കൊച്ചി: ജാമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിന്റെ പേരിലുള്ള ഗുണവും ദോഷവും അനുവഭിക്കേണ്ടത് മുസ്ലിംലീഗ് തന്നയൊണെന്ന് ആവർത്തിച്ചു സമസ്ത കേരള ജമീയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്ലിം രാഷ്ട്രം ഇന്ത്യയിൽ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാത്ത് ഇസ്ലാമിയുടെ പ്രത്യയശാസ്ത്രത്തോടും അവർ സ്വയം മതസംഘടനയായി കണക്കാക്കുന്നതിലും തങ്ങൾക്ക് എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങൾ ചൂണ്ടിക്കാണിച്ചു. റിപ്പോർട്ടർ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സമസ്തയുടെ നിലപാടകൾ വിശദീകരിച്ചത്.

എ.ഐ.എം.ഐ.എം നേതാവ് അസാസുദീൻ ഒവൈസിയുടെ പാർട്ടിയെ സമസ്ത പിന്താങ്ങുന്നില്ലെന്നും തീവ്രത കുത്തിവെയ്ക്കുന്ന മതപാർട്ടികളോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. ജമാത്തിന്റെ സ്വാധീനം ലീഗിന് ഉണ്ടായിരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും മുത്തുക്കോയ തങ്ങൾ പറയുന്നു.

വെൽഫെയർ പാർട്ടിയുമായുള്ള ലീഗിന്റെ കൂട്ടുകെട്ട് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള നീക്ക്പോക്കായിരിക്കാം. ജമാത്തിന്റെ നയത്തോട് അവർ യോജിക്കില്ലായിരിക്കാം. അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങൾക്കായി ഒരു പാർട്ടി വരേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ബീഹാറിൽ തോൽക്കാൻ കാരണമായത് കോൺഗ്രസിന്റെ ജാഗ്രതക്കുറവാണ്. മഹാസഖ്യത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. കോൺഗ്രസ്, സി,പി.എം ധാരണയെ താൻ സ്വാഗതം ചെയ്യുന്നുവെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ സംവരണ വിഷയത്തിൽ ഒഴിച്ച് എൽഡിഎഫ് സർക്കാറിന്റെ പ്രവർത്തനത്തിൽ തൃപ്തിയാണുള്ളതെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയ്ക്ക് വേണ്ടതൊക്കെ സർക്കാർ ചെയ്തുതന്നു. എൽഡിഎഫ് സമസ്തയെ നല്ലനിലയിൽ പരിഗണിച്ചുവെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

സംവരണ വിഷയത്തിൽ സ്വന്തം നിലയ്ക്കാണ് സമസ്ത മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി എന്നനിലയിൽ ലീഗ് നേതാക്കൾക്കും പിണറായിയോട് അടുപ്പമാണ്. ലീഗ് നേതാക്കൾ അടുപ്പം പുലർത്തുമ്പോൾ ഞങ്ങൾക്ക് വെറുപ്പില്ല. പിണറായിയുമായുള്ള അടുപ്പത്തിൽ ലീഗിന് അസ്വസ്തത ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് മുന്നണികളോടും സമസ്തയ്ക്ക് ഒരേ നിലപാടാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ മാന്യമായ നിലയ്ക്ക് ആവശ്യപ്പെട്ടതുകൊണ്ടാണ് വേദിപങ്കിട്ടതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

സമസ്തയിലെ അംഗങ്ങൾക്ക് ഹിതം പോലെ വോട്ട് ചെയ്യാം. അണികൾക്ക് സ്വന്തമായി രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. സമസ്തയുടെ വോട്ട് ബാങ്ക് സംസ്ഥാന സർക്കാരിനെതിരെ ഉപയോഗിക്കില്ല. കുറവ് നികത്താൻ വേണ്ടത് ചെയ്യാം എന്ന് പിണറായി വാഗ്ദാനം നൽകി. പിന്നോക്ക സംവരണത്തിൽ കുറവ് വരില്ല എന്ന് പിണറായി ഉറപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പു വേളയിൽ കൂടിയാണ് സമസ്ത തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ പല കോണുകളിൽ നിന്നും എതിർപ്പും ലീഗിനെതിരെ ഉയരുന്നുണ്ട്. ഇതിനിടെയാണ് സമസ്തയുടെ നിലപാട് വ്യക്തമാക്കൽ എന്നതും ശ്രദ്ധേയമാണ്.