കൊല്ലം: കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനി ജിൻസിയെ (27), ഭർത്താവ് ദീപു (30) കൊലപ്പെടുത്തിയതിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നുവെന്ന് ആരോപണം. സംശയരോഗമാണ് ദീപുവിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു മുൻപ് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചതാണെന്നും പരാതിപ്പെട്ടപ്പോൾ പൊലീസ് ഒത്തുതീർപ്പാക്കി വിട്ടെന്നും ബന്ധുക്കൾ പറയുന്നു. ജിൻസിയുടെ ഫോൺ ഉപയോഗത്തിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി.

കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് ദീപു നേരത്തേയും ശ്രമിച്ചെന്നാണ് ജിൻസിയുടെ അമ്മ ആരോപിക്കുന്നത്. വീട്ടിൽ ആളുള്ളതിൽ പലപ്പോഴും നടന്നിരുന്നില്ല. നേരത്തേ കഴുത്തുമറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ കടയ്ക്കൽ പൊലീസിൽ ദീപുവിനെതിരെ ജിൻസി പരാതി നൽകിയിരുന്നു. ഇനി ആവർത്തിക്കില്ലെന്ന് പ്രതി പൊലീസിനു മുൻപാകെ ഉറപ്പുനൽകിയതു പ്രകാരം അന്ന് ജിൻസിയും വിട്ടുവീഴ്ചയ്ക്ക് തയാറായി.

പുതുവത്സരദിനത്തിലാണ് ജിൻസിയെ കൊലപ്പെടുത്തിയത്. അന്നു ഫോൺവിളികളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ വെട്ടുകത്തിയുമായി എത്തിയ പ്രതി, ജിൻസിയെ മകൾക്കു മുന്നിൽ വച്ച് വെട്ടി പരുക്കേൽപിച്ചു. വെട്ടേറ്റ ജിൻസി ഓടാൻ ശ്രമിച്ചെങ്കിലും അടുക്കളയുടെ ഭാഗത്ത് വീണു. അടുത്തുള്ളവർ ഓടിയെത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇരുപത്തിയഞ്ചോളം ആഴത്തിലുള്ള മുറിവാണ് ജിൻസിയുടെ ശരീരത്തിലുണ്ടായിരുന്നത്.

പരേതനായ പുഷ്പന്റെയും കോട്ടപ്പുറം കശുവണ്ടി ഫാക്ടറി തൊഴിലാളി ലതയുടെയും ഏക മകളാണ് ജിൻസി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മന്ത്രി ജെ.ചിഞ്ചുറാണി ഉൾപ്പെടെയുള്ളവർ ജിൻസിയുടെ വീട്ടിലെത്തി വിവരങ്ങൾ തേടി. അതേസമയം, നേരത്തേ കൊലപാതകശ്രമത്തിന് പരാതി ലഭിച്ചപ്പോൾ ഒത്തുതീർപ്പാക്കിയത് ജിൻസിയുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും ഇനി ഉപദ്രവിക്കാതിരുന്നാൽ മതി, കേസ് വേണ്ടെന്ന് ജിൻസി പറഞ്ഞതുകൊണ്ട് ഒഴിവാക്കിവിട്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ദീപുവിനെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. 25ലെറെ വെട്ടുകളായിരുന്നു ജിൻസിയുെശരീരത്തിൽ ഉണ്ടായിരുന്നത്. ചുണ്ട പട്ടാണിമുക്ക് സ്വദേശിയായ ദീപു രണ്ടുമാസം മുമ്പാണ് മേവനക്കോണത്ത് വീടുവെച്ച് കുടുംബസമേതം താമസമാക്കിയത്. പുതിയ വീട്ടിലും കലഹം തുടരുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കലഹത്തെ തുടർന്ന് ജിൻസി ജിൻസിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. ഇവർക്കിടയിലെ പ്രശ്‌നങ്ങൾ തീർക്കാനുള്ള അനുരഞ്ജന ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതൊന്നും ഫലവത്തായില്ല. ജിൻസിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവം കണ്ട് ആക്രമണം തടയാൻ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടർന്ന് കുട്ടി ഓടിരക്ഷപ്പെട്ട് അൽപം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ജിൻസി മൃതപ്രായ ആയിരുന്നു.