യക്ക് മന്ത്രി റിയാസ് മറുപടി നൽകിയിരുന്നു. കേരളത്തിലെ റോഡ് പ്രവൃത്തിക്ക് മഴ തടസം തന്നെയാണ്. ജയസൂര്യ പറഞ്ഞ ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ കേരളത്തേക്കാൾ റോഡ് കുറവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചിറാപുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ 10,000 കിലോമീറ്റർ റോഡാണുള്ളത്. കേരളത്തിൽ മൂന്നരലക്ഷം കിലോമീറ്റർ റോഡ് ഉണ്ടെന്ന് ഓർക്കണം. ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണം മാത്രമെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

തിരുവനന്തപുരത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് ജയസൂര്യ വിമർശനം ഉന്നയിച്ചത്. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ എന്നും ജയസൂര്യ പറഞ്ഞു.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യയുടെ വിമർശനം. മഴക്കാലത്ത് റോഡു നന്നാക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് വി കെ പ്രശാന്ത് എംഎൽഎ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് മഴക്കാലത്ത് റോഡ് നന്നാക്കാനാകില്ലെങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡേ കാണില്ലല്ലോയെന്ന് ജയസൂര്യ പറഞ്ഞത്.

മഴയുടെ കാര്യങ്ങൾ പറഞ്ഞ് ഒഴിയാവാനില്ല. അങ്ങനെയെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ ഉണ്ടാകില്ല. പല കാരണങ്ങളുണ്ടാകും. പക്ഷെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, അത് ജനങ്ങൾ അറിയേണ്ട കാര്യമില്ല. റോഡ് ടാക്‌സ് അടയ്ക്കാൻ വേണ്ടി ഒരുത്തൻ ലോൺ എടുത്തും ചിലപ്പോൾ ഭാര്യയുടെ മാല പണയം വെച്ചും ഒക്കെയായിരിക്കും നികുതി അടയ്ക്കുക.

അപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് കിട്ടിയേ പറ്റൂ. അതിന് വേണ്ടി എന്തൊക്കെ റിസ്‌ക് എടുക്കുന്നു എന്നതെല്ലാം സ്വാഭാവികമായി ജനങ്ങൾ അറിയേണ്ടതില്ല എന്നും ജയസൂര്യ പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. വാഗമണ്ണിൽ ഷൂട്ടിന് പോയപ്പോൾ മോശം റോഡായിരുന്നു. ഇക്കാര്യം മന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നതായും ജയസൂര്യ വെളിപ്പെടുത്തി.

അതേസമയം ഇപ്പോൾ റോഡ് നന്നാക്കാനായി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ജയസൂര്യ പറഞ്ഞു. നല്ല റോഡുകൾ ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജയസൂര്യ അഭിപ്രായപ്പെട്ടു. ടോളുകൾക്ക് നിശ്ചിത കാലാവധി ഏർപ്പെടുത്തണം. പല ഭാഗങ്ങളിലും വളരെക്കാലം ടോളുകൾ പിരിക്കുന്ന സാഹചര്യമുണ്ട്. ഈതൊഴിവാക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രവർത്തനങ്ങളെ നടൻ പ്രശംസിച്ചു. വളരെ എനർജെറ്റിക്കായ മന്ത്രിയാണ് റിയാസ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കൂടുതൽ നല്ല പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.

പൊതുമരാമത്ത് പ്രവൃത്തികൾ സുതാര്യമാകുന്നതിന്റെ നിർണായക ചുവടുവെയ്‌പ്പാണ് നടന്നതെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സുതാര്യത ഉറപ്പുവരുത്താൻ സാധിച്ചാൽ തന്നെ കാര്യങ്ങൾ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.