മലപ്പുറം: സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന നിലപാടിൽ ഉറച്ച് നിന്നു അദ്ദേഹം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗ് സമസ്തയെ ഹൈജാക്ക് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ സ്ഥാപനങ്ങളിൽ ഒന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. കുട്ടികൾക്കൊന്നും ഇനി രാഷ്ട്രീയം പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമില്ല. അവർ ഈ ലോകത്ത് ജീവിക്കുന്നവരാണ്. അതിൽ തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവർ പറയുന്ന അഭിപ്രായത്തിന് മറുപടി പറയാനില്ല. സമസ്തയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഔദ്യോഗികമായ അഭിപ്രായങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അതിലൂന്നിയുള്ള പ്രവർത്തനമാണ് സമസ്ത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തുവന്നിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസ്സാരവൽകരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

ഭരിക്കുന്ന സർക്കാരുമായി യോജിച്ചുപോകുന്നതാണ് സമസ്ത നിലപാടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് പ്രമേയവും പാസാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രമേയം തന്റെ അറിവോടെയല്ലെന്ന് ജിഫ്രി തങ്ങൾ വിശദീകരിച്ചിരിക്കുന്നത്. വാർത്തയോടൊപ്പം തന്റെ ചിത്രം നൽകരുതെന്നും മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

പ്രമേയത്തെ ജിഫ്രി തങ്ങൾ തള്ളിയതോടെ ലീഗിനെതിരെ വിമർശനവുമായി മന്ത്രി വി. അബ്ദുറഹിമാനും രംഗത്തെത്തി. സമസ്തയെ ഹൈജാക്ക് ചെയ്യാനാണ് ലീഗ് ശ്രമമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമാണ് സമസ്ത സമ്മേളനത്തിലെ പ്രമേയമെന്നും മന്ത്രി പറഞ്ഞു.