വാഷിംങ്ടൺ: ഇന്നലെ അഫ്ഗാൻ അന്താരാഷ്ട വിമാനത്താവളത്തിനരികെ നടന്ന ചാവേർ ആക്രമണത്തിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പടെ നൂറോളം പേർ മരണമടഞ്ഞത് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ ഉയരുന്ന രോഷത്തിന് ശക്തി വർദ്ധിപ്പിച്ചിരിക്കുകയാണ്. പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാനാകാതെ എവിടെയെങ്കിലും പോയൊളിക്കാൻ കൊതിക്കുന്ന ഒരു ദുർബലനായ മനുഷ്യനായാണ് ഇന്നലെ അമേരിക്കൻ പ്രസിഡണ്ട് കാണപ്പെട്ടത്.

കഴിഞ്ഞയാഴ്‌ച്ച പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. അസീം മൽഹോത്ര ബൈഡന്റെ പ്രായാധിക്യം മൂലമുള്ള ശാരീരികവും മാനസികവുമായ ആരോഗ്യനിലയെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. പ്രസിഡണ്ട് ശാരീരികവും മാനസികവും ആയി തളർന്നിരിക്കുകയാണെന്നതിന്റെ തെളിവായിരുന്നു ഇന്നലത്തെ പത്രസമ്മേളനത്തിൽ കണ്ടത്. നേരത്തെ തലച്ചോറുമായി ബന്ധപ്പെട്ട രണ്ട് പ്രശ്നങ്ങളുംഹൃദയസംബന്ധമായ പ്രശ്നവും 78 കാരനായ പ്രസിഡണ്ട് അഭിമുഖീകരിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടുമാണ് ജോ ബൈഡൻ.

മാധ്യമ പ്രവർത്തകരുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ തളര്ന്നുപോയ ബൈഡൻ മറു ചോദ്യം ചോദിച്ച് വടികൊടുത്ത് അടി വാങ്ങുകയും ചെയ്തു. നേരത്തേ ഡൊണാൾഡ് ട്രംപ് അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ ഫോക്സ് ന്യുസ് എന്തുകൊണ്ട് അതിനെതിരെ ശബ്ദമുയർത്തിയില്ല എന്നായിരുന്നു ബൈഡൻ ഫോക്സ് ന്യുസ് ലേഖകനോട് ചോദിച്ചത്. എന്നാൽ, ഫെബ്രുവരി 2020മുതൽ ഒരു അമേരിക്കൻ സൈനികൻ പോലും അഫ്ഗാനിസ്ഥാനിലെ സൈനിക നടപടികളിൽ കൊല്ലപ്പെട്ടിരുന്നില്ലെന്നും ഇപ്പോൾ 13 സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും ലേഖകൻ തിരിച്ചടിച്ചു.

കഴിഞ്ഞ രണ്ടാഴ്‌ച്ചകളായി അഫ്ഗാനിസ്ഥാനിൽ അരങ്ങേറുന്ന സംഭവവികാസങ്ങൾക്ക് ബൈഡൻ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും ലേഖകൻ തിരിച്ചു ചോദിച്ചു. തന്റെ കൈയിലെ നോട്ട് പുസ്തകത്തിൽ അമർത്തിപിടിച്ച് എന്താണ് പറയേണ്ടതെന്നറിയാതെ ഒരു നിമിഷം ബൈഡൻ നിശ്ചലനായി. മുൻ പ്രസിഡണ്ടാണ് സൈന്യത്തെ പിൻവലിക്കാനുള്ള ഉടമ്പടി താലിബാനുമായി ഉണ്ടാക്കിയതെന്നും അതിനുശേഷം അവർ അമേരിക്കൻ പൗരന്മാരെ ആക്രമിച്ചിട്ടില്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. താൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ബൈഡൻ പറഞ്ഞു.

എന്നാൽ, ജോ ബൈഡനെ ആകെ ആശയക്കുഴപ്പത്തിൽ ആക്കുന്നതായിരുന്നു ഇന്നലെ കാബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണം. ഈ ആക്രമണത്തിനെതിരെ എങ്ങനെ പ്രതികരിക്കണം എന്നതാണ് ബൈഡനെ വിഷമത്തിലാക്കുന്നത്. ഈ സംഭവം ഞങ്ങൾ ഒരിക്കലും മറക്കില്ല അത് ചെയ്തവരോട് ക്ഷമിക്കില്ല. ഇതിനുത്തരവാദികളായവരെ തേടിപ്പിടിക്കുക തന്നെ ചെയ്യും. അവർ വലിയ വിലയും നൽകേണ്ടതായി വരും എന്നുമാത്രമായിരുന്നു ബൈഡന്റെ പ്രതികരണം.

അതേസമയം, കാബൂൾ ആക്രമണത്തിന് ഉത്തരവാദികളായ ഐസിസി കെ എന്ന ഭീകരസംഘടയ്ക്ക് തിരിച്ചടി നൽകാനുള്ള പദ്ധതി ആവിഷ്‌കരിക്കാൻ ഉയർന്ന സൈനിക മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, ഐസിസ് കെയിലെ ഭീകരരെ അഫ്ഗാനിനു വെളിയിൽ എത്തിക്കുക എന്നത് നടക്കാത്ത കാര്യമാണ്.അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സാന്നിദ്ധ്യമില്ലാതെ എങ്ങനെ ഈ തീവ്രവാദികളെ നേരിടും എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.

ചുരുക്കത്തിൽ കാബൂളിൽ നടന്ന ആക്രമണത്തോടെ അമേരിക്കൻ പിന്മാറ്റം വൈകിയേക്കും എന്ന സംശയവും ബലപ്പെടുന്നുണ്ട്. നേരത്തേ ഓഗസ്റ്റ് 31 ന് തന്നെ സൈനിക പിന്മാറ്റം പൂർത്തിയാക്കണമെന്ന നിലപാട് താലിബാൻ എടുത്തിരുന്നു. എന്നാൽ, ഐസിസ് കെ എന്ന സംഘടന താലിബാന്റെ കൂടി എതിരാളികളായാൽ, ഈ നിലപാടിൽ താലിബാൻ മാറ്റം വരുത്തിയേക്കുമെന്ന് ചില നിരീക്ഷകർ കരുതുന്നു. ഐസിസിനെ ഒതുക്കുന്നതുവരെ അമേരിക്കൻ സാന്നിദ്ധ്യം അഫ്ഗാനിസ്ഥാനിൽ അനുവദിക്കാൻ തയ്യാറായേക്കുമെന്നും ഇവർ വിശ്വസിക്കുന്നു.