കൊച്ചി: പൊള്ളുന്ന ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ പ്രതിഷേധത്തിനിടെ വഴിയിൽ കുടുങ്ങിയ നടൻ ജോജു ജോർജ്ജിന്റെ പ്രതിഷേധ വീഡിയോ വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്. ഇതിന്റെ അലയൊലികൾ സാമൂഹിക മാധ്യമങ്ങളിലും പ്രതിഫലിച്ചു. റോഡ് തടഞ്ഞ് യാത്രക്കാരെ വലച്ചുള്ള സമരം, ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമരത്തെ ചോദ്യം ചെയ്തത് എന്നിവയിലെ ശരിയും തെറ്റും പരതി ചൂടേറിയ ചർച്ചകളാണ് നടന്നത്. ജോജുവിന്റെ പ്രതിഷേധത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി രണ്ട് വിഭാഗത്തിലുള്ളവർ സൈബർ ഇടത്തിലുണ്ട്.

ഡൽഹിയിൽ നടക്കുന്ന കാർഷിക സമരത്തെ പിന്തുണക്കുന്ന സഖാക്കൾ തന്നെ ഇവിടെ കോൺഗ്രസ് സമരത്തെ തള്ളിപ്പറയുന്ന ഇരട്ടത്താപ്പും കാണാൻ സാധിക്കും. ഡിവൈഎഫ്‌ഐ അടക്കം കോൺഗ്രസിന്റെ സമരത്തെ തള്ളിപ്പറയുമ്പോൾ കർഷക സംഘം നേതൃത്വം നൽകുന്ന വഴിതടഞ്ഞുള്ള കാർഷിക സമരത്തെയും ഒരർത്ഥത്തിൽ തള്ളിപ്പറയുകയാണ് അവർ ചെയ്യുന്നത്. ഇത്തരം ചർച്ചകൾക്കിടെ ജോജുവിന്റെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാഷ്ട്രീയക്കാരന്റെ ഒരു സഹായവും വേണ്ട, ജീവിക്കാൻ അനുവദിച്ചാൽ മതി, 150 രൂപയായാലും ഞങ്ങൾ പെട്രോൾ അടിച്ചോളാം എന്ന ജോജുവിന്റെ പ്രസ്താവന തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. ജോജു പണക്കാരനായതു കൊണ്ട് 150 രൂപയ്ക്ക് പെട്രോൾ അടിക്കാം. സാധാരണക്കാരന് അങ്ങനെ സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നു.

അതിനിടെ പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വണ്ടി വിറ്റു എന്ന് ജോജു പറയുന്ന വിഡിയോ പങ്കുവച്ചാണ് വിമർശകർ മറുപടി നൽകുന്നത്. കോൺഗ്രസ് നേതാവ് വി.ടി. ബൽറാം അടക്കമുള്ളവർ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ജോജു തന്റെ ലാൻഡ് റോവർ ഡിഫൻഡറുമായി കഴിഞ്ഞമാസം നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തിരുന്നു. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ബൈജു എൻ. നായർ എന്നിവരും ഈ യാത്രയിൽ കൂടെയുണ്ടായിരുന്നു. ഈ യാത്രക്കിടയിലാണ്, നേരത്തെ കൈയിലുണ്ടായിരുന്ന ഹോണ്ട സി.ആർ.വി പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വിറ്റ കാര്യം ജോജു പറയുന്നത്. സിനിമയിൽ വലിയ രീതിയിൽ സജീവമല്ലാത്ത കാലത്താണിതെന്നും വിഡിയോയിൽ പറയുന്നുണ്ട്.

ഇന്നലെയായിരുന്നു ഇന്ധന വിലവർധനയിൽ കോൺഗ്രസ് നടത്തിയ ഹൈവേ ഉപരോധത്തിനിടയിലേക്ക് സിനിമ സ്‌റ്റെൽ പ്രതിഷേധവുമായി നടൻ ജോജു ജോർജ് എത്തിയത്. നടനെതിരെ തിരിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ആഡംബര കാർ തടഞ്ഞ് പിന്നിലെ ചില്ല് തകർത്തു. ജില്ല കോൺഗ്രസ് കമ്മിറ്റി ഇടപ്പള്ളി-വൈറ്റില ദേശീയപാത ബൈപാസിൽ നടത്തിയ ഉപരോധത്തെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജനക്കൂട്ടത്തിൽനിന്ന് പൊലീസാണ് ജോജുവിനെ രക്ഷിച്ചത്.

തിങ്കളാഴ്ച രാവിലെ 11ന് മുതൽ ഇടപ്പള്ളി ബൈപാസിൽ 1500 വാഹനങ്ങൾകൊണ്ട് ആറുകിലോമീറ്റർ ദൂരം ഉപരോധിക്കുമെന്നാണ് ഡി.സി.സി അറിയിച്ചിരുന്നത്. ഇതേതുടർന്ന് ഞായറാഴ്ച രാത്രിതന്നെ ഗതാഗത നിയന്ത്രണത്തിന് നോട്ടീസ് നൽകി കളമശ്ശേരി മുതൽ പൊലീസ് വലിയ വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നു. നാലുവരി ഹൈവേയുടെ രണ്ടുവരിയിൽ ഉപരോധം നടക്കുമ്പോൾ അടുത്ത രണ്ടുവരിയിലൂടെ രണ്ടുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. എന്നിട്ടും സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ബൈപാസായതിനാൽ നൂറുകണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.

വൈറ്റില റെയിൽവേ പാലത്തിന്റെ അരൂർ ഭാഗത്തെ ലാൻഡിങ്ങിൽ കൂടിയ യോഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗതാഗതക്കുരുക്കിൽ അകപ്പെട്ട വാഹനത്തിൽനിന്ന് സഹികെട്ട് ജോജു ജോർജ് ഇറങ്ങിയത്. ഉദ്ഘാടന സ്ഥലത്തേക്ക് എത്തിയ അദ്ദേഹം ''നിങ്ങൾ കാണിക്കുന്നത് പോക്രിത്തരമാണെന്നും ആംബുലൻസുകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുകയാണെന്നും'' വിളിച്ചുപറഞ്ഞു. ''സാധാരണക്കാർ എ.സി പോലും ഇല്ലാത്ത വാഹനങ്ങളിൽ ചൂടെടുത്ത് ഉരുകുന്നു. എത്രമണിക്കൂറായി അനുഭവിക്കുന്നു. ഞാൻ ഷോ കാണിക്കാൻ ഇറങ്ങിയതല്ല. എന്റെ വാഹനത്തിനു പിന്നിൽ കീമോതെറപ്പിക്ക് പോകേണ്ട കുട്ടിയാണ്. ഇത് ശരിയല്ല'' -അദ്ദേഹം പറഞ്ഞു.

ഇതോടെ സമരം നയിച്ചിരുന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇളകി. ആംബുലൻസ് കുടുങ്ങിക്കിടക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് മനസ്സിലായതോടെ, ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതാണെന്നും സമരം പൊളിക്കുന്ന നീക്കം നടക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ജോജു സ്വന്തം വാഹനത്തിലേക്ക് മടങ്ങി. ഉദ്ഘാടന പ്രസംഗത്തിനും ചുരുങ്ങിയ നേരത്തെ അനുബന്ധ പ്രസംഗങ്ങൾക്കും ശേഷം വാഹനങ്ങൾ ഒന്നൊന്നായി കടത്തിവിട്ടുതുടങ്ങി. ഇതിനിടെ ജോജു തങ്ങളെ അപമാനിച്ച് സംസാരിച്ചുവെന്ന ആരോപണവുമായി മഹിള കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനം തടയാൻ കാത്തുനിന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഒപ്പംചേർന്നതോടെ ജോജുവിന്റെ വാഹനം പ്രവർത്തകരുടെ നടുവിൽ കുടുങ്ങി. ഡ്രൈവിങ് സീറ്റിൽ ജോജുവിനെ കണ്ടതോടെ പ്രവർത്തകരുടെ രോഷം അണപൊട്ടി. കാറിൽ ഇടിച്ചും തല്ലിയും അസഭ്യവർഷവുമായി പ്രവർത്തകർ ഇരച്ചുകയറി. കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകർത്തു. പ്രശ്‌നം കൈവിടുമെന്ന് വന്നതോടെ പനങ്ങാട് സിഐ അനന്തലാൽ കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറിപ്പറ്റി കാർ മുന്നോട്ടെടുത്തു. നടനെ പൊലീസ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വിളിച്ചുപറഞ്ഞതോടെയാണ് പ്രവർത്തകർ അൽപമെങ്കിലും പിന്മാറിയത്.