ന്യൂഡൽഹി: പിതാവിന്റെ തണലിൽ കോൺഗ്രസിലെത്തി ചെറിയ കാലത്തിനുള്ളിൽ അധികാരത്തിന്റെ സുഖലോലുപതകളെല്ലാം ആസ്വദിച്ച ശേഷമാണ് ഉത്തർപ്രദേശിലെ യുവനേതാവ് ജിതിൻ പ്രസാദ ഇന്ന് ബിജെപിയിലേയ്ക്ക് ചേക്കേറുന്നത്. യോഗ്യതകൾക്കപ്പുറം പാരമ്പര്യത്തിന് പ്രാധാന്യം നൽകുന്ന കോൺഗ്രസ് ശൈലിക്ക് ഏൽക്കുന്ന തിരിച്ചടികളിൽ ഏറ്റവും പുതിയ ഉദാഹരണമാണ്ഇന്ന് ബിജെപിയിലേയ്ക്ക് കൂടണഞ്ഞ എഐസിസി മുൻ ജനറൽ സെക്രട്ടറി ജിതിൻ പ്രസാദയുടെ ചരിത്രവും.

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജിതേന്ദ്ര പ്രസാദിന്റെ മകനാണ് ജിതിൻ പ്രസാദ. 2001 ൽ 28-ാം വയസിലാണ് ജിതിൻ കോൺഗ്രസിലെത്തിയത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം. ഡൂൺ സ്‌കൂളിൽ രാഹുൽ ഗാന്ധിയുടെ ജൂനിയറായിരുന്നതിനാൽ രാഹുലുമായുള്ള ഉറച്ച സൗഹൃദമായിരുന്നു പിതാവിന്റെ പാരമ്പര്യത്തിന് പുറമെ രാഷ്ട്രീയത്തിൽ ജിതിന്റെ മൂലധനം. രാഹുലിന്റെ അനുചര വൃന്ദത്തിൽ അംഗമാകാൻ ഈ പരിചയം ജിതിന് ശക്തിയായി.

തൊട്ടുപിന്നാലെ 2004 -ൽ യുപിയിലെ ദൗരാറ പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഇയാളെ സ്ഥാനാർത്ഥിയാക്കി. വിജയിച്ചു വന്ന ഉടൻ ആദ്യ യുപിഎ സർക്കാരിൽ തന്നെ കേന്ദ്ര സഹമന്ത്രിയുമാക്കി. കന്നി വിജയത്തിൽ തന്നെ കേന്ദ്രമന്ത്രിയായ ജിതിൻ 2009 ലെ രണ്ടാം യുപിഎ സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയുമായി. അങ്ങനെ പാർട്ടിയിലെത്തി 13 വർഷത്തിനുള്ളിൽ 10 വർഷം കേന്ദ്രത്തിൽ പ്രധാനവകുപ്പുകളുടെ സഹമന്ത്രിയാകാനും ജിതിന് സാധിച്ചു. അതിനു ശേഷമാണ് രാഹുലിന്റെ വിശ്വസ്തനായി എഐസിസി ജനറൽ സെക്രട്ടറിയാകുന്നത്.

നിലവിൽ ബംഗാളിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ജിതിൻ പ്രസാദ ഇപ്പോൾ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിൽ തിരുത്തൽ ശക്തിയായി മാറിയ ജി-23 ടീമിൽ നിന്നും പാർട്ടിക്കു പുറത്തുപോകുന്ന ആദ്യ നേതാവും കൂടിയാണ് ജിതിൻ.

രാഹുലിന്റെ  സൗഹൃദ വൃന്ദത്തിൽ നിന്നും ജി -23 ടീമിൽ അംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പാർട്ടി മാറിയിരുന്നു. രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റ് രണ്ട് വർഷം മുമ്പ് പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയെങ്കിലും എങ്ങും ചേരാതെ വീണ്ടും മടങ്ങി വന്നു.

എങ്കിലും ഇപ്പോൾ സച്ചിന്റെ അവസ്ഥയും സുരക്ഷിതമല്ല. ഇവരെല്ലാം പാർട്ടിക്കുവേണ്ടി അധ്വാനിക്കാതെ പിതാക്കന്മാർ മുൻ നേതാക്കന്മാരായിരുന്നുവെന്നതിന്റെ പേരിൽ പാർട്ടിയുടെ സൗഭാഗ്യങ്ങൾ അനുഭവിച്ചവരാണ്. ജിതിൻ കൂടി പാർട്ടി വിട്ടതോടെ താഴെത്തട്ടിൽ അധ്വാനിക്കാതെ പിതാക്കന്മാരുടെ തണലിലും നേതാക്കന്മാരുമായുള്ള സൗഹൃദത്തിന്റെ പേരിലും പാർട്ടിയിൽ വളർന്ന് അധികാര പദവികൾ ആസ്വദിച്ച് പാർട്ടിയെ വഞ്ചിച്ച് മടങ്ങുന്നവരുടെ കൂട്ടത്തിൽ പുതിയൊരു കണ്ണി കൂടിയായി.

ജിതിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ 1999 -ൽ സോണിയാ ഗാന്ധിക്കെതിരെ പാർട്ടിയിൽ വിമത ശബ്ദം ഉയർത്തിയിരുന്നു. പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യമുയർത്തി കൊട്ടാരവിപ്ലത്തിന് ശ്രമിച്ച ജി -23 ടീമിൽ അദ്ദേഹത്തിന്റെ മകൻ ജിതിനും അംഗമായി എന്നതും മറ്റൊരു ചരിത്രം. ഒടുവിൽ പാർട്ടിയിൽ മാറ്റത്തിന് കാത്തുനിൽക്കാതെ ജിതിനും പടിയിറങ്ങി, അധികാരത്തിന്റെ പുതിയ ലാവണം തേടി.