കൊച്ചി: വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജ്ജിന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ ഒത്തുതീർപ്പു സാധ്യത മങ്ങുന്നു. കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്ത് ഒത്തു തീർത്തു ശ്രമങ്ങൾ നടത്തിയെങ്കിലും അത് പരാജയപ്പെടുന്ന നിലയിലാണ് കാര്യങ്ങൾ. കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ജോജു കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇതോടെ ഒത്തു തീർപ്പിന് സാധ്യത ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടു പക്ഷത്തിനും തെറ്റ് മനസ്സിലായെന്നും ജോജു കേസ് ഒത്തുതീർക്കുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ന് ജോജു കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയത്. ഇന്ന് ഉച്ചക്ക് ശേഷം 2.30-നാണ് ജാമ്യ ഹർജി എറണാകുളം സി.ജെ.എം കോടതി പരിഗണിക്കുന്നത്. ജാമ്യ ഹരജിയെ ജോജു എതിർക്കുമോ എന്ന് വ്യക്തതയില്ല.

വി.ഡി. സതീശൻ, ഹൈബി ഈഡൻ എന്നിവർ മുൻകൈയെടുത്ത് നടത്തിയ സമവായ ചർച്ച വിജയിച്ചുവെന്നും കേസ് പിൻവലിക്കാൻ ജോജു തയാറാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് ജോജു പ്രതികരിച്ചിരുന്നില്ല. കേസിൽ ജോസഫിനെ കൂടാതെ അഞ്ച് പേർ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു.

ജോജുവിന്റെ പരാതിയിൽ വാഹനം തകർത്ത സംഭവത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ടോണി ചമ്മണി ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്ന് മരട് പൊലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും രണ്ടു കേസുകളാണ് മരട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയും വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സമവായത്തിന് ജോജു തയാറായില്ലെങ്കിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.