തിരുവനന്തപുരം. നാലു ദിവസം മുൻപ് വിതുര കൊപ്പം സ്വദേശികൾ കണ്ടത് സിനിമകളെ പോലുംവെല്ലുന്ന തരത്തിലുള്ള കള്ളനും പൊലീസും കളിയായിരുന്നു. കള്ളൻ കിണറ്റിൽ ചാടിയപ്പോഴാണ് ഇത് കളിയല്ല കാര്യമാണെന്ന് നാട്ടുകാർക്ക് മനസിലായത്. പോക്‌സോ കേസിൽ വിചാരണ നേരിടുന്ന നെടുമങ്ങാട് അരശും പറമ്പ് സ്വദേശി ജിബിനെതിരെയുള്ള വാറന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രതിയെ തേടി നടക്കുകയായിരുന്നു നെടുമങ്ങാട് പൊലീസ്.

അപ്പോഴാണ് പ്രതി കൊപ്പം വഴി ഓട്ടോറിക്ഷ ഓടിച്ചു വരുന്നതായി വിവരം കിട്ടിയത്. ഉടൻ തന്നെ നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് മഫ്ടിയിൽ കൊപ്പത്ത് എത്തി. ജിബിനെ കണ്ടെത്തിയെങ്കിലും മഫ്ടിയിലുള്ളവർ പൊലീസാണെന്ന് തിരിച്ചറിഞ്ഞ് ഓട്ടോ ഉപേക്ഷിച്ച് ജിബിൻ ഓടി രക്ഷപ്പെട്ടു .പ്രതിയെ പൊലീസ് പിൻതുടർന്നുവെങ്കിലും പിടിക്കാനായില്ല. ഒടുവിൽ തിരികെ റോഡിലെത്തിയ പൊലീസ് ഒരു ഓട്ടോറിക്ഷയിൽ കയറി വിതുര ഭാഗത്തേക്ക് നീങ്ങി. വഴിയിൽ വെച്ച് ജിബിൻ തന്നെ ഈ ഓട്ടോക്ക് കൈ കാണിച്ചു. ഓട്ടോറിക്ഷ നിർത്തിയപ്പോഴാണ് അകത്തുള്ളത് പൊലീസുകാരാണന്ന് പ്രതി തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ പൊലീസുകാരെ വെട്ടിച്ച് തൊട്ടടുത്ത പുരയിടത്തിൽ കയറി പ്രതി ഒളിച്ചു. പിന്തുടർന്ന പൊലീസുകാർ ഏറെനേരം അരിച്ചുപെറുക്കിയെങ്കിലും ജിബിനെ കണ്ടെത്താനായില്ല. ഒടുവിൽ ആ വീട്ടിലെ കിണറിൻ തൊടിയിൽ പ്രതി ഒളിച്ചിരിക്കുന്നത് പൊലീസുകാർ കണ്ടു. പൊലീസുകാർ കിണറിന് അടുത്ത് എത്തിയതും പ്രതി കിണറ്റിലേക്ക് ചാടി. എന്നാൽ നിലയില്ലാ വെള്ളമാണ് കിണറ്റിൽ എന്ന് മനസിലാക്കി തൊടിയിൽ കയറി ഇരുപ്പുറപ്പിച്ചു. ഫയർഫോഴ്‌സ് എത്തിയെങ്കിലും പ്രതി കയറി വരാൻ കൂട്ടാക്കിയില്ല .

ഒടുവിൽ ഭാര്യയെ ഫോണിൽ ബന്ധപ്പെടാനും നിയമ സഹായത്തിനും സാധ്യത ഒരുക്കാമെന്ന ഉറപ്പിൽ പ്രതി കരയ്ക്ക് കയറി. ഉടൻ തന്നെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. ഒരു പോക്‌സോ കേസ് ഉൾപ്പെടെ ഒൻപതോളം കേസിൽ പ്രതിയായ ജിബിൻ ഇപ്പോൾ കാട്ടാക്കടയ്ക്ക് അടുത്ത് വാടകയ്ക്കാണ് താമസിച്ചു വന്നത്. കാസർഗോഡ് നിന്നും രണ്ടു മക്കളുടെ അമ്മയായ വീട്ടമ്മയെപ്രണയം നടിച്ച് കൂട്ടിക്കൊണ്ട് വന്ന് താമസിച്ചു വരികയായിരുന്നു. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് യുവതി ജിബിനൊപ്പം താമസം തുടങ്ങിയത്.

തന്റെ രണ്ടാം ഭർത്താവ് പോക്‌സോ കേസിൽ പ്രതിയാണെന്ന് അറിയാതെയാണ് യുവതി ഇയാൾക്കൊപ്പം ഇറങ്ങി വന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് പ്രതി അയൽവാസിയായ 14കാരിയെ പീഡിപ്പിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. രാത്രിയിലും വെളുപ്പാൻ കാലത്തുമൊക്കെ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനം തുടർന്നു.

ഇതിനു ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി രണ്ടു സുഹൃത്തുക്കളുടെ സഹായത്താൽ ഒളിവിൽ കഴിഞ്ഞു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് ജിബിനും സുഹൃത്തുക്കളും അറസ്റ്റിലായത്. പിന്നീട് റിമാന്റിലായിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.