കോട്ടയം: പാലായിൽ മാണി സി കാപ്പന്റെ അട്ടിമറിവിജയത്തിന് കാരണം ബിജെപിയുമായി ചേർന്നുള്ള വോട്ടുകച്ചവടമാണെന്ന് ജോസ് കെ മാണി. തന്റെ തോൽവിക്ക് പിന്നിലെ കാരണങ്ങളിലൊന്ന് മണ്ഡലത്തിൽ വോട്ടുകച്ചവടമാണെന്നും കണക്കുകൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

പാലായിൽ വ്യക്തിഹത്യയും കള്ളപ്രചരണങ്ങളുമാണ് എതിർപക്ഷം നടത്തിയത്. ഗൗരവമുള്ള രാഷ്ട്രീയമല്ല പാലായിൽ ചർച്ച ആയത്. പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് എടുത്ത രാഷ്ട്രീയ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. യുഡിഎഫ് സ്വാധീന മേഖലകളിൽ ആണ് കേരള കോൺഗ്രസ് എം ജയിച്ചത്. പാലായിലും സംസ്ഥാനത്തും ഇടതു മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. പാർട്ടിക്ക് എത്ര മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന് മുന്നണിയുമായി ചർച്ച ചെയ്യും. കേരള കോൺഗ്രസ് എമ്മിന് അർഹതയുള്ളത് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇടതുമുന്നണിയിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിച്ചില്ല.

അതേസമയം, രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് നീക്കമെന്നാണ് റിപ്പോർട്ട്. ഡോ. എൻ ജയരാജൻ, റോഷി അഗസ്റ്റിൻ എന്നിവർക്കുവേണ്ടി മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സ്ഥാനം വീതം വയ്ക്കുന്നത് സംബന്ധിച്ച് ഉണ്ടായേക്കാവുന്ന തർക്കം ഒഴിവാക്കാനാണ് ഫോർമുല.

ചരിത്ര വിജയം നേടി ഇടതുമുന്നണി ഭരണത്തുടർച്ച നേടിയപ്പോഴും വലിയ ഞെട്ടലുണ്ടാക്കിയ തോൽവികളിൽ ഒന്നായികുന്നു ഘടകക്ഷി നേതാവായ ജോസ് കെ മാണിയുടെ തോൽവി. അതും സ്വന്തം തട്ടകത്തിൽ.

മാണി സി കാപ്പന് മുന്നിൽ 15378 വോട്ടുകളുടെ വ്യത്യാസത്തിൽ ജോസ് കെ മാണി അടിയറവ് പറയുമ്പോൾ സ്വന്തം പഞ്ചായത്തിൽ പോലും എട്ട് വോട്ടിന് പിന്നിലായിരുന്നു എന്ന സത്യം ജോസ് കെ മാണിയെ വ്യക്തിപരമായും കേരളാ കോൺഗ്രസിനെ പൊതുവെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

ജോസ് കെ മണിയുടെ ജയം ഉറപ്പിക്കാൻ സിപിഎം സംഘടനാ സംവിധാനം നേരിട്ട് പാലായിൽ പ്രവർത്തിച്ചിരുന്നു. പാർട്ടി കേഡർ വോട്ടുകൾ ഉറപ്പിക്കാനായെങ്കിലും അനുഭാവ വോട്ടുകളിൽ വൻ കുറവാണ് ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടത് അനുഭാവമുള്ള പാലാക്കാരുടെ വോട്ടത്രയും പിടിച്ചത് മാണി സി കാപ്പനാണെന്നാണ് വലിയ ഭൂരിപക്ഷം തെളിയിക്കുന്നത്. മാത്രമല്ല കേരളാ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വലിയ തിരിച്ചടി ജോസ് കെ മാണി നേരിട്ടു.

മാണി സി കാപ്പൻ 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. രണ്ടാമത് വന്ന ജോസ് കെ മാണിക്ക് ആകെ കിട്ടിയത് 54426 വോട്ട്, 39.32 ശതമാനം മാത്രം. ബിജെപിക്ക് 10869 വോട്ട് മാത്രമാണ് നേടാനായത്. ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് കിട്ടിയത്.